ഛണ്ഡീഗഢ്: ജമ്മു കശ്മീരില്‍ ഹെലികോപ്റ്റര്‍ തകര്‍ന്ന് മരിച്ച വ്യോമസേന പൈലറ്റും സ്‌കവാഡ്രണ്‍ ലീഡറുമായ സിദ്ധാര്‍ത്ഥ് വശിഷ്ടിന്റെ മൃതദേഹം പൂര്‍ണ സൈനിക ബഹുമതികളോടെ സംസ്‌കരിച്ചു. അദ്ദേഹത്തിന്റെ പിതാവ് ജഗ്ദീഷ് കസലാണ് ചിതയ്ക്ക് തീ കൊളുത്തിയത്.

ധീര സൈനികന് യാത്രാമൊഴി നല്‍കാന്‍ നിരവധി ആളുകളാണ് എത്തിച്ചേര്‍ന്നത്. മുതിര്‍ന്ന ഉദ്യോഗസ്ഥരും പ്രതിരോധ മേഖലയില്‍ നിന്നുള്ള ഉദ്യോഗസ്ഥരും രാഷ്ട്രീയ നേതാക്കളും സിദ്ധാര്‍ത്ഥ് വശിഷ്ടിന് ആദരാഞ്ജലികള്‍ അര്‍പ്പിച്ചുകൊണ്ട് മൃതദേഹത്തില്‍ റീത്ത് വച്ചു.

അന്തരിച്ച ഉദ്യോഗസ്ഥന്റെ ഭാര്യയും സ്‌ക്വാഡ്രണ്‍ ലീഡറുമായ ആരതി സിങും റീത്ത് സമര്‍പ്പിച്ചു. വ്യോമസേനാംഗങ്ങളുടെ തലവന്‍, വനിതാ ആര്‍മി, വ്യോമ സേന കമാന്‍ഡര്‍ തുടങ്ങിയവരുടെ പേരിലും റീത്തുകള്‍ സമര്‍പ്പിച്ചു.

ശ്രീനഗറിനടുത്ത് ബുദ്ഗാമില്‍ ബുധനാഴ്ച എം1-17 തകര്‍ന്നാണ് സിദ്ധാര്‍ത്ഥ് വശിഷ്ട് കൊല്ലപ്പെട്ടത്. എംപി കിരണ്‍ ഖേര്‍, ബിജെപി നേതാവ് സഞ്ജയ് ടാന്‍ഡണ്‍, ഡിസി മന്‍ദീപ് സിങ് ബ്രാര്‍, തുടങ്ങിയവരും സംസ്‌കാര ചടങ്ങുകളില്‍ പങ്കെടുത്തു.

അദ്ദേഹത്തിന്റെ ചിതാഭസ്മം ജന്മനാടായ ഹമീദ്പൂരിലേക്ക് കൊണ്ടുപോകുമെന്ന് ബന്ധുക്കള്‍ അറിയിച്ചു. പിന്നീട് ഗംഗയില്‍ നിമഞ്ജനം ചെയ്യാനാണ് തീരുമാനം.

കഴിഞ്ഞ ആഗസ്റ്റില്‍ കേരളത്തിലെ മഹാപ്രളയത്തിലകപ്പെട്ട നിരവധി പേരെ സുരക്ഷിതമായി എയര്‍ലിഫ്റ്റ് ചെയ്തതിന് സിദ്ധാർത്ഥ് വശിഷ്ട് സംസ്ഥാന സര്‍ക്കാരിന്റെയും വ്യോമസേനയുടെയും ആദരവ് ഏറ്റുവാങ്ങിയിരുന്നു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook