ന്യൂഡല്‍ഹി: ഐസിഐസിഐ ബാങ്കിന് റിസര്‍വ്വ് ബാങ്ക് ഓഫ് ഇന്ത്യ 58.9 കോടി രൂപ പിഴ വിധിച്ചു. കടപ്പത്ര വില്‍പനയില്‍ ഐസിഐസിഐ ബാങ്ക് മാനദണ്ഡങ്ങള്‍ പാലിച്ചില്ലെന്ന് കാണിച്ചാണ് ആര്‍ബിഐ നടപടി സ്വീകരിച്ചത്. മാനദണ്ഡങ്ങള്‍ പാലിക്കാത്തതിന് ആര്‍ബിഐ ഒരു ബാങ്കിന് മേല്‍ ചുമത്തുന്ന ഏറ്റവും കനത്ത പിഴയാണ് ഐസിഐസിഐയുടെ മേല്‍ ചുമത്തിയിരിക്കുന്നത്.
‘ആര്‍ബിഐയുടെ മാനദണ്ഡങ്ങള്‍ പാലിക്കാത്തതിന്റെ പേരിലാണ് നടപടി എടുത്തിരിക്കുന്നത്. അല്ലാതെ ബാങ്കിന് ഉപഭോക്താക്കളുമായുളള കരാറോ, ഇടപാടോ ബന്ധപ്പെട്ടല്ല ഈ നടപടി’, ആര്‍ബിഐ പ്രസ്താവനയില്‍ വ്യക്തമാക്കി. ആര്‍ബിഐയുടെ സെക്ഷന്‍ 47 എ (1) (സി) ബാങ്കിങ് റെഗുലേഷന്‍ ആക്ട്, 1949 പ്രകാരം നിര്‍ദേശങ്ങളോ, മാനദണ്ഡങ്ങളോ പാലിക്കുന്നതില്‍ വീഴ്ച വരുത്തിയതിനാണ് നടപടി.
ഇതിനിടെ ഐസിഐസിഐ ബാങ്കും വീഡിയോ കോണും തമ്മിലുളള സാമ്പത്തിക ഇടപാടുകളെ കുറിച്ചുളള വിവരം ഇന്ത്യന്‍ എക്സ്പ്രസ് അന്വേഷണത്തിലൂടെ പുറത്തുകൊണ്ടുവന്നു. ഐസിഐസിഐ ബോര്‍ഡ് ബാങ്കിന്റെ എംഡിയും സിഇഒയുമായ ചന്ദ കൊച്ചാറിന്റെ ഭര്‍ത്താവ് ദീപക് കൊച്ചാറും അവരുടെ ഏതാനും ബന്ധുക്കളും വീഡിയോകോണ്‍ ഗ്രൂപ്പ് തലവന്‍ വേണുഗോപാല്‍ ധൂതുമായി ചേര്‍ന്ന് 2008-ല്‍ ഒരു കമ്പനി രൂപീകരിച്ചാണ് ഇടപാട് നടത്തിയത്. പുതുതായി രൂപീകരിച്ച കമ്പനിയുടെ ഉടമസ്ഥത ദീപക് കൊച്ചാര്‍ അധ്യക്ഷനായ ഒരു ട്രസ്റ്റിന് കേവലം ഒമ്പത് ലക്ഷം രൂപയ്ക്ക് കൈമാറുന്നതിന് മുമ്പ് ധൂത് 64 കോടി രൂപ തന്റെ ഉടമസ്ഥതയിലുള്ള കമ്പനി വഴി പുതുതായി രൂപീകരിച്ചിരിക്കുന്ന കമ്പനിക്ക് വായ്‌പയായി നല്‍കി.
ദീപക് കൊച്ചാറിന്റെ പേരിലേക്ക് കമ്പനി കൈമാറുന്നതിന് ആറു മാസം മുമ്പ് വീഡിയോകോണ്‍ ഗ്രൂപ്പിന് 3,250 കോടി രൂപ ഐസിഐസിഐ ബാങ്ക് വായ്‌പ നല്‍കി. ഈ വായ്‌പയുടെ 86 ശതമാനം ഏകദേശം 2,810 കോടി രൂപ അടയ്ക്കാന്‍ ബാക്കിയുള്ളപ്പോള്‍ 2017-ല്‍ വീഡിയോകോണിന്റെ വായ്‌പാ അക്കൗണ്ട് കിട്ടാക്കടമായി പ്രഖ്യാപിക്കുകയായിരുന്നു. ധൂത്-കൊച്ചാര്‍-ഐസിഐസിഐ ബാങ്കുകള്‍ തമ്മിലുള്ള സാമ്പത്തിക ഇടപാടുകള്‍ അന്വേഷണ ഏജന്‍സികള്‍ പരിശോധിച്ചു വരികയാണ്