ന്യൂഡല്‍ഹി: ഒരാഴ്ച മുന്‍പ് അരുണാചല്‍ പ്രദേശിലെ മേചുകയിൽ വച്ച് കാണാതായ ഇന്ത്യന്‍ വ്യോമസേനാ വിമാനത്തിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്തി. അരുണാചല്‍ പ്രദേശിലെ ലിപ്പോയില്‍ വച്ചാണ് വിമാന അവശിഷ്ടങ്ങള്‍ കണ്ടെത്തിത്. ഇന്ത്യന്‍ എയര്‍ഫോഴ്‌സാണ് ഇക്കാര്യം ട്വീറ്റ് ചെയ്തിരിക്കുന്നത്. എഎന്‍ 32 എന്ന വിമാനമാണ് ജൂണ്‍ മൂന്നിന് കാണാതായത്. വിമാനത്തിലുണ്ടായിരുന്ന യാത്രക്കാരെ കുറിച്ച് അറിവ് ലഭിച്ചിട്ടില്ല. ഇവര്‍ക്കായി തിരച്ചില്‍ തുടരുകയാണ്. മലയാളിയായ അനൂപ് കുമാര്‍ അടക്കം പതിമൂന്ന് പേരാണ് കാണാതായ വിമാനത്തില്‍ ഉണ്ടായിരുന്നത്.

എഎന്‍-32 എന്ന എയര്‍ക്രാഫ്റ്റ് ഗ്രൗണ്ട് സ്റ്റേഷനുമായുള്ള ബന്ധം നഷ്ടപ്പെട്ടാണ് ജൂൺ മൂന്നിന് ഉച്ചയോടെ വിമാനം കാണാതായത്. ഉച്ചയ്ക്ക് 12.25 ന് പുറപ്പെട്ട വിമാനം 13.00 മണിയായപ്പോള്‍ ഗ്രൗണ്ട് സ്റ്റേഷനുമായുള്ള ബന്ധം പൂർണമായും വിച്ഛേദിക്കപ്പെട്ട നിലയിലായി. എട്ട് ജീവനക്കാരും അഞ്ച് യാത്രക്കാരുമടക്കം ആകെ 13 പേരാണ് വിമാനത്തിലുണ്ടായിരുന്നത്. ഇന്ത്യന്‍ വ്യോമസേന നഷ്ടപ്പെട്ട വിമാനത്തിനായി തിരച്ചില്‍ നടത്തി വരികയായിരുന്നു. സുഖോയ് 30, സി 130 എന്നീ വിമാനങ്ങളാണ് തിരച്ചിലിനായി ആദ്യം ഉപയോഗിച്ചിരുന്നത്.

Read More: വിമാനത്തിന്റെ അവശിഷ്ങ്ങള്‍ കണ്ടെത്തിയിട്ടില്ല; വാര്‍ത്തകള്‍ നിഷേധിച്ച് വ്യോമസേന

ചൈന അതിർത്തിയുമായി ചേർന്നുകിടക്കുന്ന സ്ഥലമാണ് മേചുക. 1962 ഇന്ത്യ-ചൈന യുദ്ധ സമയത്ത് തന്ത്രപ്രധാനമായ സ്ഥലമായിരുന്നു ഇത്. ഏറെ നാൾ ഉപയോഗ ശ്യൂനമായി കിടന്നിരുന്ന സ്ഥലത്ത് 2013 ലാണ് ഇന്ത്യൻ വ്യോമസേന പുനർനിർമ്മാണത്തിനുള്ള നടപടികൾ സ്വീകരിച്ചത്. 30 മാസം കൊണ്ട് ഇവിടെ എയർബേസ് പുനർനിർമ്മിച്ചു. ചൈന അതിർത്തിയിൽ നിന്ന് 29 കിലോമീറ്റർ അകലെയാണ് മേചുക. ടൂറിസ്റ്റുകൾ നിരവധി സന്ദർശിക്കുന്ന സ്ഥലം കൂടിയാണിത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook