ജയ്‌പൂർ: രാജസ്ഥാനിലെ സൂററ്റ്ഗഡിനു സമീപം വ്യോമസേനയുടെ മിഗ്-21 വിമാനം തകർന്നു വീണു. പതിവ് പരിശീലന പറക്കലിനിടെ ഇന്നു രാവിലെയാണ് അപകടമുണ്ടായത്. അപകടത്തിൽ മൂന്നു പ്രദേശവാസികൾ കൊല്ലപ്പെടുകയും നിരവധി പേർക്ക് പരുക്കേൽക്കുകയും ചെയ്തതായി പൊലീസിനെ ഉദ്ധരിച്ച് വാർത്താ ഏജൻസിയായ പിടിഐ റിപ്പർട്ട് ചെയ്തു.
പൈലറ്റിനെ ചെറിയ പരുക്കുകളോടെ സുരക്ഷിതമായി രക്ഷപ്പെടുത്തി. അപകട കാരണം കണ്ടെത്താൻ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
മിഗ്-21 വിമാനങ്ങൾ അപകടത്തിൽപ്പെടുന്നത് കൂടിവരികയാണ്. മുൻകാലങ്ങളിൽ പ്രതിരോധ മന്ത്രാലയം ഔദ്യോഗികമായി പുറത്തുവിട്ട കണക്കുകൾ പ്രകാരം 170-ലധികം പൈലറ്റുമാർക്കാണ് അപകടങ്ങളിൽ ജീവൻ നഷ്ടമായത്.
അപകടങ്ങളെക്കുറിച്ച് നിരവധി അന്വേഷണങ്ങൾ നടക്കുന്നതിനിട, ഈ വിമാനങ്ങളുടെ സുരക്ഷ സംബന്ധിച്ച് പലതവണ ആരോപണങ്ങൾ ഉയർന്നിരുന്നു. 2010 മുതൽ 20 ലധികം വിമാനങ്ങളും 2003 മുതൽ 2013 വരെയുള്ള പത്ത് വർഷത്തിനിടെ 38 വിമാനങ്ങളും തകർന്നു. 2025 ഓടെ മിഗ്-21 വിമാനങ്ങൾ പൂർണമായും നീക്കാനാണ് വ്യോമസേന ലക്ഷ്യമിടുന്നത്.