/indian-express-malayalam/media/media_files/uploads/2020/01/Sadaf-jafar-darapuri-759.jpg)
ന്യൂഡൽഹി: പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രതിഷേധം ഫെയ്സ്ബുക്കിൽ ലൈവ് ചെയ്യുന്നതിനിടെ ലക്നൗവിൽ അറസ്റ്റിലായ നടിയും മനുഷ്യാവകാശ പ്രവർത്തകയുമായ സദാഫ് ജാഫർ ജയിൽ മോചിതയായി. പൊലീസ് തന്നെ ക്രൂരമായി പീഡിപ്പിച്ചതായി എൻഡിടിവിക്ക് നൽകിയ അഭിമുഖത്തിൽ സദാഫ് ജാഫർ പറഞ്ഞു.
കഴിഞ്ഞയാഴ്ച ജാമ്യം ലഭിച്ച സദാഫ് ജഫർ ഇന്ന് രാവിലെയാണ് പുറത്തിറങ്ങിയത്. പൊലീസ് ഉദ്യോഗസ്ഥൻ തന്റെ വയറ്റിൽ ചവിട്ടുകയും തന്നെ പാക്കിസ്ഥാനിയെന്നു വിളിക്കുകയും ചെയ്തെന്ന് അഭിമുഖത്തിൽ അവർ പറഞ്ഞു.
ലക്നൗവിലെ പരിവർത്തൻ ചൗക്കിൽ ഡിസംബർ 19ന് നടന്ന പ്രതിഷേധത്തിനിടെയാണ് സദാഫിനെ പൊലീസ് അറസ്റ്റ് ചെയ്തത്. കലാപം, കൊലപാതകശ്രമം എന്നീ കുറ്റങ്ങൾ ചുമത്തിയായിരുന്നു അറസ്റ്റ്.
Read More: ജെഎന്‍യു: മുഖംമൂടി ധരിച്ച അക്രമിസംഘത്തെ ഉടന്‍ പുറത്തുകൊണ്ടുവരുമെന്ന് കേന്ദ്രമന്ത്രി
"എന്റെ പേര് കാരണം അവരെന്നെ പാക്കിസ്ഥാനിയെന്ന് വിളിക്കുകയും മർദിക്കുകയും ചെയ്തു. പ്രതിഷേധത്തിനിടെ ഒരു വനിതാ പൊലീസ് ഉദ്യോഗസ്ഥയുടെ ബൈക്ക് കത്തിച്ചിരുന്നു. പ്രതികാരം ചെയ്യുമെന്ന് അവർ പറയുകയും, എന്റെ മുഖം മാന്തിപ്പറിക്കുകയും ചെയ്തു," സദാഫ് ജാഫർ പറഞ്ഞു.
"രാത്രിയിൽ ഐജി സാഹിബ് എന്നെ കാണാൻ ആഗ്രഹിക്കുന്നുവെന്ന് പറഞ്ഞു. ഞാൻ കരുതി അദ്ദേഹം എന്നെ സഹായിക്കുകയും എന്റെ കുടുംബത്തെ വിവരമറിയിക്കുകയും ചെയ്യുമെന്ന്. ഞാൻ അദ്ദേഹത്തിന്റെ മുറിയിലേക്ക് പ്രവേശിച്ചപ്പോൾ എന്നെ വളരെ മോശമായി അധിക്ഷേപിച്ചു. ഒരു വനിതാ പൊലീസിനോട് എന്നെ അടിക്കാൻ അദ്ദേഹം ആവശ്യപ്പെട്ടു. പക്ഷെ എന്നിട്ടും അയാൾക്ക് തൃപ്തിയായില്ല. അയാൾ എന്റെ മുടിപിടിച്ച് വലിക്കുകയും വയറ്റിൽ ചവിട്ടുകയും ചെയ്തു. പൊലീസുകാരാരും യൂണിഫോം ധരിച്ചിരുന്നില്ല." പൊലീസ് ഉദ്യോഗസ്ഥർ ഗുണ്ടകളെ പോലെയാണ് പെരുമാറിയതെന്നും സദാഫ് ജാഫർ പറഞ്ഞു.
സദാഫ് ജാഫറിന്റെ അറസ്റ്റ് ഒട്ടനവധി പ്രതിഷേധങ്ങൾക്ക് കാരണമായിരുന്നു. സദാഫിനെ മോചിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് രംഗത്തെത്തിയവരിൽ എഐസിസി ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധിയും സംവിധായിക മീരാ നായരുമുണ്ടായിരുന്നു.
പൊലീസ് കസ്റ്റഡിയിൽ കഴിഞ്ഞ ഏതാനും ആഴ്ചകൾ ഒരു തമോഗർത്തത്തിൽ എന്നതു പോലെ അനുഭവപ്പെട്ടെന്ന് സദാഫ് പറഞ്ഞു, “ഹസ്രത്ഗഞ്ച് പോലീസ് സ്റ്റേഷനിൽ എന്നെ തേടി വന്ന എല്ലാവരെയും കസ്റ്റഡിയിലെടുക്കുന്നു... അത് ഒരു തമോഗർത്തം പോലെയായിരുന്നു.”
കഴിഞ്ഞ മൂന്നാഴ്ച മുതൽ ജയിലിൽ കഴിയുന്ന മുൻ ഐപിഎസ് ഉദ്യോഗസ്ഥനും പ്രശസ്ത പ്രവർത്തകനുമായ എസ് ആർ ദാരപുരിയെയും ഇന്ന് വിട്ടയച്ചു. 76 കാരനായ കാൻസർ രോഗിയായ ദാരപുരി ലഖ്‌നൗവിൽ പ്രതിഷേധ ദിനത്തിൽ അനൗദ്യോഗികമായി വീട്ടുതടങ്കലിലായിരുന്നു. ശനിയാഴ്ചയാണ് അദ്ദേഹത്തിന് ജാമ്യം ലഭിച്ചത്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.