ന്യൂഡല്‍ഹി: ഐസിഐസിഐ ബാങ്കും വീഡിയോകോണ്‍ ഇന്‍ഡസ്ട്രീസ് മേധാവി വേണുഗോപാല്‍ ധൂതും തമ്മില്‍ 2010ല്‍ നടന്ന വസ്തു ഇടപാടില്‍ ആദായനികുതി വകുപ്പ് അന്വേഷണം ആരംഭിച്ചു. ഐസിഐസിഐ ബാങ്ക്-വീഡിയോകോണ്‍ വായ്പ ഇടപാടില്‍ നികുതി വെട്ടിപ്പ് നടന്നിട്ടുണ്ടെന്ന കേസിന്റെ ഭാഗമായാണ് വസ്തു ഇടപാടും ആദായനികുതി വകുപ്പ് അന്വേഷിക്കുന്നത്. മുംബൈ നഗരഹൃദയത്തില്‍ ഉണ്ടായിരുന്ന 13 നില കെട്ടിടമായ രാധിക അപ്പാര്‍ട്ട്മെന്റാണ് 2010ല്‍ ഐസിഐസിഐ ബാങ്ക് വീഡിയോകോണിന് വിറ്റത്.

ബാങ്കിലെ ജീവനക്കാരുടെ ക്വാട്ടേഴ്സ് ആയി ഉപയോഗിച്ചിരുന്ന കെട്ടിടമായിരുന്നു ഇത്. വിപണിവിലയേക്കാള്‍ കുറഞ്ഞ വിലയ്ക്കാണ് കെട്ടിടം വേണുഗോപാല്‍ ധൂതിന്റെ കമ്പനിക്ക് വിറ്റതെന്ന ആരോപണം ഉയരുന്നുണ്ട്. സ്ക്വയര്‍ഫീറ്റിന് 17,000 രൂപ നിരക്കില്‍ 61 കോടിക്കാണ് ധൂതിന് കെട്ടിടം വിറ്റതെന്നാണ് വിവരം. എന്നാല്‍ സ്ക്വയര്‍ഫീറ്റിന് 25,000 രൂപ വിലയുളളപ്പോഴാണ് കുറഞ്ഞ വിലയ്ക്ക് വിറ്റത്. 2010ല്‍ വീഡിയോകോണ്‍ മുംബൈയില്‍ കമ്പനി തുടങ്ങിയിരുന്നു. ഇവിടത്തെ ജീവനക്കാര്‍ക്ക് വേണ്ടിയാണ് കെട്ടിടം വാങ്ങിയതെന്നാണ് ധൂത് വ്യക്തമാക്കിയത്. ആദായനികുതി വകുപ്പ് നടപടിയില്‍ പ്രതികരണം തേടിയെങ്കിലും ഐസിഐസിഐ ബാങ്കും വീഡിയോകോണും പ്രതികരിക്കാന്‍ തയ്യാറായില്ല.

വീഡിയോകോണും, ന്യൂപവര്‍ റിന്യൂവബിള്‍സ് എന്ന ഊര്‍ജ കമ്പനിയും ഉള്‍പ്പെടുന്ന വായ്‌പ ഇടപാടിന്‍റെ പേരില്‍ ഐസിഐസിഐ ബാങ്കിന്‍റെ ചീഫ് എക്സിക്യൂട്ടീവ് ഓഫീസറും, മാനേജിങ് ഡയറക്ടറുമായ ചന്ദാ കൊച്ചാറിനെതിരെ സെബി നോട്ടീസ് അയച്ചിരുന്നു. 2012 ലാണ് ദീപക് കൊച്ചാറിന്‍റെ ഭര്‍ത്താവും, വീഡിയോകോണ്‍ മേധാവി വേണുഗോപാല്‍ ദൂതും കൂടി ന്യൂപവര്‍ റിന്യൂവബിള്‍സ് എന്ന ഊര്‍ജ കമ്പനിയുണ്ടാക്കിയത്. ഇതിന് 3,250 കോടി രൂപയാണ് ഐസിഐസിഐ ബാങ്ക് വായ്‌പ നല്‍കിയത്. ഇടപാട് കഴിഞ്ഞ് ആറു മാസത്തിന് ശേഷം ന്യൂപവര്‍ റിന്യൂവബിള്‍സിന്‍റെ ഭൂരിപക്ഷം ഓഹരികളും ദീപക് കൊച്ചാറിന്‍റെ പേരിലായി. എന്നാല്‍ 3,250 കോടി വായ്‌പ എടുത്തതില്‍ 86 ശതമാനവും തിരച്ചടച്ചിരുന്നില്ല. അതിനെത്തുടര്‍ന്ന് 2017 ല്‍ ബാങ്ക് ഇത് കിട്ടാക്കടമായി പ്രഖ്യാപിച്ചു.

ഇടപാട് വിവാദമായതോടെ സിബിഐയും, എൻഫോഴ്‌സ്മെന്റ് ഡയറക്ടറേറ്റുമടക്കമുള്ളവര്‍ അന്വേഷണം ആരംഭിക്കുകയായിരുന്നു. ചന്ദാ കൊച്ചാറിന് പിന്തുണ നല്‍കി കൊണ്ട് നിന്ന ഐസിഐസിഐ ബാങ്ക് ബോര്‍ഡ്‌ നിലപാട് സ്വീകരിച്ചു. 20 ബാങ്കുകള്‍ ഉള്‍പ്പെടുന്ന കൺസോർഷ്യത്തിന്‍റെ ഭാഗമായി നിലവിലെ മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തിലാണ് കടം എഴുതി തള്ളിയത് എന്നാണ് ബോർഡ് വിശദീകരിച്ചത്.

Get Malayalam News and latest news update from India and around the world. Stay updated with today's latest News news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ