ന്യൂഡൽഹി: പത്താന്‍കോട്ട് ഭീകരാക്രമണത്തിന് വഴിവെച്ചത് ഗുരുതര സുരക്ഷാ വീഴ്ച്ചയെന്ന് വ്യോമസേനയുടെ അന്വേഷണ റിപ്പോര്‍ട്ട്. ഭീകരാക്രമണസാധ്യതയുണ്ടെന്ന ഇന്‍റലിജന്‍സ് റിപ്പോര്‍ട്ട് ഉണ്ടായിട്ടും വ്യോമസേനാ താവളത്തിന്‍റെ ചുമതലയുണ്ടായിരുന്ന ഉദ്യോഗസ്ഥര്‍ വേണ്ടത്ര ജാഗ്രതപുലര്‍ത്തിയില്ലെന്ന് അന്വേഷണത്തില്‍ കണ്ടെത്തിയതായി ദി ഹിന്ദു റിപ്പോർട്ട് ചെയ്യുന്നു. അതേസമയം അന്തിമ റിപ്പോര്‍ട്ട് സമര്‍പ്പിച്ചിട്ടില്ലെന്ന് എയര്‍ഫോഴ്സ് അധികൃതര്‍ വ്യക്തമാക്കി.

വ്യോമസേനാ താവളത്തിലെ സുരക്ഷാവീഴ്ച്ചയാണ് ആക്രമണത്തിന്‍റെ തോത് വര്‍ദ്ധിപ്പിക്കാന്‍ ഇടയാക്കിയതെന്നാണ് ഇത് സംബന്ധിച്ച് അന്വേഷണം നടത്തിയ എയര്‍ഫോഴ്സ് എയര്‍ വൈസ് മാര്‍ഷല്‍ അമിത് ദേവ് കണ്ടെത്തിയിരിക്കുന്നത്. ഭീകരാക്രമണത്തിന് സാധ്യതയുണ്ടെന്ന രഹസ്യാന്വേഷണ വിഭാഗത്തിന്‍റെ വിവരം ഉണ്ടായിട്ടും വേണ്ടത്ര മുന്‍കരുതല്‍ സ്വീകരിച്ചിരുന്നില്ലെന്ന് അന്വേഷണത്തില്‍ കണ്ടെത്തി.

വ്യോമതാവളത്തിന് ചുറ്റുമുള്ള ഗാര്‍ഡ് പോസ്റ്റുകള്‍, ചുറ്റുമുള്ള ഫ്ലഡ് ലൈറ്റുകളും മറ്റ് സുരക്ഷാ സജ്ജീകരണങ്ങളുടേയും പ്രവര്‍ത്തനം കാര്യക്ഷമമായിരുന്നില്ല. വ്യോമതാവളത്തിലെ ഗരുഡ് കമാന്‍ഡോകള്‍ ആക്രമണങ്ങള്‍ നേരിടാന്‍ സജ്ജരോ പ്രാപ്തരോ ആയിരുന്നില്ലെന്നും അന്വേഷണ റിപ്പോര്‍ട്ടില്‍ പറയുന്നു.

വ്യോമതാവളത്തിന്‍റെ ചുമതലയുണ്ടായിരുന്ന എയര്‍ കമഡോര്‍ ജെ എസ് ദമൂണിന്‍റെ പ്രവര്‍ത്തനത്തേയും റിപ്പോര്‍ട്ടില്‍ കുറ്റപ്പെടുത്തുന്നുണ്ട്. കണ്ടെത്തലുകളുടെ അടിസ്ഥാനത്തില്‍ ജെ എസ് ദമൂണ്‍ കഴിഞ്ഞ ദിവസം സര്‍വ്വീസില്‍ നിന്ന് സ്വയം വിരമിച്ചു. ആക്രമണത്തെ തുടര്‍ന്ന് ഡല്‍ഹിയിലെ വ്യോമസേന ആസ്ഥാനത്തേക്ക് ജെ എസ് ദാമൂണിനെ സ്ഥലം മാറ്റിയിരുന്നു. അതേസമയം അന്വേഷണ റിപ്പോര്‍ട്ട് ഇതുവരേയും സമര്‍പ്പിച്ചിട്ടില്ലെന്ന് എയര്‍ഫോഴ്സ് അധികൃതര്‍ അറിയിച്ചു.

2016 ജനുവരി 2നാണ് പത്താന്‍കോട്ട് വ്യാമസേനാതാവളത്തിന് നേരെ ഭീകരര്‍ ആക്രമണം നടത്തിയത്. വ്യോമസേനാകേന്ദ്രത്തിന് അകത്ത് പ്രവേശിച്ച ഭീകരര്‍ സൈനികരെ വധിക്കുകയും ചെയ്തിരുന്നു. ദിവസങ്ങള്‍ നീണ്ട ഏറ്റുമുട്ടലിനൊടുവിലാണ് തീവ്രവാദികളെ കൊലപ്പെടുത്താനായത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook