ന്യൂഡല്‍ഹി: വളരെ കുറച്ച് ഇന്ത്യക്കാരെ കൃത്യമായി ആദായ നികുതി അടയ്ക്കുന്നുള്ളൂ എന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രസ്താവനയ്ക്ക് പിന്നാലെ, മാര്‍ച്ചിനകം രണ്ട് ലക്ഷം കോടി രൂപ പിരിച്ചെടുക്കണമെന്ന് ആദായ നികുതി വകുപ്പിനോട് കേന്ദ്രസര്‍ക്കാര്‍.
ആദായ നികുതി കുടിശിക ഈടാക്കാനുള്ള വിവിദ് സേ വിശ്വാസ് പദ്ധതിയിലൂടെ പണം പിരിച്ചെടുക്കാനാണ് നിര്‍ദേശം. ഇതിനായി45 ദിവസത്തെ സമയമാണ് നൽകിയിരിക്കുന്നത്. ജൂണിലാണു പദ്ധതി അവസാനിക്കുന്നത്. അതിന് മുമ്പ് തന്നെ പരമാവധി തുക പിരിച്ചെടുക്കാനാണ് കേന്ദ്രസര്‍ക്കാറിന്റെ പദ്ധതി.
Read More: എൻപിആർ: സഹകരിക്കാത്ത സംസ്ഥാനങ്ങളെ അനുനയിപ്പിക്കാൻ ശ്രമങ്ങളുമായി കേന്ദ്രം
പുതിയ പദ്ധതി മാര്‍ച്ച് ആദ്യവാരം നിലവില്‍ വരുമെന്നാണ് പ്രതീക്ഷിക്കുന്നത്. പ്രധാനമന്ത്രിയുടെ ഓഫീസിന്റെ നേരിട്ടുള്ള മേല്‍നോട്ടത്തിലാവും പദ്ധതി നടപ്പിലാക്കുക. റവന്യു സെക്രട്ടറി അജയ് ഭൂഷണ് പാണ്ഡെ പ്രത്യക്ഷ നികുതി വകുപ്പ് ചെയര്മാന് പി.സി മോഡി എന്നിവരായിക്കും പദ്ധതിക്ക് നേതൃത്വം നല്‍കുക.
4,83,000 പ്രത്യക്ഷ നികുതിയുമായി ബന്ധപ്പെട്ട കേസുകള്‍ ഇപ്പോഴും പരിഹാരമില്ലാതെ തുടരുകയാണെന്നാണ് കേന്ദ്രസര്‍ക്കാറിന്റെ കണക്കുകളില്‍നിന്ന് വ്യക്തമാക്കുന്നത്. ഇതില്‍ തീര്‍പ്പുണ്ടാക്കുകയാണ് വിവിദ് വിശ്വാസ് പദ്ധതിയുടെ ലക്ഷ്യം.
മൊത്തം 130 കോടി ജനസംഖ്യയുള്ള രാജ്യത്ത് 1.5 കോടി ആളുകള്‍ മാത്രമാണ് ആദായ നികുതി അടയ്ക്കുന്നതെന്ന് ടൈംസ് നൗ പരിപാടിയില്‍ പ്രധാനമന്ത്രി പറഞ്ഞിരുന്നു. ‘കഴിഞ്ഞ അഞ്ചു വര്‍ഷത്തിനിടെ 1.5 കോടിയിലധികം കാറുകള്‍ ഇന്ത്യയില്‍ വിറ്റു. അതും ചെലവേറിയവ. മൂന്ന് കോടിയിലധികം ഇന്ത്യക്കാര്‍ ബിസിനസ് അല്ലെങ്കില്‍ ടൂറിസത്തിനായി വിദേശത്തേക്ക് പോയി.’ആദായ നികുതി അടയ്ക്കുന്നതിലെ ഉദാസീനതയെ വിമര്‍ശിച്ച് മോദി പറഞ്ഞിരുന്നു.