ന്യൂഡൽഹി: ഭീകര സംഘടനയായ ജെയ്ഷെ മുഹമ്മദിന്റെ പാക് അധീന കാശ്മീരിലെ താവളങ്ങൾ ആക്രമിച്ചതിന് പിന്നാലെ ഇന്ത്യ സുരക്ഷിതമായ കരങ്ങളിലാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ലോകരാഷ്ട്രങ്ങൾക്ക് മുന്നിൽ തലകുനിക്കാൻ ഇന്ത്യയെ അനുവദിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.

രാജസ്ഥാനിൽ ലോക്സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായുളള ബിജെപി റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. പുൽവാമയിൽ 40 സിആർപിഎഫ് ജവാന്മാരുടെ മരണത്തിന് ഇടയാക്കിയ ഭീകരാക്രമണത്തിനുളള തിരിച്ചടിയായാണ് ഇന്ത്യൻ വ്യോമസേന പാക് അധീന കശ്മീരിലെ തീവ്രവാദികളുടെ കേന്ദ്രങ്ങൾ ബോംബിട്ട് തകർത്തത്.

ഇന്ത്യ തിരിച്ചടി നൽകിയ ശേഷമുളള ആദ്യ വ്യോമാക്രമണമാണ് പ്രധാനമന്ത്രിയുടേത്. ഇന്ത്യ സുരക്ഷിത കരങ്ങളിലാണെന്ന് ഉറപ്പ് നൽകുന്നുവെന്നായിരുന്നു പ്രധാനമന്ത്രിയുടെ പ്രസ്താവന. ഇന്ത്യയെ ശിഥിലമാക്കാൻ ആരെയും അനുവദിക്കില്ലെന്നും മോദി വ്യക്തമാക്കി.

പുൽവാമ ഭീകരാക്രമണത്തിന് ഇന്ത്യ തിരിച്ചടി നൽകിയെന്ന കാര്യം സ്ഥിരീകരിക്കുന്നതായി പ്രധാനമന്ത്രിയുടെ പ്രസ്താവന. “ഞങ്ങൾക്ക് ഇന്ത്യയാണ് ആദ്യം വരുന്നത്. അതനുസരിച്ചാണ് നിങ്ങളുടെ പ്രധാനസേവകൻ പ്രവർത്തിക്കുന്നത്. ജയ് ജവാൻ, ജയ് കിസാൻ, ജയ് വിജ്ഞാൻ എന്ന വികാരത്തിലാണ് ഞങ്ങൾ മുന്നോട്ടുപോകുന്നത്” മോദി പ്രസംഗത്തിൽ പറഞ്ഞു.

IAF Air Strike in Pakistan LIVE Updates:

“എല്ലാ ഇന്ത്യക്കാരും വിജയിക്കും. ആരും ഇന്ത്യയെ ഭീഷണിപ്പെടുത്താൻ ഞങ്ങൾ സമ്മതിക്കില്ല. നിങ്ങളെ സേവിക്കുകയാണ് എന്റെ പ്രഥമ കർത്തവ്യം. ഞാൻ എപ്പോഴും രാജ്യത്തെ പ്രതിരോധിക്കും” മോദി വ്യക്തമാക്കി.

“അടുത്ത പത്ത് വർഷത്തിനുളളിൽ രാജ്യത്തെ കർഷകർക്ക് 7.5 ലക്ഷം കോടി രൂപ അവരുടെ കൈയ്യിൽ ലഭിക്കും. അതിനായി അവർ ഒന്നും ചെയ്യേണ്ട. അവരുടെ അക്കൗണ്ടിൽ പണം നിക്ഷേപിച്ചിട്ടുണ്ടെന്ന സന്ദേശം അവരുടെ മൊബൈൽ ഫോണിൽ ലഭിക്കും,” മോദി പറഞ്ഞു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook