ബെംഗളൂരു: രാഷ്ട്രീയം ഉപേക്ഷിക്കുന്നതിനെപ്പറ്റി ചിന്തിക്കുന്നുവെന്ന് കര്‍ണാടക മുന്‍ മുഖ്യമന്ത്രിയും ജെഡിഎസ് നേതാവുമായ എച്ച്.ഡി കുമാരസ്വാമി. കര്‍ണാടകത്തില്‍ വിശ്വാസ വോട്ടെടുപ്പില്‍ പരാജയപ്പെട്ട് കോണ്‍ഗ്രസ്-ജെഡിഎസ് സര്‍ക്കാര്‍ താഴെവീണതിന് ദിവസങ്ങള്‍ക്കുശേഷമാണ് കുമാരസ്വാമിയുടെ ഈ പ്രസ്താവന.

”ഇതില്‍ നിന്നെല്ലാം മാറി നില്‍ക്കാന്‍ ആഗ്രഹിച്ചയാളാണ് ഞാന്‍. യാദൃശ്ചികമായാണ് ഞാന്‍ മുഖ്യമന്ത്രിയായത്, യാദൃശ്ചികമായാണ് രാഷ്ട്രീയ പ്രവര്‍ത്തകനായതും. മുഖ്യമന്ത്രിയാകാന്‍ ദൈവം എനിക്ക് രണ്ട് തവണ അവസരം നല്‍കി. ആരേയും പ്രീണിപ്പിക്കാനായി ഒന്നും ചെയ്തില്ലെന്നത് എന്നെ തൃപ്തിപ്പെടുത്തുന്നുണ്ട്. ഒരു ചുവട് പിന്നോട്ട് വെച്ചിരിക്കുകയാണ് ഞാന്‍” കുമാരസ്വാമി പറഞ്ഞു.

”ഇന്നും എന്റെ അച്ഛന്‍ പോരാട്ടം അവസാനിപ്പിച്ചിട്ടില്ല. അദ്ദേഹത്തിന് അതിനുള്ള കരുത്തുണ്ടാകും. പക്ഷെ കാര്യങ്ങളുടെ ഗതി പരിഗണിച്ചാല്‍ ഇനി അധികനാള്‍ ഇതില്‍ ഞാനുണ്ടാകുമെന്ന് തോന്നുന്നില്ല” അദ്ദേഹം പറഞ്ഞു.

”ഇന്നത്തെ രാഷ്ട്രീയം ജനങ്ങളുടെ നന്മയ്ക്കായല്ല. ഇത് ജാതിയുടേയും പ്രതികാരത്തിന്റേയും രാഷ്ട്രീയമാണ്. എനിക്കിതെല്ലാം ശരിയാക്കാന്‍ പറ്റുമായിരുന്നുവോ? ഇനി എല്ലാം ദൈവം നോക്കട്ടെ. ഇതിനെ കുറിച്ച് എന്റെ കുടുംബത്തിലെ ആരോടും ഒന്നും ചോദിക്കരുത്. എനിക്ക് മടുത്തു. സമാധാനം വേണം. എനിക്ക് കിട്ടിയ അവസരത്തില്‍ പരമാവധി ഞാന്‍ ചെയ്തു. ഇനി അധികാരം വേണ്ട. ജനങ്ങള്‍ക്കിടയിലാണ് ഇടം വേണ്ടത്. അതില്‍ ഞാന്‍ തൃപ്തനാണ്” അദ്ദേഹം വ്യക്തമാക്കി.

തന്റെ മകന്‍ നിഖില്‍ കുമാരസ്വാമി ഉപതെരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്ന വാര്‍ത്തകള്‍ അടിസ്ഥാനരഹിതമാണെന്നും അദ്ദേഹം പ്രതികരിച്ചു. 14 മാസം അധികാരത്തിലിരുന്നെങ്കിലും കോണ്‍ഗ്രസ്-ജെഡിഎസ് എം.എല്‍.എമാരില്‍ ചിലര്‍ കൂറുമാറിയതോടെയാണ് ഭരണം പോയത്. വിശ്വാസം നേടിയ ബി.ജെ.പി യെഡിയൂരപ്പയുടെ കീഴിലുള്ള സര്‍ക്കാര്‍ രൂപീകരിക്കുകയായിരുന്നു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook