ന്യൂഡൽഹി: ഇന്ത്യൻ എയർലൈൻസിന്റെ ഐസി 814 വിമാനം റാഞ്ചിയ ഭീകരൻ സഹൂർ മിസ്ത്രി പാകിസ്ഥാനിൽ കൊല്ലപ്പെട്ടതായി റിപ്പോർട്ടുകൾ. വിവിധ പാകിസ്ഥാൻ മാധ്യമങ്ങളാണ് വാർത്ത റിപ്പോർട്ട് ചെയ്തത്.
മാർച്ച് ഒന്നിന് കറാച്ചിയിൽ വച്ചാണ് ഇയാൾ കൊല്ലപ്പെട്ടത്. ബൈക്കിലെത്തിയ രണ്ടു പേർ കൊലപ്പെടുത്തുകയായിരുന്നു എന്നാണ് വിവരം. കൊലപാതകം പാകിസ്ഥാനിലെ ജിയോ ടിവി സ്ഥിരീകരിച്ചു. ബിസിനസ്സുകാരൻ കൊല്ലപ്പെട്ടു എന്ന രീതിയിലാണ് വാർത്ത റിപ്പോർട്ട് ചെയ്തത്. സാഹിദ് അഖുന്ദ് എന്ന വ്യാജപേരിൽ കറാച്ചിയിൽ ഗൃഹോപരണ ബിസിനസ് നടത്തുകയായിരുന്നു മിസ്ത്രി.
ഭീകര സംഘടനായ ജെയ്‌ഷെ ,മുഹമ്മദ് തലവൻ അസർ മസൂദിന്റെ സഹോദരൻ റൗഫ് അസ്ഘർ മരണാനന്തര ചടങ്ങുകളിൽ പങ്കെടുത്തതായും പാകിസ്ഥാൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. കൊലപാതകം നടത്തിയവർ ആക്രമണത്തിന് മുൻപ് പ്രദേശത്ത് ചുറ്റിത്തിരിയുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു.
1999 ഡിസംബർ 24 നാണ് കഠ്മണ്ഡുവിലെ ട്രിബുവാൻ അന്തരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് ഡൽഹിയിലേക്ക് പറന്നുയർന്ന വിമാനം സഹൂർ മിസ്ത്രിയും സംഘവും റാഞ്ചുന്നത്. റൗഫ് അസ്ഘർ അസറിന്റെ മൂത്ത സഹോദരൻ ഇബ്രാഹിം അസർ എന്നിവർ ഉൾപ്പടെ അഞ്ച് പേരാണ് സംഘത്തിൽ ഉണ്ടായിരുന്നത്. വിമാനത്തിൽ വെച്ച് യാത്രക്കാരിൽ ഒരാളായ 25 കാരനായ രൂപിൻ കത്യാലിനെ കൊലപ്പെടുത്തിയത് മിസ്ത്രിയാണ്. കാഠ്മണ്ഡുവിൽ ഹണിമൂൺ കഴിഞ്ഞ് ഭാര്യയ്‌ക്കൊപ്പം ഡൽഹിയിലേക്ക് മടങ്ങുകയായിരുന്നു കത്യാൽ.
ജീവനക്കാരുൾപ്പെടെ 180 യാത്രക്കാരുമായി യാത്ര ആരംഭിച്ച വിമാനം ലഖ്‌നൗവിന് മുകളിലൂടെ പറക്കുന്നതിനിടെയാണ് ഹൈജാക്ക് ചെയ്യപ്പെട്ടത്. പിന്നീട് ഇന്ധനം നിറയ്ക്കുന്നതിനായി അമൃത്സറിലേക്ക് കൊണ്ടുപോകുകയും ചെയ്തു. ലഖ്‌നൗവിൽ നിന്ന് പറന്നുയർന്ന ശേഷം ലാഹോറിൽ ലാൻഡ് ചെയ്യാൻ ശ്രമിച്ചെങ്കിലും പാകിസ്ഥാൻ അനുമതി നിഷേധിച്ചു. തുടർന്ന് വിമാനം കാണ്ഡഹാറിലേക്ക് കൊണ്ടുപോവുകയും അഫ്ഗാനിസ്ഥാനിലെ അന്നത്തെ താലിബാൻ സർക്കാർ യാത്രക്കാരുടെ മോചനത്തിനായുള്ള ചർച്ചകളിൽ പങ്കെടുക്കുകയുമായിരുന്നു.
ജയ്‌ഷെ മുഹമ്മദ് തലവൻ മസൂദ് അസ്ഹറിനെയും ഒമർ സയീദ് ഷെയ്‌ക്കും മുഷ്താഖ് അഹമ്മദ് സർഗർ എന്നിവരെയും ഇന്ത്യൻ ജയിലിൽ നിന്ന് മോചിപ്പിച്ചതിന് പിന്നാലെ 1999 ഡിസംബർ 31നാണ് ചർച്ചകൾ അവസാനിച്ചത്. മൂവരും പിന്നീട് ഹർകത്ത്-ഉൽ-മുജാഹിദീൻ എന്ന ഭീകര സംഘടനയുമായി ബന്ധമുള്ളവരായി.
ഇവരെ താലിബാൻ അധികൃതർക്ക് കൈമാറിയ ശേഷം മൂവരും പാകിസ്ഥാനിലേക്ക് കടന്നു. 2016ലെ പത്താൻകോട്ട് വ്യോമതാവള ആക്രമണവും 40 സിആർപിഎഫ് സൈനികരുടെ ജീവനെടുത്ത 2019ലെ പുൽവാമ ആക്രമണവും ഉൾപ്പെടെ ജമ്മു കശ്മീരിലും ഇന്ത്യയുടെ മറ്റ് ഭാഗങ്ങളിലും നടന്ന ഒന്നിലധികം ഭീകരാക്രമണങ്ങളുടെ സൂത്രധാരൻ അസ്ഹറാണ്.
Also Read: ആശ്വാസ തീരമണയുന്നു; യുക്രൈനിൽ നിന്നുള്ള അവസാന ഇന്ത്യൻ സംഘം നാട്ടിലേക്ക്