ന്യൂഡൽഹി: കർണാടക നിയമസഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് ജയത്തോട് അടുക്കുമ്പോൾ, ഭാരത് ജോഡോ യാത്രയ്ക്കിടെയുള്ള കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയുടെ വീഡിയോ പങ്കിട്ട് കോൺഗ്രസ്. ”ഞാൻ അജയ്യനാണ്. എനിക്ക് ആത്മവിശ്വാസമുണ്ട്. അതെ, ഇന്ന് എന്നെ തടയാനാവില്ല,” എന്നാണ് കോൺഗ്രസ് ട്വീറ്റിനൊപ്പം കുറിച്ചത്.
കർണാടകയിൽ കേവല ഭൂരിപക്ഷം കടന്ന് കോൺഗ്രസ് 115 ലധികം സീറ്റുകളിൽ മുന്നിട്ടു നിൽക്കുകയാണ്. 224 അംഗ കർണാടക നിയമസഭയിൽ കേവല ഭൂരിപക്ഷത്തിന് 113 സീറ്റുകളാണ് വേണ്ടത്. നിലവിലെ ലീഡ് നില നോക്കിയാൽ കോൺഗ്രസ് കേവല ഭൂരിപക്ഷം നേടി കോൺഗ്രസ് അധികാരത്തിലെത്തുമെന്ന് ഉറപ്പിക്കാനാകും. ആദ്യഘട്ടത്തിൽ പോസ്റ്റൽ വോട്ടുകൾ എണ്ണിത്തീർന്നപ്പോൾ കോൺഗ്രസും ബിജെപിയും തമ്മിൽ ഇഞ്ചോടിച്ച് പോരാട്ടമായിരുന്നു. എന്നാല്‍, വോട്ടെണ്ണല്‍ ഇവിഎമ്മിലേക്ക് കടന്നതോടെ കോൺഗ്രസ് മുന്നേറ്റം പ്രകടമായി.
മൈസൂരു, ഹൈദരാബാദ് കര്‍ണാടക മേഖലകളിലാണ് കോണ്‍ഗ്രസിന്റെ മുന്നേറ്റം. മധ്യ കര്‍ണാടകയിലും തീരദേശ മേഖലയിലുമാണ് ബിജെപിയാണ് മുന്നേറുന്നത്. എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ മിക്കതും തൂക്കുസഭയ്ക്കുള്ള സാധ്യത പ്രവചിച്ചതോടെ കർണാടകയിൽ കിങ് മേക്കറാകുമെന്ന് കരുതിയ എച്ച്.ഡി.കുമാരസ്വാമിയുടെ ജനതാദള്‍ സെക്കുലര്‍ (ജെഡിഎസ്) പലയിടത്തും തിരിച്ചടി നേരിടുകയാണ്.
2018 ൽ 104 സീറ്റുകള്‍ നേടി ബിജെപി ഏറ്റവും വലിയ ഒറ്റ കക്ഷിയായിരുന്നു. പക്ഷേ, 78 സീറ്റുകള്‍ നേടിയ കോണ്‍ഗ്രസും 37 സീറ്റുകള്‍ നേടിയ ജെഡിഎസും ചേര്‍ന്ന് സര്‍ക്കാര്‍ രൂപീകരിക്കുകയായിരുന്നു. എന്നാല്‍ മാസങ്ങള്‍ക്ക് ശേഷം കോണ്‍ഗ്രസില്‍ നിന്നും ജെഡിഎസില്‍ നിന്നും എംഎല്‍എമാരെ തങ്ങളുടെ പക്ഷത്തേക്ക് എത്തിച്ച് ബിജെപി സർക്കാർ രൂപീകരിക്കുകയായിരുന്നു. ഓപ്പറേഷന്‍ കമല എന്ന പേരിലായിരുന്നു ബിജെപി ഈ നീക്കം നടത്തിയത്.
എന്നാൽ, ഇത്തവണ കർണാടകയിൽ ഓപ്പറേഷൻ കമല ഉണ്ടാകില്ലെന്നാണ് തിരഞ്ഞെടുപ്പ് ഫലങ്ങൾ കാണിക്കുന്നത്. ബിജെപിയെ നിലംപരിശാക്കി പലയിടങ്ങളിലും കോൺഗ്രസ് മുന്നേറ്റമാണ് നടത്തുന്നത്. പ്രതീക്ഷിച്ചതുപോലെ കേവല ഭൂരിപക്ഷം നേടി അധികാരത്തിലെത്തുമെന്ന് കോൺഗ്രസ് ഏറെക്കുറെ ഉറപ്പിച്ചിരിക്കുകയാണ്.