ന്യൂഡൽഹി: ഐസിസി ചാമ്പ്യന്‍സ് ട്രോഫിയിൽ പാകിസ്ഥാനെതിരായ മത്സരത്തില്‍ നിന്ന് ഇന്ത്യ പിന്മാറണമെന്ന് വീരമൃത്യു വരിച്ച ജവാന്റെ കടുംബം. പാക് സൈന്യം തലയറുത്ത് കൊലപ്പെടുത്തി മൃതദേഹം വികലമാക്കിയ ബിഎസ്എഫ് ഹെഡ് കോസ്റ്റബിള്‍ പ്രേം സാഗറിന്റെ കുടുംബമാണ് ആവശ്യവുമായി രംഗത്തെത്തിയത്. ഇന്ത്യ-പാക് മത്സരം ഇന്ന് നടക്കാനിരിക്കെ ആവശ്യമുന്നയിച്ച് പ്രധാനമന്ത്രിക്ക് പ്രേം സാഗറിന്റെ കുടുംബം നിവേദനം നല്‍കി.
‘ചാമ്പ്യന്‍സ് ട്രോഫിയില്‍ ഇന്ത്യയും പാകിസ്താനും തമ്മിൽ കളിക്കുന്നതിനെ ഞങ്ങള്‍ എതിര്‍ക്കുന്നു. രാജ്യത്തിനായി ജീവന്‍ വെടിഞ്ഞ ഒരു പട്ടാളക്കാരന്റെ കുടുംബത്തിന്റെ വേദന ഗവൺമെന്റ് മനസ്സിലാക്കണം. പാകിസ്ഥാനുമായി കളിക്കാതിരിക്കുക മാത്രമല്ല, ആ രാജ്യവുമായി ഒരു ബന്ധവും ഇന്ത്യ പുലര്‍ത്തരുത്” പ്രേം സാഗറിന്റെ മകന്‍ ഈശ്വര്‍ ചന്ദ്ര പറയുന്നു. പ്രധാനമന്ത്രിക്ക് നിവേദനം നല്‍കിയിട്ടുണ്ടെന്നും പാകിസ്ഥാനെതിരെ ഇന്ത്യ കളിക്കില്ലെന്ന് ബിസിസിഐ ഉറപ്പു വരുത്തണമെന്നും ഈശ്വര്‍ ചന്ദ്ര ആവശ്യപ്പെട്ടു.
രണ്ട് മാസങ്ങൾക്ക് മുൻപാണ് ജമ്മു കാശ്മീരിലെ പൂഞ്ച് മേഖലയില്‍ പാക് സൈന്യം പ്രേം സാഗറനേയും മറ്റൊരു ബിഎസ്എഫ് ഹെഡ് കോസ്റ്റബിളായ സാഗറിനേയും കൊല്ലപ്പെടുത്തിയത്. പാകിസ്ഥാന്‍ ആക്ഷന്‍ ബോര്‍ഡ് ടീം ആണ് ഇവരെ പിടികൂടി വധിച്ചത്. കൊലപ്പെടുത്തിയതിന് ശേഷം ഇരുവരുടെയും മൃതദേഹത്തിനോട് പാക് സൈന്യം ക്രൂരമായാണ് പെരുമാറിയതെന്ന് ഇന്ത്യ ആരോപിച്ചിരുന്നു. ഇവരുടെ ശരീരത്തിൽ നിന്ന് തലവെട്ടി മാറ്റിയ നിലയിലായിരുന്നു മൃതദേഹം.