scorecardresearch
Latest News

‘ജയിലിൽ പോകുമെന്ന് എനിക്കറിയാം, പക്ഷേ പിഴ അടച്ചാൽ ഞാൻ തെറ്റ് ചെയ്തുവെന്ന് അർത്ഥമാക്കും’

2009 സെപ്റ്റംബർ, ഒക്ടോബർ മാസങ്ങളിൽ ഛത്തീസ്ഗഡിലെ ദന്തേവാഡ ജില്ലയിലെ ഗ്രാമങ്ങളിൽ 12 വയസ്സുള്ള ഒരു പെൺകുട്ടി ഉൾപ്പെടെ 17 ആദിവാസികൾ കൊല്ലപ്പെടുകയും നിരവധി പേർക്ക് പരുക്കേൽക്കുകയും അവരുടെ വീടുകൾ തകർക്കുകയും ചെയ്തതാണ് സംഭവം

Himanshu Kumar, activist, ie malayalam

സുപ്രീം കോടതി ചുമത്തിയ അഞ്ചു ലക്ഷം രൂപ നൽകില്ലെന്ന് ആക്ടിവിസ്റ്റ് ഹിമാൻഷു കുമാർ. 2009-ൽ ദന്തേവാഡയിലെ ആന്റി മാവോയിസ്റ്റ് ഓപ്പറേഷനുകളിൽ സുരക്ഷാ സേനയുടെ നിയമവിരുദ്ധ പീഡനങ്ങളും കൊലപാതകങ്ങളും അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് ഹിമാൻഷു സമർപ്പിച്ച ഹർജി കോടതി തള്ളിയിരുന്നു.

“ജയിലിൽ പോകുമെന്ന് എനിക്കറിയാം. പിഴയടയ്ക്കുക എന്നതിനർത്ഥം ഞാൻ എന്തെങ്കിലും തെറ്റ് ചെയ്തുവെന്ന് അംഗീകരിക്കുക എന്നതാണ്,” 17 വർഷമായി ദന്തേവാഡയിൽ വനവാസി ചേത്‌ന ആശ്രമം എന്ന എൻ‌ജി‌ഒ നടത്തിയിരുന്ന കുമാർ ദി ഇന്ത്യൻ എക്സ്പ്രസിനോട് പറഞ്ഞു. ദന്തേവാഡ ആരോപണങ്ങളുടെ പശ്ചാത്തലത്തിൽ ഭീഷണിയുണ്ടായതിനെ തുടർന്ന് അൻപത്തിയേഴുകാരന് 2010-ൽ സംസ്ഥാനം വിടേണ്ടി വന്നു.

2009 സെപ്റ്റംബർ, ഒക്ടോബർ മാസങ്ങളിൽ ഛത്തീസ്ഗഡിലെ അന്നത്തെ ദന്തേവാഡ (ഇപ്പോൾ സുക്മ) ജില്ലയിലെ ഗ്രാമങ്ങളിൽ 12 വയസ്സുള്ള ഒരു പെൺകുട്ടി ഉൾപ്പെടെ 17 ആദിവാസികൾ കൊല്ലപ്പെടുകയും നിരവധി പേർക്ക് പരുക്കേൽക്കുകയും അവരുടെ വീടുകൾ തകർക്കുകയും ചെയ്തതാണ് സംഭവം. ആദിവാസികളെ സുരക്ഷാ സേന കൊലപ്പെടുത്തിയെന്ന് കുമാറും നിരവധി ഗ്രാമവാസികളും ആരോപിച്ചപ്പോൾ, രമൺ സിങ്ങിന്റെ നേതൃത്വത്തിലുള്ള ബിജെപി സർക്കാർ അതിനു നക്സലുകളെ കുറ്റപ്പെടുത്തി.

2009-ൽ കുമാർ കോടതിയെ സമീപിച്ചതിനെത്തുടർന്ന്, ഗ്രാമങ്ങളിലൊന്നായ ഗോമ്പാടിന്റെ പ്രാന്തപ്രദേശത്ത് നിന്ന് പൊലീസ് ഏഴ് മൃതദേഹങ്ങൾ പുറത്തെടുത്തു.

സിബിഐയോടും സംസ്ഥാന പൊലീസിനോടും സുരക്ഷാ ഉദ്യോഗസ്ഥരെ അപകീർത്തിപ്പെടുത്താനും ഇടതുപക്ഷ തീവ്രവാദികളെ സഹായിക്കാനും ബോധപൂർവം പൊതുതാൽപര്യ ഹർജി സമർപ്പിച്ചിട്ടുണ്ടോ എന്ന് അന്വേഷിക്കാനാണ് ആദിവാസികളുടെ മരണത്തിൽ അന്വേഷണം ആവശ്യപ്പെട്ടുള്ള അദ്ദേഹത്തിന്റെ ഹർജി വ്യാഴാഴ്ച തള്ളിക്കൊണ്ട് സുപ്രീം കോടതി പറഞ്ഞത്. പിഴയായി 5 ലക്ഷം രൂപ നാലാഴ്ചയ്ക്കകം കുമാർ അടയ്ക്കണമെന്നും കോടതി ഉത്തരവിട്ടു, ഇല്ലെങ്കിൽ അധികാരികൾക്ക് ഉചിതമായ നടപടികൾ സ്വീകരിക്കാം.

“ഇത് ഐപിസി 211-ാം വകുപ്പ് പ്രകാരമുള്ള കുറ്റത്തിന് മാത്രമായി പരിമിതപ്പെടുത്തരുത്. ക്രിമിനൽ ഗൂഢാലോചനയുടെയോ ഐപിസി പ്രകാരമുള്ള മറ്റേതെങ്കിലും കുറ്റകൃത്യത്തിന്റെയോ ഒരു കേസും ഉയർന്നുവന്നേക്കാം… ഞങ്ങൾ അത് ഛത്തീസ്ഗഡ് സംസ്ഥാനത്തിന്റെ / സിബിഐയുടെ വിവേചനാധികാരത്തിന് വിടുന്നു,” കുമാറിനെതിരെ നടപടി ആവശ്യപ്പെട്ടുകൊണ്ട് കോടതി പറഞ്ഞു.

“ഉത്തരവ് പരിശോധിക്കുന്നു” വെന്നാണ് സംസ്ഥാനത്തെ കോൺഗ്രസ് സർക്കാരിന്റെ ഉദ്യോഗസ്ഥർ പറഞ്ഞത്. എന്നാൽ, ബിജെപി കോടതി വിധിയെ അഭിനന്ദിച്ചു. “ആ സമയത്ത് നമ്മുടെ സൈന്യം തെറ്റ് ചെയ്തിട്ടില്ലെന്ന് സുപ്രീം കോടതി വ്യക്തമാക്കി. ഹിമാൻഷു കുമാറും മറ്റുള്ളവരും നിരപരാധികളായ ആദിവാസികളെ സുരക്ഷാ സേന കൊലപ്പെടുത്തിയതിയെന്നാരോപിച്ച് ശബ്ദമുയർത്തി. ഈ ഉത്തരവിലൂടെ ഞങ്ങൾ ഒരു തരത്തിൽ ന്യായീകരിക്കപ്പെട്ടു, അദ്ദേഹത്തിനെതിരായ നടപടി ന്യായമാണ്,” സംഭവ സമയത്ത് മുഖ്യമന്ത്രിയായിരുന്ന രമൺ സിങ് പറഞ്ഞു.

സുപ്രീം കോടതിയിൽ ഹർജി നൽകിയതു മുതൽ താൻ അധികാരികളുടെ വലയത്തിലായിരുന്നുവെന്ന് കുമാർ പറയുന്നു. ഛത്തീസ്ഗഡിൽ നിന്ന് “ഒറ്റരാത്രികൊണ്ട്” പലായനം ചെയ്യേണ്ടി വന്നുവെന്ന് അദ്ദേഹം പറഞ്ഞു. വനവാസി ചേതന ആശ്രമം പിന്നീട് തകർക്കപ്പെട്ടു. “എന്റെ സഹ-ഹരജിക്കാരെ (കൊല്ലപ്പെട്ടവരിൽ ചിലരുടെ കുടുംബാംഗങ്ങളും ദൃക്‌സാക്ഷികളും) തട്ടിക്കൊണ്ടുപോയി, കോടതി ഉത്തരവുണ്ടായിട്ടും അവരോട് സംസാരിക്കാൻ എന്നെ അനുവദിച്ചില്ല. എന്നെ നിശ്ശബ്ദനാക്കാൻ സംസ്ഥാനം തീവ്രമായ നടപടികൾ സ്വീകരിക്കാൻ തയ്യാറാണെന്നും ഞാൻ പോകണമെന്നും എന്റെ ചില സുഹൃത്തുക്കൾ എന്നെ അറിയിച്ചു.”

2009 സെപ്‌റ്റംബർ 17-ന് ഗച്ചൻപള്ളിയിൽവച്ച് ആറ് പേരെയും വെൽപോച്ചയിലും നാൽകത്തോങ്ങിലും രണ്ട് പേരെയും ഒക്‌ടോബർ ഒന്നിന് ഗോമ്പാടിൽ ഒമ്പത് പേരെയും സുരക്ഷാ സേന വധിച്ചതായി കുമാർ അവകാശപ്പെട്ടു. യാതൊരുവിധ കാരണവുമില്ലാതെ സുരക്ഷാ ഉദ്യോഗസ്ഥർ ആക്രമിക്കുന്നത് മരിച്ചയാളുടെ കുടുംബാംഗങ്ങളും അയൽവാസികളും കണ്ടതായി സുപ്രീം കോടതിയിൽ സമർപ്പിച്ച ഹർജിയിൽ കുമാർ പറയുന്നു.

സുരക്ഷാ ഉദ്യോഗസ്ഥർ ഉണ്ടായിരിക്കെ, അവർ മാവോയിസ്റ്റുകളോട് സംസാരിക്കുകയായിരുന്നുവെന്ന് കേന്ദ്രം പറഞ്ഞു- ഇത് സുപ്രീം കോടതി ശരിവച്ചു. ഡൽഹിയിൽ ജില്ലാ ജഡ്ജിക്ക് മുന്നിൽ ഗ്രാമവാസികൾ നൽകിയ മൊഴി രേഖകൾ നഷ്ടമായെന്നും കേന്ദ്രം വ്യക്തമാക്കി.

സുപ്രീം കോടതി തന്റെ ഹർജി തള്ളിയതിന്റെ അർത്ഥം “നിരവധി കുടുംബങ്ങൾക്ക് നീതി ലഭിക്കുമെന്ന പ്രതീക്ഷ നഷ്‌ടപ്പെട്ടു” എന്നാണ് കുമാർ പറയുന്നത്.

ഉത്തർപ്രദേശിലെ മുസാഫർനഗറിൽ സ്വാതന്ത്ര്യ സമര സേനാനികളായ മാതാപിതാക്കളുടെ മകനായി ജനിച്ച കുമാർ മീററ്റിലെ ഗാന്ധി ആശ്രമത്തിലാണ് വളർന്നത്. അദ്ദേഹത്തിന്റെ പിതാവ് വിനോബ ഭാവെയുമായി അടുത്ത് പ്രവർത്തിച്ചിരുന്നു, തന്നിൽ അദ്ദേഹത്തിന് വലിയ സ്വാധീനമുണ്ടായിരുന്നുവെന്ന് കുമാർ പറയുന്നു.

വിവാഹശേഷം, ഗോത്രവർഗക്കാർക്കുവേണ്ടി പ്രവർത്തിക്കാൻ അദ്ദേഹം ഭാര്യയോടൊപ്പം ഛത്തീസ്ഗഢിലേക്ക് മാറി. ബസ്തറിൽ കഠിനമായി പ്രവർത്തിച്ചു, പലപ്പോഴും കാൽനടയായി ദീർഘദൂരം സഞ്ചരിച്ച് ദുർഘടമായ ഭൂപ്രദേശങ്ങളിൽ എത്തി.

“ഇപ്പോൾ, ഈ വിഷയം ഉന്നയിച്ചതിനും കോടതിയിൽ കൊണ്ടുവന്നതിനും അവർ എന്റെ പിന്നാലെ വരാൻ ഉദ്ദേശിക്കുന്നു,” കുമാർ പറയുന്നു. “ഞാൻ ജയിലിൽ പോകുമെന്ന് ഉറപ്പാണ്, പക്ഷേ ഈ പ്രശ്നം കോടതിയിൽ കൊണ്ടുവന്നതിൽ ഞാൻ ഖേദിക്കുന്നില്ല.”

Stay updated with the latest news headlines and all the latest News news download Indian Express Malayalam App.

Web Title: I know i will go to jail but paying the fine would mean i did a wrong dantewada activist