ഹൈദരാബാദ്: ഈ സ്ഥാനത്ത് ഇരുന്ന് കൊണ്ട് രാഷ്ട്രീയം സംസാരിക്കില്ലെന്ന് ഉപരാഷ്ട്രപതിയായി തെരഞ്ഞെടുക്കപ്പെട്ട എം വെങ്കയ്യ നായിഡു. എന്നാല്‍ ജനങ്ങളെ സംബന്ധിക്കുന്ന പ്രശ്നം ഉയര്‍ത്തിക്കാട്ടില്ല എന്നല്ല ഇത് കൊണ്ട് അര്‍ത്ഥമാക്കുന്നതെന്നും അദ്ദേഹം അറിയിച്ചു. ഉപരാഷ്ട്രപതി പദം അലങ്കരിച്ച തന്റെ മുന്‍ഗാമികളായ എസ് രാധാകൃഷ്ണനേയും സാക്കിര്‍ ഹുസൈനേയും പോലെയുളളവരുടെ പ്രവര്‍ത്തനങ്ങള്‍ പഠിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ ആഴ്ച്ചയാണ് എന്‍ഡിഎ സ്ഥാനാര്‍ത്ഥിയായി വെങ്കയ്യ നായിഡു ഉപരാഷ്ട്രപതി സ്ഥാനത്തേക്ക് തെരഞ്ഞെടുക്കപ്പെട്ടത്.

“രാധാകൃഷ്ണന്‍ എങ്ങനെ പ്രവര്‍ത്തിച്ചു എന്നാണ് ഞാന്‍ പഠിക്കുന്നത്. ഹിദായത്തുളളയും സാക്കിര്‍ ഹുസൈനും എപ്രകാരമാണ് പ്രവര്‍ത്തിച്ചതെന്നാണ് നോക്കുന്നത്. പ്രതിപക്ഷമടക്കം എല്ലാ അംഗങ്ങൾക്കും രാജ്യസഭയിൽ സംസാരിക്കാൻ അവസരം ലഭിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തും. രാജ്യത്തിന്റെ അജണ്ട എന്ന് പറയുന്നത് വികസനം മാത്രമാണ്,” അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

516 വോട്ടുകള്‍ നേടിയാണ് വെങ്കയ്യ നായിഡു ഇന്ത്യയുടെ പതിമൂന്നാം ഉപരാഷ്ട്രപതി ആയി തെരഞ്ഞെടുക്കപ്പെട്ടത്. 244 വോട്ടുകള്‍ മാത്രമാണ് പ്രതിപക്ഷ സ്ഥാനാര്‍ത്ഥിയായ ഗോപാല്‍ കൃഷ്ണ ഗാന്ധിക്ക് ലഭിച്ചത്. 785 എംപിമാരില്‍ 771 പേരാണ് വോട്ട് ചെയ്തത്. 11 വോട്ടുകള്‍ അസാധുവായി.

Get Malayalam News and latest news update from India and around the world. Stay updated with today's latest News news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ