ചെന്നൈ: കരുണാനിധിയെ ചെന്നൈ മറീന ബീച്ചില്‍ അടക്കം ചെയ്യാന്‍ അനുവദിച്ചില്ലായിരുന്നുവെങ്കില്‍ താന്‍ മരിക്കുമായിരുന്നുവെന്നു ഡിഎംകെ വര്‍ക്കിങ് പ്രസിഡന്റ് എം.കെ.സ്റ്റാലിന്‍. ഡിഎംകെ അധ്യക്ഷനും തമിഴ്‌നാട് മുഖ്യമന്ത്രിയുമായ കരുണാനിധിയെ അനുസ്മരിക്കാന്‍ ചേര്‍ന്ന യോഗത്തിലായിരുന്നു മകന്‍ സ്റ്റാലിന്റെ പ്രതികരണം.

കരുണാനിധിയ്ക്ക് മറീന ബീച്ചില്‍ തന്നെ അന്ത്യവിശ്രമത്തിനുള്ള അവസരമൊരുക്കണമെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി എടപ്പാടി പളനി സ്വാമിയെ കണ്ട് അപേക്ഷിക്കുകയായിരുന്നുവെന്നും എന്നാല്‍ അദ്ദേഹം തന്റെ വാക്കുകളെ അവഗണിച്ചെന്നും സ്റ്റാലിന്‍ പറഞ്ഞു. കരുണാനിധിക്ക് ഇനി മണിക്കൂറുകള്‍ മാത്രമാണ് ആയുസെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞിരുന്നു. ഇതേ തുടര്‍ന്നാണ് അദ്ദേഹത്തിന്റെ സംസ്‌കാരത്തെ സംബന്ധിച്ച് മുഖ്യമന്ത്രിയുമായി സംസാരിക്കാന്‍ തീരുമാനിച്ചതെന്നും എന്നാല്‍ തന്നെ പാര്‍ട്ടിയിലെ മുതിര്‍ന്നവരടക്കം തടഞ്ഞിരുന്നുവെന്നും അവരുടെ വാക്കുകളെ മറി കടന്നാണ് താന്‍ എടപ്പാടിയെ കണ്ടതെന്നും സ്റ്റാലിന്‍ പറഞ്ഞു.

”അച്ഛനെ മറീനയില്‍ സംസ്‌കരിക്കാന്‍ അനുവദിക്കണമെന്ന് അദ്ദേഹത്തിന്റെ കൈപിടിച്ച് അഭ്യര്‍ത്ഥിച്ചു. എന്നാല്‍, നിയമം അനുവദിക്കുന്നില്ലെന്നായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി. നിയമോപദേശവും അതിന് എതിരായിരുന്നു. ഡിഎംകെയും തമിഴ്‌നാട്ടില്‍ അധികാരത്തിലിരുന്നതിനാല്‍ നിയമം മാറ്റാവുന്നതേയുള്ളൂവെന്ന് പറഞ്ഞു. ഇക്കാര്യം പരിഗണിക്കാമെന്ന് മുഖ്യമന്ത്രി പറയുകയും ചെയ്തു”, സ്റ്റാലിന്‍ പറയുന്നു.

കരുണാനിധിയുടെ മരണം സ്ഥിരീകരിച്ചതോടെ പാര്‍ട്ടി നേതാക്കള്‍ വീണ്ടും മുഖ്യമന്ത്രിയെ കണ്ടെങ്കിലും അദ്ദേഹം വഴങ്ങിയില്ല. മുന്‍ മുഖ്യമന്ത്രിമാരെ മറീനയില്‍ സംസ്‌കരിക്കാന്‍ കഴിയില്ലെന്നായിരുന്നു അദ്ദേഹം അറിയിച്ചത്. ഇതേതുടര്‍ന്നാണ് ഹൈക്കോടതിയെ സമീപിക്കാമെന്ന് തങ്ങളുടെ അഭിഭാഷകന്‍ പറഞ്ഞതെന്നും സ്റ്റാലിന്‍ വ്യക്തമാക്കി.

അതേസമയം, കരുണാനിധിയുടെ ആഗ്രഹങ്ങള്‍ക്ക് അനുസരിച്ച് അദ്ദേഹം തെളിച്ച പാതയിലൂടെ പാര്‍ട്ടിയെ മുന്നോട്ട് നയിക്കുമെന്നും സ്റ്റാലിന്‍ പറഞ്ഞു. എല്ലാ പ്രതിസന്ധികളേയും തരണം ചെയ്യണമെന്നാണ് അച്ഛന്‍ പഠിപ്പിച്ചിട്ടുള്ളത്. അത് ശിരസാവഹിക്കും. പാര്‍ട്ടിയെ നയിക്കാന്‍ തനിക്കാണ് അവകാശമെന്ന് പറഞ്ഞു കൊണ്ട് കരുണാനിധിയുടെ മകനും ഡിഎംകെ നേതാവുമായ അഴഗിരി കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook