ന്യൂഡല്‍ഹി: മധ്യപ്രദേശിലെ മൊറേനയില്‍ വ്യോമസേനയുടെ രണ്ടു വിമാനങ്ങള്‍ തകര്‍ന്നു വീണു. സുഖോയ് 30, മിറാഷ് 2000 എന്നീ ഫൈറ്റര്‍ ജെറ്റുകളാണ് തകര്‍ന്നത്. സംഭവത്തിൽ ഒരു പൈലറ്റ് മരിച്ചു.
വിമാനങ്ങൾ ആകാശത്തുവച്ച് കൂട്ടിയിടിക്കുകയായിരുന്നുവെന്നാണു പ്രാഥമിക റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. എന്നാൽ ഇതുസംബന്ധിച്ച് ഔദ്യോഗിക സ്ഥിരീകരണമുണ്ടായിട്ടില്ല.
ഇന്നു രാവിലെ ഗ്വാളിയോറിനു സമീപം വ്യോമസേനയുടെ രണ്ട് യുദ്ധവിമാനങ്ങൾ അപകടത്തിൽപ്പെട്ടു. വിമാനങ്ങൾ പതിവ് പരിശീലന ദൗത്യത്തിലായിരുന്നു,” വ്യോമസേന അറിയിച്ചു. മൂന്ന് പൈലറ്റുമാരിൽ ഒരാൾക്ക് മാരകമായ പരിക്കേറ്റെന്നും അപകടത്തിന്റെ കാരണം കണ്ടെത്താൻ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ടെന്നും വ്യോമസേന വ്യക്തമാക്കി.
ഇന്നു പുലര്‍ച്ചെ അഞ്ചരയോടെയാണ് അപകടം സംഭവിച്ചത്. ഗ്വാളിയോര്‍ എയര്‍ ബേസില്‍ നിന്നാണ് വിമാനങ്ങള്‍ പറന്നുയര്‍ന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. പരിശീലനത്തിനിടെയാണ് അപകടം നടന്നതെന്നും പ്രാഥമിക നിഗമനമുണ്ട്.
അപകടത്തെക്കുറിച്ച് ഐഎഎഫ് ചീഫ് എയർ ചീഫ് മാർഷൽ വി ആർ ചൗധരി പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ്ങിനെ അറിയിച്ചതായി പ്രതിരോധ വൃത്തങ്ങൾ അറിയിച്ചു. സംഭവവികാസങ്ങൾ പ്രതിരോധ മന്ത്രി സൂക്ഷ്മമായി നിരീക്ഷിച്ചു വരികയാണെന്നും അവർ പറഞ്ഞു.
2021 ഡിസംബറിൽ, രണ്ട് വർഷത്തിനുള്ളിൽ ഏഴ് ഐഎഎഫ് വിമാനങ്ങൾ തകർന്നതായി സർക്കാർ പാർലമെന്റിനെ അറിയിച്ചിരുന്നു.
അതിനിടെ, രാജസ്ഥാനിലെ ഭരത്പുരിൽ മറ്റൊരു വിമാനം തകർന്നുവീണു. ഉച്ചെയ്നിലെ ചക് നഗ്ല ബീജയിൽ രാവിലെ പത്തരയോടെയായിരുന്നു സംഭവം.