ന്യൂഡല്‍ഹി: മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാളിന്റെ ധര്‍ണ ഒരാഴ്‌ച പിന്നിടുമ്പോള്‍ ഐഎഎസ് ഉദ്യോഗസ്ഥരുമായുള്ള ചര്‍ച്ചയ്‌ക്ക് വഴിയൊരുങ്ങുന്നു. ചര്‍ച്ചക്കുള്ള സ്വീകരണം സ്വാഗതം ചെയ്യുന്നതായി ഐഎഎസ് ഉദ്യോഗസ്ഥര്‍ പത്രക്കുറിപ്പിലൂടെ അറിയിക്കുകയായിരുന്നു.

‘ബഹുമാന്യനായ മുഖ്യമന്ത്രിയുടെ ചര്‍ച്ചയ്‌ക്കുള്ള ക്ഷണം ഞങ്ങള്‍ സ്വാഗതം ചെയ്യുന്നു. പൂർണമായ അര്‍പ്പണബോധത്തോടുകൂടെ ഞങ്ങള്‍ ഇനിയും പ്രവര്‍ത്തിക്കും. ഞങ്ങളുടെ സുരക്ഷയും മാന്യതയും സംരക്ഷിക്കുന്ന നീക്കങ്ങള്‍ ഗവണ്‍മെന്റിന്റെ ഭാഗത്ത് നിന്നും ഉണ്ടാകുമെന്നാണ് പ്രതീക്ഷ,’ ഐഎഎസ് ഓഫീസര്‍മാര്‍ പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പില്‍ പറയുന്നു.

ഡല്‍ഹിയില്‍ ആംആദ്മി സര്‍ക്കാര്‍ നടത്തുന്ന സമരത്തിനെതിരെ ആഞ്ഞടിച്ച് ഹൈക്കോടതി നേരത്തെ രംഗത്തെത്തിയിരുന്നു. ലഫ്റ്റനന്റ് ഗവര്‍ണറുടെ ഓഫീസില്‍ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാളും മന്ത്രിമാരും നടത്തുന്ന ധര്‍ണയെ സമരമെന്ന് വിളിക്കാനാവില്ലെന്നായിരുന്നു ഹൈക്കോടതി പറഞ്ഞത്.

‘ഇതിനെ സമരമെന്ന് വിളിക്കാനാവില്ല. നിങ്ങള്‍ക്ക് ഒരാളുടെ ഓഫീസ് മുറിക്കകത്തോ വീട്ടിനകത്തോ കയറിച്ചെന്ന് സമരം ചെയ്യാനാവില്ല,’ ഹൈക്കോടതി പറഞ്ഞു. ധര്‍ണ നടത്താന്‍ ആരാണ് നിങ്ങള്‍ക്ക് അധികാരം നല്‍കിയത് എന്നും ഹൈക്കോടതി ചോദിച്ചു.

ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാള്‍, ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ, മന്ത്രിമാരായ സത്യേന്ദര്‍ ജെയിന്‍, ഗോപാല്‍ റായ് എന്നിവരുള്‍പ്പെട്ട സംഘമാണു രാജ് നിവാസില്‍ ധര്‍ണ നടത്തുന്നത്. നാലു മാസമായി സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥര്‍ തുടരുന്ന നിസ്സഹകരണ സമരം അവസാനിപ്പിക്കാന്‍ നടപടിയെടുക്കുക, സമരം നടത്തുന്ന ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി സ്വീകരിക്കുക, വീട്ടുപടിക്കല്‍ റേഷന്‍ എത്തിക്കാനുള്ള പദ്ധതിക്ക് അനുമതി നല്‍കുക എന്നീ ആവശ്യങ്ങളാണ് കേജ്‌രിവാളും സംഘവും ഉന്നയിച്ചത്.

എന്നാല്‍ ആവശ്യങ്ങള്‍ അംഗീകരിക്കാന്‍ ഗവര്‍ണര്‍ തയ്യാറായില്ല. തുടര്‍ന്നാണ് സംഘം ലഫ്. ഗവര്‍ണറുടെ ഓഫിസായ രാജ് നിവാസില്‍ കഴിഞ്ഞ തിങ്കളാഴ്‌ച വൈകിട്ട് ആറുമണിയോടെ ധര്‍ണ ആരംഭിച്ചത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ