/indian-express-malayalam/media/media_files/uploads/2023/03/Vayulink.jpg)
ന്യൂഡല്‍ഹി: യുദ്ധമേഖലകളില്‍ സൗഹൃദ സേനകളെ തിരിച്ചറിയുന്നതിനായി രാജ്യത്തിന്റെ വടക്ക് കിഴക്കന്‍ അതിര്‍ത്തികളില്‍ സ്വദേശിയമായി തയാറാക്കിയ 'വായുലിങ്ക്' സംവിധാനം അവതരിപ്പിക്കാന്‍ സായുധ സേനകള്‍ ഒരുങ്ങുന്നു. സങ്കീര്‍ണമായ യുദ്ധ സാഹചര്യങ്ങളില്‍ സൈനീക നീക്കത്തിന് മികച്ച ഏകോപനം നല്‍കാന്‍ ഇത് സഹായിക്കുമെന്നാണ് വിലയിരുത്തല്‍.
ഇന്ത്യൻ വ്യോമസേനയുടെ (ഐഎഎഫ്) ഹെലികോപ്റ്റർ പൈലറ്റായ വിങ് കമാൻഡർ വിശാൽ മിശ്രയാണ് വായുലിങ്ക് സംവിധാനം വികസിപ്പിച്ചത്. സുരക്ഷിതമായ ജാമർ പ്രൂഫ് കമ്മ്യൂണിക്കേഷന്‍ വഴി സൗഹൃദ സേനയെ തിരിച്ചറിയുന്നതിലൂടെ യുദ്ധമേഖലയിലെ സുതാര്യത വര്‍ധിപ്പിക്കാന്‍ സഹായിക്കുമെന്നും, ഇത് പൈലറ്റുമാർക്ക് പറക്കലിന് മുമ്പ് കൃത്യമായ കാലാവസ്ഥ വിവരം നൽകുമെന്നും അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ മാസം ബെംഗളൂരുവിൽ നടന്ന എയ്‌റോ ഇന്ത്യ 2023 ഷോയിൽ വായുലിങ്ക് സംവിധാനം ഇന്ത്യന്‍ എയര്‍ ഫോഴ്സ് (ഐഎഎഫ്) അവതരിപ്പിച്ചിരുന്നു. സംവിധാനത്തിന്റെ പരീക്ഷണങ്ങൾ പൂർത്തിയായതായും വൈകാതെ തന്നെ ഉപയോഗിക്കുമെന്നും മുതിർന്ന ഐഎഎഫ് ഉദ്യോഗസ്ഥർ പറഞ്ഞു.
വായുലിങ്ക് ഇക്കോസിസ്റ്റം ഒരു ആഭ്യന്തര വികസിപ്പിച്ച തന്ത്രപരമായ ഡാറ്റ ലിങ്ക് സിസ്റ്റമാണെന്ന് എയർ സ്റ്റാഫ് ഡെപ്യൂട്ടി ചീഫ് എയർ മാർഷൽ നർമ്മദേശ്വർ തിവാരി ദി സൺഡേ എക്സ്പ്രസിനോട് വ്യക്തമാക്കി.
"ഇത് ഒരു സംയുക്ത മേഖലയില്‍ നിന്ന് ലഭ്യമായ വിവരങ്ങള്‍ സമന്വയിപ്പിക്കുകയും, തത്സമയം ഓപ്പറേറ്റര്‍മാര്‍ക്ക് കൈമാറുകയും ചെയ്യുന്നു. ഇതിലൂടെ സൈന്യത്തിന്റെ സാഹചര്യം മനസിലാക്കാനും, ഫലപ്രദമായ തീരുമാനങ്ങളെടുക്കാനും സഹായിക്കും," അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
"പടിഞ്ഞാറൻ, വടക്കൻ മേഖലകളിലെ ചില പ്രദേശങ്ങളില്‍ പരീക്ഷണാടിസ്ഥാനത്തിൽ ഐഎഎഫ് വായുലിങ്ക് സംവിധാനം വിന്യസിച്ചിട്ടുണ്ട്. ഭാവിയിൽ ഇത് കൂടുതല്‍ ഉപയോഗപ്രദമാകുന്ന രീതിയില്‍ പ്രയോജനപ്പെടുത്തും," അദ്ദേഹം പറഞ്ഞു.
സൗഹൃദ സേനകളെ മാത്രമല്ല, പിന്തുണയ്ക്കായി എത്തുന്ന വിഭാഗത്തേയും സംവിധാനത്തിലൂടെ തിരിച്ചറിയാന്‍ കഴിയും. സങ്കീർണമായ ഒരു യുദ്ധസാഹചര്യത്തിൽ ഉപയോഗിക്കുമ്പോൾ, എല്ലാ എയര്‍ക്രാഫ്റ്റുകള്‍ക്കും അവയുടെ സ്ഥാനവും കരസേനയുടെ സ്ഥാനവും മനസിലാക്കാന്‍ സംവിധാനം സഹായിക്കും.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
 Follow Us