ന്യൂഡല്‍ഹി: പാക്കിസ്ഥാന്റെ പിടിയിലായി തിരികെ എത്തിയ വ്യോമസേനാ വിങ് കമാന്‍ഡര്‍ അഭിനന്ദന് വര്ധമാന് കൂടുതല്‍ വെളിപ്പെടുത്തലുകള്‍ നടത്തി. തനിക്ക് പാക്കിസ്ഥാനില്‍ വെച്ച് മാനസിക പീഡനം ഏല്‍ക്കേണ്ടി വന്നതായി അഭിനന്ദന് വെളിപ്പെടുത്തിയതായി എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്യുന്നു. ശാരീരികമായി പീഡനം ഏല്‍ക്കേണ്ടി വന്നിട്ടില്ലെങ്കിലും മാനസികമായി തന്നെ പാക് സേനാ ഉദ്യോഗസ്ഥര്‍ പീഡിപ്പിച്ചതായി അഭിനന്ദന് വ്യക്തമാക്കിയതായി സേനാ വൃത്തങ്ങളെ ഉദ്ദരിച്ച് എഎന്ആ റിപ്പോര്‍ട്ട് ചെയ്യുന്നു.
50 മണിക്കൂറില്‍ അധികമാണ് അഭിനന്ദന് പാക് കസ്റ്റഡിയില്‍ കഴിഞ്ഞത്. ഇതിനിടയില്‍ അദ്ദേഹത്തെ പാക് സൈന്യം ചോദ്യം ചെയ്തിരുന്നു. പാക്കിസ്ഥാന് പിടികൂടിയതിന് പിന്നാലെ അദ്ദേഹത്തെ പാക് സ്വദേശികള്‍ ആക്രമിക്കുന്നതിന്റെ വീഡിയോ പുറത്ത് വന്നിരുന്നു. മറ്റ് വീഡിയോകളും പാക്കിസ്ഥാൻ മാധ്യമങ്ങൾക്കു നൽകി.
1.24 മിനിറ്റ് ദൈർഘ്യമുള്ള എഡിറ്റ് ചെയ്ത വീഡിയോ ദൃശ്യങ്ങളാണ് പാക് അധികൃതർ മാധ്യമങ്ങളിലൂടെ പുറത്തുവിട്ടത്. വാഗ അതിർത്തിയിൽ എത്തിച്ച അഭിനന്ദനെ ഇന്ത്യക്കു കൈമാറുന്നതിനു തൊട്ടുമുൻപാണ് വീഡിയോ പാക്കിസ്ഥാൻ മാധ്യമങ്ങൾ പുറത്തുവിട്ടത്. താൻ പാക്കിസ്ഥാന്റെ വ്യോമാതിർത്തി ലംഘിച്ചെന്നും തന്റെ വിമാനം പാക് വ്യോമസേന വെടിവെച്ചിട്ടെന്നും അഭിനന്ദൻ പറയുന്നതായി വീഡിയോ ദൃശ്യങ്ങളിൽ കാണാൻ കഴിയും. പാരച്ചൂട്ടിൽ നിലത്തിറങ്ങിയ തന്നെ പാക് സൈന്യമാണ് രക്ഷിച്ചതെന്നും അഭിനന്ദൻ പറയുന്നു. 17 തവണ ഈ വീഡിയോ എഡിറ്റ് ചെയ്തിട്ടുണ്ടെന്നു വിദഗ്ധർ പറയുന്നു.
പാക്കിസ്ഥാൻ സൈന്യത്തെ പ്രശംസിച്ച് സംസാരിച്ച അഭിനന്ദൻ ഇന്ത്യൻ മാധ്യമങ്ങളെ വീഡിയോയിൽ വിമർശിക്കുന്നുമുണ്ട്. പാക്കിസ്ഥാൻ സേന പ്രഫഷനൽ മികവോടെയാണു പ്രവർത്തിക്കുന്നതെന്നും ഇന്ത്യൻ മാധ്യമങ്ങൾ ചെറിയ കാര്യങ്ങൾ പോലും പൊലിപ്പിച്ചുകാട്ടുന്നുവെന്നും അഭിനന്ദൻ വീഡിയോയിൽ പറയുന്നു. എന്നാല്‍ പാക് ഉദ്യോഗ്സഥര്‍ ചോദ്യം ചെയ്തപ്പോള്‍ രഹസ്യവിവരങ്ങള്‍ പുറത്ത് പറയാന്‍ അഭിനന്ദന് കൂട്ടാക്കുന്നില്ല.