ന്യൂഡല്‍ഹി: ഇന്ത്യയിലെ മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകനും ടൈംസ് നൗ മുന്‍ എഡിറ്റര്‍ ഇന്‍ ചീഫും ആയിരുന്ന വ്യക്തിയാണ് അര്‍ണബ് ഗോസ്വാമി. ദേശീയ പ്രാധാന്യമുള്ള നിരവധി വിഷയങ്ങളെ ശ്രദ്ധേയമായി ചര്‍ച്ച ചെയ്ത ന്യൂസ് അവര്‍ അവതാരകന് കൂടിയായിരുന്നു അദ്ദേഹം.
സ്ഥാപനത്തിന്റെ എഡിറ്റോറിയല്‍ യോഗത്തില്‍ സ്ഥാപനത്തില്‍നിന്ന് രാജിവെക്കുന്നതായി അര്‍ണബ് അറിയിച്ച് പടി ഇറങ്ങിയപ്പോള്‍ അര്‍ണബിന്റെ സ്ഥാനത്തേക്ക് രാഹുല്‍ ശിവശങ്കറിനെയാണ് ചാനല്‍ പ്രതിഷ്ഠിച്ചത്.
പുതിയ സംരംഭമായ റിപബ്ലിക്കിന്റെ പ്രഖ്യാപനത്തോടെയാണ് അര്‍ണബ് ടെംസ് നൌ വിട്ടത്. എന്നാല്‍ ന്യൂസ് 24ന് നല്കിയ അഭിമുഖത്തില്‍ താന്‍ ചാനല്‍ വിടാനുണ്ടായ കാരണം വെളിപ്പെടുത്തിയിരിക്കുകയാണ് അര്‍ണബ്. രാജി വെക്കുന്നതിന്റെ രണ്ട് ദിവസം മുമ്പ് തനിക്ക് പരിപാടി അവതരിപ്പിക്കാന്‍ കഴിയില്ലെന്ന് പറഞ്ഞു.
“നവംബര്‍ 18 ആയിരുന്നു ചാനലിലെ എന്റെ അവസാന ദിവസം. എന്റെ സ്വന്തം സ്റ്റുഡിയോയില്‍ അവര്‍ എന്നെ പ്രവേശിക്കാന്‍ സമ്മതിച്ചില്ല. ഞാന്‍ ഉണ്ടാക്കിയെടുത്ത സ്റ്റുഡിയോയില്‍ എന്നെ തന്നെ തടഞ്ഞു”, അര്‍ണബ് പറഞ്ഞു.
“നിങ്ങള്‍ ഉണ്ടാക്കിയെടുത്ത ഒരു സ്ഥാപനത്തില്‍ നിങ്ങളെ തടയുമ്പോള്‍ നിങ്ങള്‍ക്ക് എത്രമാത്രം വേദനിക്കും. അത് നിങ്ങളെ എവിടെയൊക്കെയോ വേദനിപ്പിക്കും, അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഇന്ത്യന്‍ ടെലിവിഷനിലെ ഏറ്റവും വിവാദ മാധ്യമ പ്രവര്‍ത്തകനാണ് അര്‍ണബ്. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിന്റെ കാലത്ത് നരേന്ദ്രമോഡിക്കും ബിജെപിക്കും അനുകൂലമായ പ്രചാരണ മാധ്യമമായി അര്‍ണബിന്റെ ചര്‍ച്ചകളും ടൈംസ് നൗ ചാനലും മാറിയിരുന്നു. പിന്നീട് ദേശീയവാദത്തിലൂന്നി ചര്‍ച്ചകളില്‍ പങ്കെടുക്കുന്ന അതിഥികളെ പോലും അപഹസിക്കുന്ന രീതിയിലായിരുന്നു അര്‍ണബിന്റെ ഇടപെടലുകള്‍.
‘നേഷന്‍ വാണ്ട്സ് ടു നോ’ എന്ന അര്‍ണബിന്റെ പരാമര്‍ശമാണ് ഏറ്റവും കൂടുതല്‍ വിമര്‍ശന വിധേയമായത്. ദാദ്രിയില്‍ അഖ്ലാക്കിനെ സംഘപരിവാര്‍ അണികള്‍ തല്ലിക്കൊന്നപ്പോഴും ജെഎന്‍യു, ഹൈദരാബാദ് യൂണിവേഴ്സിറ്റി സമരകാലങ്ങളിലും ഇന്ത്യ പാക് സംഘര്‍ഷങ്ങളിലുമാണ് അര്‍ണബിന്റെ നിലപാടുകള്‍ ഏറ്റവും തീവ്രവമായി വന്നത്. ജെഎന്‍യു വിദ്യാര്‍ത്ഥി ഉമര്‍ഖാലിദ് രാജ്യദ്രോഹിയാണെന്ന പരാമര്‍ശം വലിയ പ്രതിഷേധത്തിന് ഇടയാക്കി. പ്രധാനമന്ത്രിയായതിന് ശേഷം നരേന്ദ്ര മോഡി ടെലിവിഷനില്‍ നല്കിയ ഏക ദീര്‍ഘ അഭിമുഖം അര്‍ണബ് ഗോസ്വാമിക്കാണ്.
. രാജിയുടെ കാര്യം വ്യക്തമല്ലെങ്കിലും ടെലിവിഷന്‍ റേറ്റിങ്ങില്‍ ടൈംസ് നൗവിന്റെ ഇടിവുണ്ടായതാണ് രാജിക്ക് കാരണമായതെന്ന സൂചന തന്നെയാണ് ഇപ്പോള്‍ അര്‍ണബ് നല്‍കുന്നത്.