ഗാസിയാബാദ്: ബിഹാറില്‍നിന്നുള്ള ഐഎഎസ് ഉദ്യോഗസ്ഥനെ ഗാസിയാബാദിലെ റെയില്‍വേ ട്രാക്കിനു സമീപം മരിച്ചനിലയില്‍ കണ്ടെത്തി. മുകേഷ് പാണ്ഡെ എന്ന ഉദ്യോഗസ്ഥനാണ് മരിച്ചത്. മൃതദേഹത്തിനു സമീപത്തുനിന്ന് ആത്മഹത്യാ കുറിപ്പും കണ്ടെത്തിയിട്ടുണ്ട്. സമര്‍ഥനായ കാര്യനിര്‍വാഹകനും മൃദുലമനസ്സിന് ഉടമയെന്നും മുഖ്യമന്ത്രി നിതീഷ് കുമാര്‍ വിശേഷിപ്പിച്ച ഉദ്യോഗസ്ഥനാണ് മുകേഷ് പാണ്ഡെ.

‘പടിഞ്ഞാറൻ ഡൽഹിയിലെ ജാനകപുരിയിൽ താൻ ആത്മഹത്യ ചെയ്യുന്നു. കെട്ടിടത്തിന്റെ 10-ാം നിലയിൽനിന്നു താഴേക്കു ചാടും. എനിക്കു ജീവിതം മടുത്തു. മനുഷ്യനിലുള്ള വിശ്വാസം തകർന്നിരിക്കുന്നു. ഡൽഹിയിലെ ഫൈവ് സ്റ്റാർ ഹോട്ടലിലെ 742-ാം മുറിയിൽ സൂക്ഷിച്ചിരിക്കുന്ന ബാഗിൽ ആത്മഹത്യാക്കുറിപ്പു വച്ചിട്ടുണ്ട്. എല്ലാവരോടും മാപ്പു ചോദിക്കുന്നു. എല്ലാവരോടും എനിക്ക് സ്നേഹമാണുള്ളത്. എന്നോടു ക്ഷമിക്കണം’ – ആത്മഹത്യാകുറിപ്പ് ഇങ്ങനെയാണെന്നു പൊലീസ് ഉദ്യോഗസ്ഥൻ എച്ച്.എൻ.സിങ് പറഞ്ഞു.

പ്രാഥമിക തെളിവുകൾ ആത്മഹത്യയിലേക്കാണു വിരൽചൂണ്ടുന്നതെങ്കിലും എങ്ങനെ, എന്തിനാണു മുകേഷ് ആത്മഹത്യ ചെയ്തതെന്ന് അന്വേഷിക്കുന്നുണ്ടെന്നും പൊലീസ് വ്യക്തമാക്കി. മുകേഷിന്റെ കൈവശമുണ്ടായിരുന്ന തിരിച്ചറിയൽ രേഖകളിൽനിന്നാണു മരിച്ചത് അദ്ദേഹമാണെന്നു മനസിലാക്കിയത്. കെട്ടിടത്തിന്റെ മുകളിൽനിന്നു ചാടുകയാണെന്നു സുഹൃത്തിനു വാട്സാപ്പ് സന്ദേശമയച്ച ശേഷമായിരുന്നു മുകേഷ് കൃത്യം നടപ്പാക്കിയത്. 2012 ബാച്ചിലെ ഐഎഎസ് ഉദ്യോഗസ്ഥനാണു മുകേഷ് പാണ്ഡെ. സിവിൽ സർവീസ് പരീക്ഷയിൽ 14-ാം റാങ്ക് നേടിയ അദ്ദേഹം ബുക്സറിലാണു ജോലി ചെയ്തിരുന്നത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook