ന്യൂഡൽഹി: രാജിവച്ച മലയാളി ഐഎഎസ് ഉദ്യോഗസ്ഥൻ കണ്ണൻ ഗോപിനാഥൻ ജോലിയിൽ തിരികെ പ്രവേശിക്കില്ലെന്ന് വ്യക്തമാക്കി. കണ്ണൻ ഗോപിനാഥിനോട് തിരികെ ജോലിയിൽ പ്രവേശിക്കാൻ കേന്ദ്ര സർക്കാർ ആവശ്യപ്പെട്ടിരുന്നു. ഇത് സംബന്ധിച്ച നോട്ടീസ് മലയാളി ഉദ്യോഗസ്ഥന്റെ വീടിന് മുന്നിൽ പതിക്കുകയും ചെയ്തിരുന്നു. എന്നാൽ ഇനിയും താൻ ജോലിയിൽ പ്രവേശിക്കുന്നത് ശരിയാകില്ലെന്ന് കണ്ണൻ വ്യക്തമാക്കി.

Also Read: ജോലിയല്ല, അഭിപ്രായ സ്വാതന്ത്ര്യമാണ് മുഖ്യം; രാജി വച്ച മലയാളി ഐഎഎസ് ഉദ്യോഗസ്ഥൻ കണ്ണൻ ഗോപിനാഥൻ

“കഴിഞ്ഞ ദിവസം സിൽവസയിലെ വീട്ടിൽ എത്തിയപ്പോഴാണ് നോട്ടീസിനെ കുറിച്ച് അറിഞ്ഞത്. രാജി സ്വീകരിക്കാത്തതിനാൽ ജോലിയിൽ തിരികെ പ്രവേശിക്കണമെന്നാണ് നോട്ടീസിൽ ആവശ്യപ്പെട്ടിരിക്കുന്നത്. എന്നാൽ എന്റെ അഭിപ്രായം ഞാൻ ജനങ്ങളോട് പറഞ്ഞതാണ്. അതിൽ ഉറച്ച് നിൽക്കുകയും ചെയ്യുന്നു. അതുകൊണ്ട് തന്നെ ഇനിയും ജോലിയിൽ തിരികെ പ്രവേശിക്കുന്നത് ശരിയാകുമെന്ന് കരുതുന്നില്ല.” കണ്ണൻ ഗോപിനാഥൻ ഇന്ത്യൻ എക്സ്പ്രസിനോട് പറഞ്ഞു.

ഒരു ആവേശത്തിന് പുറത്തെടുത്ത തീരുമാനമല്ല. വൈകാരികമായി എടുത്ത ഒരു തീരുമാനമാണ് കാരണം എന്നെ അത്രത്തോളം അത് സ്പർശിച്ചു. എനിക്ക് സംസരിക്കണമായിരുന്നു. എന്നാൽ ഞാൻ ആയിരിക്കുന്ന ഐഎഎസ് സർവീസും അതിന്റെ ചട്ടകൂടുകളും അതിന് എന്നെ അനുവദിച്ചിരുന്നില്ല. സ്വതന്ത്രമായി സംസാരിക്കേണ്ടത് പ്രധാനപ്പെട്ടതാണെന്ന് എനിക്ക് തോന്നി. അതുകൊണ്ട് സ്വതന്ത്ര്യം തിരികെ കിട്ടുകയെന്നതായിരുന്ന പ്രാഥമികമായ കാര്യം. അതിന് ജോലി രാജിവക്കുന്നതാണ് ഉചിതമെന്ന് എനിക്ക് തോന്നി. അങ്ങനെ ലഭിച്ച സ്വാതന്ത്ര്യം ഉപയോഗിച്ചുകൊണ്ട് 370-ാം വകുപ്പ് റദ്ദ് ചെയ്യുന്നതിന്റെ ഭാഗമായി കശ്മീരിൽ സർക്കാർ അഭിപ്രായ സ്വാതന്ത്ര്യത്തിൽ ഏർപ്പെടുത്തിയ നിയന്ത്രണങ്ങളെ ഉയർത്തി കാട്ടണമായിരുന്നു.

370-ാം വകുപ്പ് റദ്ദ് ചെയ്ത തീരുമാനവുമായി ഇതിന് ബന്ധമില്ലെന്ന് ഞാൻ വ്യക്തമാക്കുന്നു. ഭരണഘടനപരമായും ജനാധിപത്യപരമായും ഭരണപരമായ കാര്യങ്ങൾ തീരുമാനിക്കാൻ സർക്കാരിന് അധികാരമുണ്ട്, അതിലെ നിയമസാധുത ജൂഡീഷ്യറിക്കും പരിശോധിക്കാം. ഒരു കുട്ടിക്ക് കഷായം കൊടുത്താൽ അല്ലെങ്കിൽ ഒരു കുത്തിവയ്പ്പെടുത്താൽ കരയാനുള്ള അവകാശം ആ കുട്ടിക്ക് ഉണ്ട്. നമ്മൾ കേൾക്കാൻ തയ്യാറാകണം. അത് എന്ത് തരം വികാരമാണെങ്കിലും കൈകാര്യം ചെയ്യാൻ മറ്റൊരുപാട് വഴികളുണ്ട്. എന്നാൽ അവരെ ആ വികാരം പ്രകടിപ്പിക്കാൻ അനുവദിക്കുക എന്നതാണ് പ്രധാനം.

രാജ്യത്ത് ഒരുപാട് പ്രശ്നങ്ങളുണ്ട്. എന്നാൽ എല്ലാ വിഷയങ്ങളും നമ്മളെ ഒരുപോലെ സ്‌പർശിക്കണമെന്നില്ല. അഭിപ്രായ സ്വതന്ത്ര്യം ഏറ്റവും പ്രധാനപ്പെട്ട ഒന്നായിട്ടാണ് ഞാൻ കണക്കാക്കുന്നത്. അത് ജമ്മു കശ്മീരിന്റെ കാര്യത്തിൽ മാത്രമല്ല. ഈ കാലഘട്ടത്തിലും ഇന്ത്യപോലെ ശക്തമായ ഒരു ജനാധിപത്യം നിലനിൽക്കുന്ന ഒരു രാജ്യത്ത്, രാജ്യതാൽപര്യത്തിന് വേണ്ടി നമ്മൾ എന്തെങ്കിലും ചെയ്യുമ്പോൾ അത് സ്വീകരിക്കപ്പെടുന്നില്ല എന്നത് അംഗീകരിക്കാൻ സാധിക്കുന്നില്ല.

ഭാവിയെ കുറിച്ച് ഇനിയും തീരുമാനിച്ചിട്ടില്ലെന്നും കണ്ണൻ ഗോപിനാഥൻ പറഞ്ഞു. ജമ്മു കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയതിന് പിന്നാലെ ഏർപ്പെടുത്തിയ നിയന്ത്രണങ്ങളിൽ പ്രതിഷേധിച്ചാണ് കണ്ണൻ ദിവസം രാജിവച്ചത്. കോട്ടയം ജില്ലയിലെ പുതുപ്പള്ളി സ്വദശിയും 2012 ബാച്ചിലെ ഉദ്യോഗസ്ഥനുമായ കണ്ണൻ ദാദ്ര നഗര്‍ ഹവേലിയിലെ കലക്ടറാണ്.

Also Read: ചാക്ക് ചുമന്നത് മലയാളിയായ മറുനാടൻ കലക്‌‌ടർ; ആളെ തിരിച്ചറിഞ്ഞപ്പോൾ അന്തം വിട്ട് കൊച്ചിക്കാർ

‘എനിക്കെന്റെ അഭിപ്രായ സ്വാതന്ത്ര്യം തിരികെ വേണം. അര ദിവസമെങ്കിൽ അത്രയെങ്കിലും ഞാനായി ജീവിക്കണം. 2019ൽ ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാജ്യത്തെ ഒരു സംസ്ഥാനത്ത് മുഴുവൻ നിരോധനാജ്ഞ പ്രഖ്യാപിച്ചപ്പോൾ, ഒരു ജനതയുടെ മുഴുവൻ മൗലികാവകാശങ്ങള്‍ പോലും ലംഘിക്കപ്പെട്ടപ്പോൾ നിങ്ങൾ എന്തു ചെയ്യുകയായിരുന്നു എന്ന് നാളെ എന്നോട് ചോദിച്ചാൽ, ഞാനെന്റെ ജോലി രാജിവച്ചു എന്നെങ്കിലും മറുപടി നൽകാൻ എനിക്ക് സാധിക്കണം,’ ഇതായിരുന്നു രാജിക്ക് ശേഷമുള്ള കണ്ണൻ ഗോപിനാഥന്റെ പ്രതികരണം.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook