ചെന്നൈ: കമല്‍ഹാസന്റെ രാഷ്ട്രീയ പ്രവേശനത്തെക്കുറിച്ചുള്ള ചര്‍ച്ചകള്‍ സജീവമാകുന്ന സാഹചര്യത്തില്‍, ഒടുക്കം മൗനം വെടിഞ്ഞ് ഉലകനായകന്‍ തന്നെ രംഗത്തെത്തി. സ്വന്തം പാര്‍ട്ടി രൂപീകരിച്ച് രാഷ്ട്രീയത്തിലേക്കിറങ്ങുന്നതിനെ കുറിച്ച് ഗൗരവമായി ആലോചിക്കുകയാണെന്ന് ദി ക്വിന്റിന് നല്‍കിയ അഭിമുഖത്തില്‍ കമല്‍ഹാസന്‍ വ്യക്തമാക്കി.

രാഷ്ട്രീയത്തെക്കുറിച്ചുള്ള ചിന്ത കേവലം തിരഞ്ഞെടുപ്പല്ല, അതൊരു നിര്‍ബന്ധം കൂടിയാണെന്ന് അദ്ദേഹം പറഞ്ഞു. തന്റെ ആശയങ്ങള്‍ നടപ്പാക്കാന്‍ സ്വന്തം പാര്‍ട്ടി രൂപീകരിക്കാന്‍ നിര്‍ബന്ധിതനാകുകയാണെന്നും അദ്ദേഹം പറഞ്ഞു. താന്‍ ഉദ്ദേശിക്കുന്ന രാഷ്ട്രീയ ശുദ്ധീകരണം നടപ്പാക്കാന്‍ നിലവിലുള്ള രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ക്കും പ്രത്യയശാസ്ത്രങ്ങള്‍ക്കും സാധിക്കില്ല. പിണറായി വിജയനുമായുള്ള കൂടിക്കാഴ്ചയുടെ അര്‍ത്ഥം താന്‍ സിപിഎമ്മില്‍ ചേരുന്നു എന്നതല്ലെന്ന സൂചനയും കമല്‍ഹാസന്‍ അഭിമുഖത്തില്‍ നല്‍കുന്നു.

തമിഴ്‌നാടിന്റെ രാഷ്ട്രീയം മാറേണ്ടതാണ്. എത്ര പതിയേയാണെങ്കിലും ആ മാറ്റം കൊണ്ടുവരണം എന്നു തന്നെയാണ് തന്റെ ആഗ്രഹം എന്നും കമല്‍ പറയുന്നു.

‘ഞാന്‍ തിരഞ്ഞെടുക്കപ്പെടുമ്പോള്‍, എനിക്ക് വോട്ടു ചെയ്ത പൗരനോടുള്ള വിശ്വാസ്യത കാത്തു സൂക്ഷിക്കേണ്ടത് എന്റെ ഉത്തരവാദിത്തമാണ്. എന്നെ വോട്ട് ചെയ്ത് വിജയിപ്പിച്ചിട്ട്, പിന്നീട് താഴെയിറക്കാന്‍ അഞ്ചുവര്‍ഷം കാത്തിരിക്കേണ്ട കാര്യമില്ല. വാഗ്ദാനങ്ങള്‍ പാലിക്കുന്നില്ലെങ്കില്‍ അപ്പോള്‍ തന്നെ താഴെയിറക്കുക. ഇത്തരത്തില്‍ മാത്രമേ രാജ്യത്തെ രാഷ്ട്രീയത്തെ ശുദ്ധീകരിക്കാന്‍ സാധിക്കൂ. എനിക്ക് എവിടെ നിന്നെങ്കിലും തുടങ്ങിയേ പറ്റൂ. ആദ്യം ഞാനെന്റെ വീടാണ് വൃത്തിയാക്കേണ്ടത്. എന്നിട്ട് അയല്‍പക്കങ്ങളെ കുറിച്ച് ചിന്തിക്കണം. അതുകൊണ്ട് തുടക്കം തമിഴ്‌നാട്ടില്‍ നിന്നാകണം’ എന്നും കമല്‍ഹാസന്‍ അഭിമുഖത്തില്‍ പറയുന്നു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ