ബെംഗളൂരു: വ്യോമസേനയുടെ മിറാഷ് യുദ്ധ വിമാനം തകർന്ന് ഇന്നലെ രണ്ടു പൈലറ്റുമാരാണ് മരിച്ചത്. എച്ച്എഎൽ പരിഷ്കരിച്ച മിറാഷ് യുദ്ധവിമാനത്തിന്റെ പരീക്ഷണ പറക്കലിനിടെയായിരുന്നു അപകടം. സ്ക്വാഡ്രൻ ലീഡർമാരായ സമീർ അബ്രോളും (33) സിദ്ധാർഥ നേഗിയും (31) ആണ് അപകടത്തിൽ മരിച്ചത്.
ഉത്തർപ്രദേശിലെ ഗാസിയാബാദ് സ്വദേശിയായിരുന്നു അബ്രോൾ. ഡെറാഡൂൺ സ്വദേശിയാണ് നേഗി. 2009 ജൂൺ 27 നാണ് നേഗി വ്യോമസേനയിൽ ചേരുന്നത്. അപകട സ്ഥലത്തുവച്ചാണ് നേഗി മരിച്ചത്. അബ്രോളിനെ ആശുപത്രിയിൽ എത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല. തന്റെ ജന്മദിനത്തിലായിരുന്നു നേഗിയുടെ മരണമെന്നത് കുടുംബത്തിനും സുഹൃത്തുക്കൾക്കും താങ്ങാനാവാത്ത വേദനയായി മാറി.
The IAF bids a final farewell to Squadron Leader Siddhartha Negi in Bengaluru a few moments ago. The terrible irony appears to be true — Siddhartha died on his birthday. pic.twitter.com/ukdHoXROM9
— Shiv Aroor (@ShivAroor) February 2, 2019
യെമലൂർ, വിൻഡ് ടണൽ റോഡിൽനിന്ന് 500 മീറ്റർ അകലെയായി കാടുപിടിച്ചു കിടന്ന പ്രദേശത്താണ് വിമാനം തകർന്നുവീണത്. അവസാന നിമിഷം പാരഷൂട്ട് വിടർത്തി രക്ഷപ്പെടാൻ പൈലറ്റുമാർ ശ്രമിച്ചെങ്കിലും വിഫലമായി.
ഫ്രഞ്ച് കമ്പനി 1985 ൽ ഇന്ത്യക്ക് കൈമാറിയ യുദ്ധവിമാനമാണ് മിറാഷ് 2000. 1999 ലെ കാർഗിൽ യുദ്ധത്തിൽ ഈ വിമാനം ഉപയോഗിച്ചിരുന്നു. മിറാഷിന്റെ പരിഷ്കരിച്ച പതിപ്പാണ് മിറാഷ് 2000 ടിഐ യുദ്ധവിമാനം.