ന്യൂഡല്‍ഹി: ഇന്ത്യന്‍ മാധ്യമങ്ങളെ തനിക്ക് ഏറെ ഇഷ്ടമാണെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ മകന്‍ ട്രംപ് ജൂനിയര്‍. ഇന്ത്യന്‍ മാധ്യമങ്ങള്‍ ‘ശാന്തവും മൃദുലവും’ ആണെന്ന് അദ്ദേഹം പറഞ്ഞു. എന്നാല്‍ അമേരിക്കന്‍ മാധ്യമങ്ങള്‍ ‘മൃഗീയവും ആക്രമണകാരികളും’ ആണെന്ന് അദ്ദേഹം പറഞ്ഞു. ന്യൂഡല്‍ഹിയില്‍ നടക്കുന്ന ലോക ബിസിനസ് ഉച്ചകോടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘ഇന്ത്യയുടെ ചരിത്രത്തില്‍ ആദ്യമായി ഞാനാകാം ഇന്ത്യന്‍ മാധ്യമങ്ങളെ ഇഷ്ടമാണെന്ന് പറയുന്നയാള്‍. അവര്‍ വളരെ മൃദുലവും ശാന്തതയും കാണിക്കുന്നവരാണ്. ഞാന്‍ ആദ്യമായല്ല ഇന്ത്യയിലെത്തുന്നത്. നേരത്തേ വാഷിംഗ്ടണ്‍ പോസ്റ്റ് എന്നെ കുറിച്ച് എഴുതിയത് ഇപ്രകാരമാണ്, ‘പാവങ്ങള്‍ ചിരിക്കുന്നത് കൊണ്ട് ട്രംപ് ജൂനിയറിന് അവരെ ഇഷ്ടമാണ്’. നേരത്തേ അദ്ദേഹം ഇന്ത്യയിലെ ജനങ്ങളെ കുറിച്ച് പറഞ്ഞത് വാഷിംഗ്ടണ്‍ റിപ്പോര്‍ട്ട് ചെയ്തതിനെ കുറിച്ചായിരുന്നു പരാമര്‍ശം. ഭരണപാര്‍ട്ടികളുടെ കുഴലൂത്തുകാരായി ഇന്ത്യന്‍ മാധ്യമങ്ങള്‍ മാറുന്നെന്ന ആക്ഷേപത്തിനിടയ്ക്കാണ് ട്രംപ് ജൂനിയറിന്റെ പരാമര്‍ശം.

രാഷ്ട്രീയ കാര്യങ്ങളെ കുറിച്ച് പ്രതികരിക്കാന്‍ മടിച്ച ട്രംപ് ജൂനിയര്‍ താനൊരു ബിസിനസുകാരനായിട്ടാണ് ഇവിടെ എത്തിയിരിക്കുന്നതെന്ന് പ്രതികരിച്ചു. ഇന്ത്യയിലെ ബിസിനസ് ഏറെ മെച്ചപ്പെടുകയാണെന്നും മുമ്പത്തേക്കാള്‍ 10 മടങ്ങ് നിക്ഷേപം നടത്തുമെന്നും അദ്ദേഹം വ്യക്തമാക്കി. നേരത്തേ താന്‍ ഭൂമി കച്ചവടത്തിനായി ഇന്ത്യയിലെത്തിയപ്പോള്‍ ഒരു ബ്രോക്കര്‍ ഇടപെട്ട് ഇടപാട് നശിപ്പിച്ച സംഭവവും അദ്ദേഹം വിശദീകരിച്ചു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ