കേരളം 2018ൽ മഹാപ്രളയത്തെ നേരിട്ട സമയത്തായിരുന്നു, കണ്ണൻ ഗോപിനാഥൻ എന്ന പേര് മലയാളികളുടെ ശ്രദ്ധ പിടിച്ചുപറ്റുന്നത്. ഒരു ഐഎഎസ് ഉദ്യോഗസ്ഥനാണ് താനെന്ന് വെളിപ്പെടുത്താതെ കൊച്ചിയിലെ ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ മുഴുകി, മറ്റുള്ളവർക്കൊപ്പം ചാക്ക് ചുമന്ന് നടന്നിരുന്ന ഉദ്യോഗസ്ഥൻ. പിന്നീട് കേന്ദ്രസർക്കാർ ജമ്മു കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയതിൽ പ്രതിഷേധിച്ച് അദ്ദേഹം സർവീസിൽനിന്ന് രാജിവച്ചു. അതിനുശേഷം കണ്ണൻ ഗോപിനാഥൻ നിരന്തരം വാർത്തകളിൽ നിറഞ്ഞു.
Read More: ജോലിയല്ല, അഭിപ്രായ സ്വാതന്ത്ര്യമാണ് മുഖ്യം; രാജി വച്ച മലയാളി ഐഎഎസ് ഉദ്യോഗസ്ഥൻ കണ്ണൻ ഗോപിനാഥൻ
എന്നാൽ ഇപ്പോൾ പുതിയ വെളിപ്പെടുത്തലുമായാണ് കണ്ണൻ ഗോപിനാഥൻ രംഗത്തെത്തിയിരിക്കുന്നത്. കോളേജിൽ പഠിക്കുന്ന കാലത്ത് താൻ ആർഎസ്എസുകാരനായിരുന്നുവെന്നും സ്ഥിരമായി ശാഖയിൽ പോയിരുന്നുവെന്നുമാണ് ഈ മുൻ ഐഎഎസ് ഉദ്യോഗസ്ഥൻ പറയുന്നത്. ആർഎസ്എസിന്റെ വേഷവിധാനങ്ങൾ താൻ ഉപയോഗിച്ചിരുന്നുവെന്നും എന്നാൽ തിരിച്ചറിവ് വന്നതോടെ അതിൽനിന്നു വിട്ടുവെന്നും ന്യൂസ് 18 മലയാളത്തിന് നൽകിയ അഭിമുഖത്തിൽ അദ്ദേഹം പറഞ്ഞു. സർവീസിൽനിന്ന് ഏറെ നിരാശയോടെയാണ് രാജിവച്ചതെന്നും എന്നാൽ ഇപ്പോൾ വളരെയധികം പ്രതീക്ഷയോടെയാണ് താനിവിടെ ഇരിക്കുന്നതെന്നും അദ്ദേഹം പറയുന്നു.
കേന്ദ്രസർക്കാർ നയങ്ങളോട് അതിശക്തമായ വിയോജിപ്പുകൾ പ്രകടിപ്പിച്ചിരുന്ന കണ്ണൻ ഗോപിനാഥൻ, ജമ്മു കശ്മീരിലെ ആർട്ടിക്കിൾ 370 റദ്ദാക്കിയതിൽ പ്രതിഷേധിച്ചാണ് സിവിൽ സർവീസിൽനിന്നു രാജിവച്ചത്. പൗരത്വ പ്രതിഷേധവുമായി ബന്ധപ്പെട്ട് നേരത്തേ മുംബൈയിൽ വച്ചും ആഗ്രയിൽ വച്ചും അദ്ദേഹത്തെ പൊലീസ് കസ്റ്റഡിയിൽ എടുത്തിരുന്നു. മുംബൈയില്‍ ലോങ് മാര്‍ച്ചില്‍ പങ്കെടുക്കാന്‍ എത്തിയതായിരുന്നു കണ്ണന്‍ ഗോപിനാഥന്‍. അതിനിടെയാണ് അദ്ദേഹത്തെയും ഒപ്പമുണ്ടായിരുന്നവരെയും പൊലീസ് കസ്റ്റഡിയിലെടുത്തത്. കസ്റ്റഡിയിലെടുത്ത ശേഷം പൊലീസ് ഇവരെ വിട്ടയയ്ക്കുകയായിരുന്നു. പിന്നീഡ് അലിഗഢ് മുസ്ലീം യൂണിവേഴ്സിറ്റിയിൽ ചർച്ചയിൽ പങ്കെടുക്കാൻ പോകുമ്പോഴും ഇദ്ദേഹത്തെ കസ്റ്റഡിയിൽ എടുത്തിരുന്നു.
കോട്ടയം ജില്ലയിലെ പുതുപ്പള്ളി സ്വദശിയും 2012 ബാച്ചിലെ ഉദ്യോഗസ്ഥനുമായ കണ്ണൻ ഗോപിനാഥൻ ദാദ്ര നഗര്‍ ഹവേലിയിലെ കലക്ടറായിരുന്നു.
‘എനിക്കെന്റെ അഭിപ്രായ സ്വാതന്ത്ര്യം തിരികെ വേണം. അര ദിവസമെങ്കിൽ അത്രയെങ്കിലും ഞാനായി ജീവിക്കണം. 2019ൽ ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാജ്യത്തെ ഒരു സംസ്ഥാനത്ത് മുഴുവൻ നിരോധനാജ്ഞ പ്രഖ്യാപിച്ചപ്പോൾ, ഒരു ജനതയുടെ മുഴുവൻ മൗലികാവകാശങ്ങള്‍ പോലും ലംഘിക്കപ്പെട്ടപ്പോൾ നിങ്ങൾ എന്തു ചെയ്യുകയായിരുന്നു എന്ന് നാളെ എന്നോട് ചോദിച്ചാൽ, ഞാനെന്റെ ജോലി രാജിവച്ചു എന്നെങ്കിലും മറുപടി നൽകാൻ എനിക്ക് സാധിക്കണം,’ ഇതായിരുന്നു രാജിക്ക് ശേഷമുള്ള കണ്ണൻ ഗോപിനാഥന്റെ പ്രതികരണം.