ശ്യാം രംഗീല എന്ന കൊമേഡിയന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയെ അനുകരിക്കുന്ന വീഡിയോ ആണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ പ്രചരിക്കുന്നത്. സ്റ്റാര്‍ പ്ലസില്‍ സംപ്രേഷണം ചെയ്യുന്ന ‘ദ ഗ്രേറ്റ് ഇന്ത്യന്‍ ലാഫര്‍ ചലഞ്ച്’ എന്ന ഹാസ്യപരിപാടിയിലാണ് ശ്യാം മോദിയെ മികച്ച രീതിയില്‍ അനുകരിച്ചത്. എന്നാല്‍ ചാനല്‍ ഇതുവരെയും ഈ എപ്പിസോഡ് സംപ്രേഷണം ചെയ്തിട്ടില്ല. ഇതിലെ ഒരു ഭാഗം കഴിഞ്ഞ ദിവസം സോഷ്യല്‍മീഡിയയില്‍ ചോര്‍ന്നതിന് പിന്നാലെയാണ് വീഡിയോ പ്രചരിച്ചത്.
അതേസമയം മോദിയെ അനുകരിക്കരുതെന്ന് പരിപാടിയുടെ അണിയറ പ്രവര്‍ത്തകര്‍ തന്നോട് പറഞ്ഞതായി ശ്യാം പറഞ്ഞു. ‘പ്രധാന പ്രകടനമായ മോദിയുടേയും രാഹുല്‍ ഗാന്ധിയുടേയും ശബ്ദങ്ങളാണ് ആദ്യ പ്രകടനത്തില്‍ അനുകരിച്ചത്. എന്നാല്‍ മോദിയുടെ ശബ്ദം അനുകരിക്കരുതെന്നും രാഹുല്‍ ഗാന്ധിയുടെ ശബ്ദം വേണമെങ്കില്‍ അനുകരിക്കാമെന്നും എന്നോട് പറഞ്ഞു. തുടര്‍ന്ന് മറ്റൊരു തിരക്കഥ ഞാന്‍ തയ്യാറാക്കി. എന്നാല്‍ കുറച്ച് ദിവസം കഴിഞ്ഞപ്പോള്‍ രാഹുലിനേയും അനുകരിക്കരുതെന്നും അറിയിച്ചു. പിന്നീട് അതേ തിരക്കഥയില്‍ തന്നെ അവതരിപ്പിച്ചപ്പോള്‍ എന്നെ എലിമിനേറ്റ് ചെയ്യുകയായിരുന്നു’, ശ്യാം പറഞ്ഞു.
രാജസ്ഥാന്‍ സ്വദേശിയായ ശ്യാമിന്റെ ഏറ്റവും വലിയ ആഗ്രഹമായിരുന്നു റിയാലിറ്റി ഷോയുടെ ഭാഗമാവുക എന്നുളളത്. എന്നാല്‍ അത് ദുസ്വപ്നമായി കലാശിച്ചെന്ന് ശ്യാം പറഞ്ഞു. ബോളിവുഡ് താരം അക്ഷയ് കുമാറും പ്രശസ്ത താരങ്ങളായ മല്ലിക ദുവ, സാക്കിര്‍ ഖാന്‍, ഹുസൈന്‍ ദലാല്‍ എന്നിവരുമായിരുന്നു പരിപാടിയിലെ വിധി കര്‍ത്താക്കള്‍. ഹിന്ദി സീരിയിലും ഹിന്ദി സിനിമാ ഗാനങ്ങളുമെല്ലാം ചര്‍ച്ച ചെയ്യുന്നതായിരുന്നു ശ്യാമിന്റെ മോദിയുടെ പ്രസംഗം. ശബ്ദത്തില്‍ മാത്രമല്ല ഭാവത്തിലും അംഗ ചലനങ്ങളിലുമെല്ലാം മോദിയെ അതേ പോലെ അനുകരിക്കുന്ന ശ്യാമിന്റെ വീഡിയോ വൈറലായി മാറിയിട്ടുണ്ട്.