ബാംഗ്ലൂർ: കുനൂർ ഹെലികോപ്റ്റർ അപകടത്തിൽ ഗുരുതരമായി പരുക്കേറ്റ് ചികിത്സയിലായിരുന്ന ഗ്രൂപ്പ് ക്യാപ്റ്റൻ വരുൺ സിങ് (39) അന്തരിച്ചു. ഇന്ന് രാവിലെ ബെംഗളൂരുവിലെ ആശുപത്രിയിലായിരുന്നു അന്ത്യം. വ്യോമസേന ട്വിറ്ററിലൂടെ മരണവാർത്ത സ്ഥിരീകരിച്ചു.
സംയുക്ത സേന മേധാവി ബിപിൻ റാവത്ത് അദ്ദേഹത്തിന്റെ ഭാര്യ മധുലിക റാവത്ത് എന്നിവരും മറ്റു 11 ഉദ്യോഗസ്ഥരും അപകടത്തിൽ മരിച്ചിരുന്നു. ഗുരുതരമായി പരുക്കേറ്റ ഗ്രൂപ്പ് ക്യപ്റ്റൻ വരുൺ സിങ് ആദ്യം വെല്ലിങ്ടണിലെ ആശുപത്രിയിലും പിന്നീട് ബാംഗ്ലൂർ കമാൻഡ് ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിലും ചികിത്സയിൽ ആയിരുന്നു. ഇതോടെ അപകടത്തിൽ മരിച്ചവരുടെ എണ്ണം 14 ആയി.
അദ്ദേഹത്തിന്റെ വിയോഗത്തിൽ വേദനയുണ്ടെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. “ഗ്രൂപ്പ് ക്യാപ്റ്റൻ വരുൺ സിങ് അഭിമാനത്തോടെയും വീര്യത്തോടെയും അത്യധികം പ്രൊഫഷണലിസത്തോടെയും രാജ്യത്തെ സേവിച്ചു. അദ്ദേഹത്തിന്റെ വിയോഗത്തിൽ ഞാൻ അങ്ങേയറ്റം വേദനിക്കുന്നു. രാഷ്ട്രത്തിനായുള്ള അദ്ദേഹത്തിന്റെ സമ്പന്നമായ സേവനം ഒരിക്കലും മറക്കാൻ കഴിയില്ല. അദ്ദേഹത്തിന്റെ കുടുംബത്തിനും സുഹൃത്തുക്കൾക്കും അനുശോചനം. ഓം ശാന്തി,” അദ്ദേഹം ട്വീറ്റ് ചെയ്തു.
Also Read: മൂന്ന് വയസ്സ് മുതലുള്ള കുട്ടികൾക്കുള്ള കോവിഡ് വാക്സിൻ ആറ് മാസത്തിനുള്ളിലെന്ന് ആദർ പൂനവാല
39 കാരനായ വരുൺ, ഇന്ത്യൻ നാവികസേനയിൽ സേവനമനുഷ്ഠിക്കുന്ന സഹോദരൻ, ആർമി എയർ ഡിഫൻസിന്റെ ഭാഗമായ പിതാവ് കേണൽ (റിട്ട) കെപി സിങ് എന്നിവരോടൊപ്പം ഒരു പ്രതിരോധ കുടുംബത്തിൽ നിന്നുള്ളയാളാണ്.
വരുണിന് അടുത്തിടെ ഗ്രൂപ്പ് ക്യാപ്റ്റനായി സ്ഥാനക്കയറ്റം നൽകുകയും ഡിഫൻസ് സർവീസസ് സ്റ്റാഫ് കോളേജിൽ നിയമിക്കുകയും ചെയ്തിരുന്നു. വിവാഹിതനായ വരുണിന് രണ്ട് കുട്ടികളാണുള്ളത്.
വ്യോമസേനയുടെ മി 17 വി 5 ഹെലികോപ്റ്ററാണ് ഡിസംബർ എട്ടിന് ഊട്ടിക്ക് അടുത്ത് കുനൂരിൽ തകർന്നു വീണത്. ഹെലികോപ്റ്ററിൽ ബിപിൻ റാവത്തും ഭാര്യയും സൈനിക ഉദ്യോഗസ്ഥരും ക്രൂവും ഉൾപ്പെടെ 14 പേരാണുണ്ടായിരുന്നത്. സംഭവത്തിൽ അന്വേഷണം നടക്കുകയാണ്.