ലക്‌നൗ: കർണാടക ഐഎഎസ് ഓഫിസറെ ദുരൂഹസാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. ഹസ്‌റത്ഗൻജിനെ ഗവ.ഗസ്റ്റ്ഹൗസിനു സമീപത്തെ റോഡരികിലാണ് 36 വയസ്സുകാരനായ അനുരാഗ് തിവാരിയുടെ മൃതദേഹം ലക്‌നൗ പൊലീസ് കണ്ടെത്തിയത്. ഉത്തർപ്രദേശിലെ ബഹ്റാച്ച് ജില്ല സ്വദേശിയായ അനുരാഗ് 2007 ബാച്ച് കണാടക കേഡറിലെ ഐഎഎസ് ഓഫിസറാണ്.

അനുരാഗിന്റെ താടിക്ക് പരുക്കേറ്റിട്ടുണ്ടെന്നും മറ്റു പരുക്കുകളൊന്നും ശരീരത്തിൽ കണ്ടെത്താനായില്ലെന്നും ഹസ്റത്ഗൻജ് പൊലീസ് സ്റ്റേഷനിലെ സ്റ്റേഷൻ ഹൗസ് ഓഫിസർ ആനന്ദ് കുമാർ വ്യക്തമാക്കി. മൃതദേഹം പോസ്റ്റ്മാർട്ടത്തിനു അയച്ചതായും അതിന്റെ റിപ്പോർട്ടിനായി കാത്തിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. ഗവ.ഗസ്റ്റ് ഹൗസിനു സമീപത്തെ റോഡരികിൽ ഒരാൾ കിടക്കുന്നതായി പൊലീസ് കൺട്രോൾ റൂമിലേക്ക് കോൾ വന്നു. പൊലീസ് സ്ഥലത്തെത്തി ഉടൻതന്നെ അയാളെ ആശുപത്രിയിലെത്തിച്ചു. പക്ഷേ അപ്പോഴേക്കും മരിച്ചിരുന്നു. മൃതദേഹത്തിൽ നടത്തിയ പരിശോധനയിൽ അനുരാഗിന്റെ ഐഡന്റിറ്റി കാർഡ് കണ്ടെത്തി. തുടർന്ന് ഉന്നത ഉദ്യോഗസ്ഥരെ വിവരം അറിയിക്കുകയായിരുന്നെന്നും സ്റ്റേഷൻ ഹൗസ് ഓഫിസർ പറഞ്ഞു.

2007 ബാച്ച് ഐഎഎസ് ഓഫിസറായ അനുരാഗ് തിവാരിയും അദ്ദേഹത്തിന്റെ ബാച്ച്മേറ്റ് പ്രഭു നരേൻ സിങ്ങും ഗവ.ഗസ്റ്റ്ഹൗസിലെ ഒരു മുറിയിൽ ഒന്നിച്ചായിരുന്നു. ഇന്നു രാവിലെ ബാഡ്മിന്റൻ കളിക്കാനായി താൻ പോകുന്ന സമയത്ത് അനുരാഗ് മുറിയിൽ ഉണ്ടായിരുന്നില്ലെന്നും മുറി പൂട്ടി താക്കോൽ റിസപ്ഷനിൽ ഏൽപ്പിച്ച് താൻ പോയെന്നുമാണ് പ്രഭു പൊലീസിനു നൽകിയിരിക്കുന്ന മൊഴിയെന്നും സ്റ്റേഷൻ ഹൗസ് ഓഫിസർ പറഞ്ഞു. കഴിഞ്ഞ മൂന്നു ദിവസമായി അനുരാഗ് തിവാരി ഗസ്റ്റ്ഹൗസിൽ താമസിക്കുകയാണെന്നും മരണകാരണം പോസ്റ്റ്മാർട്ടം റിപ്പോർട്ട് കിട്ടിയതിനുശേഷം മാത്രമേ പറയാനാകൂവെന്നും സർക്കിൾ ഓഫിസർ അവാനിഷ് കുമാർ മിശ്ര പറഞ്ഞു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ