ഇംഫാല്‍: കര്‍ണാടകത്തില്‍ നടന്ന സംഭവങ്ങളുടെ പാശ്ചാത്തലത്തില്‍ മണിപ്പൂര്‍ ഭരിക്കുന്ന ബിജെപി സര്‍ക്കാരിനെ പുറത്താക്കണം എന്ന ആവശ്യവുമായി ഗവര്‍ണറെ കാണുമെന്ന് മുന്‍ മുഖ്യമന്ത്രിയും കോണ്‍ഗ്രസ് ലെജിസ്ലേറ്റീവ് പാര്‍ട്ടി നേതാവുമായ ഒക്രാം ഇബോബി സിങ്. 2017ലെ അസംബ്ലി തിരഞ്ഞെടുപ്പില്‍ ഏറ്റവും വലിയ ഒറ്റകക്ഷിയായിരുന്നു കോണ്‍ഗ്രസ്.

ആകെ അറുപത് സീറ്റുള്ള സംസ്ഥാനത്ത് 28 സീറ്റുകളാണ് കോണ്‍ഗ്രസ് നേടിയത്. 21 സീറ്റുകളാണ് ബിജെപി നേടിയത്. നാല് നാഗാ പീപ്പിള്‍ ഫ്രണ്ട് എംഎല്‍എമാര്‍, നാല് നാഷണലിസ്റ്റ് പീപ്പിള്‍ പാര്‍ട്ടി എംഎല്‍എമാര്‍, തൃണമൂല്‍, എല്‍ജെപി എന്നീ കക്ഷികളില്‍ നിന്നും ഒന്ന് വീതം എംഎല്‍എമാരെയും ഒരു സ്വതന്ത്രനേയും കൂട്ടിയാണ് സര്‍ക്കാര്‍ രൂപീകരിച്ചത്.

“തിരഞ്ഞെടുപ്പ് ഫലം പുറത്ത് വന്നപ്പോള്‍ തന്നെ സര്‍ക്കാര്‍ രൂപീകരിക്കാനുള്ള അവകാശവാദവുമായി ഞാന്‍ ഗവര്‍ണര്‍ നജ്മ ഹെപ്തുള്ളയെ കണ്ടിരുന്നു. ഏറ്റവും വലിയ ഒറ്റ കക്ഷിയായ ഞങ്ങളെ ക്ഷണിക്കാതെ ബിജെപിയെയാണ് അവര്‍ സര്‍ക്കാര്‍ രൂപീകരിക്കാന്‍ വിളിച്ചത്. പക്ഷെ കര്‍ണാടകത്തില്‍ ഏറ്റവും വലിയ ഒറ്റകക്ഷിയായ ബിജെപിയെയാണ് സര്‍ക്കാര്‍ രൂപീകരിക്കാന്‍ വിളിക്കുന്നത്.” ഇബോബി സിങ് പറഞ്ഞു.

“കര്‍ണാടകത്തിലെ സംഭവവികാസങ്ങളുടെ അടിസ്ഥാനത്തില്‍ മണിപ്പൂരിലെ സര്‍ക്കാര്‍ പിരിച്ചുവിടണം എന്നാണ് ഞങ്ങളുടെ ആവശ്യം. ഒരൊറ്റ നിയമമുള്ള രാജ്യമാണ് ഇന്ത്യ. കര്‍ണാടകത്തിനും മണിപ്പൂരിനും വ്യത്യസ്ത നിയമങ്ങളല്ല. മണിപ്പൂര്‍ എന്താ ഈ രാജ്യത്തിലല്ലേ ?” ഇബോബി സിങ് ചോദിച്ചു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ