ബെംഗളൂരു: ബിജെപിയില്‍ ചേര്‍ന്നു എന്ന വാര്‍ത്തകളോട് പ്രതികരിച്ച് ഒളിമ്പ്യന്‍ അഞ്ജു ബോബി ജോര്‍ജ്. താന്‍ ബിജെപിയില്‍ ചേര്‍ന്നിട്ടില്ല എന്ന് അഞ്ജു പറഞ്ഞു. ബിജെപിയില്‍ ചേര്‍ന്നു എന്ന തരത്തില്‍ പുറത്തുവന്നുകൊണ്ടിരിക്കുന്ന വാര്‍ത്തകളെ അഞ്ജു നിഷേധിക്കുകയും ചെയ്തു.

കര്‍ണാടകയിലെ ബിജെപി ഘടകം സംഘടിപ്പിച്ച പാര്‍ട്ടി അംഗത്വ വിതരണ പരിപാടിയുടെ വേദിയില്‍ അഞ്ജു ബോബി ജോര്‍ജ് നില്‍ക്കുന്നതും പാര്‍ട്ടി പതാക കയ്യിലേന്തിയിരിക്കുന്നതുമായ ചിത്രങ്ങള്‍ നേരത്തെ പുറത്തുവന്നിരുന്നു. ഈ ചിത്രങ്ങള്‍ സഹിതമാണ് അഞ്ജു ബിജെപിയില്‍ ചേര്‍ന്നു എന്ന വാര്‍ത്ത പ്രചരിച്ചതും. എന്നാല്‍, അത് തെറ്റിദ്ധാരണയുടെ പുറത്താണെന്ന് വ്യക്തമാക്കുകയാണ് അഞ്ജു ബോബി ജോര്‍ജ്.

കുടംബ സുഹൃത്തായ ബിജെപി എംപി വി.മുരളീധരനെ കാണാനാണ് പാര്‍ട്ടി പരിപാടി നടക്കുന്ന വേദിയിലെത്തിയതെന്ന് അഞ്ജു ബോബി ജോര്‍ജ് പറഞ്ഞു. “വി.മുരളീധരനെ കാണാന്‍ പോയതാണ്. അപ്പോള്‍ അദ്ദേഹം പാര്‍ട്ടി പരിപാടിയില്‍ പങ്കെടുക്കുകയായിരുന്നു. താഴെ നില്‍ക്കുന്നത് കണ്ടപ്പോള്‍ വേദിയിലേക്ക് ക്ഷണിക്കുകയായിരുന്നു. പിന്നീട് പാര്‍ട്ടി ഫ്‌ളാഗ് കയ്യില്‍ പിടിക്കാന്‍ തന്നു. ബിജെപിയുടെ അംഗത്വ വിതരണ ക്യാംപയിനാണ് നടക്കുന്നതെന്ന് അറിയില്ലായിരുന്നു. ബിജെപിയില്‍ ചേര്‍ന്നു എന്ന തരത്തിലുള്ള വാര്‍ത്തകളെല്ലാം തെറ്റാണ്. അംഗത്വ വിതരണ പരിപാടിയായതിനാല്‍ മറ്റുള്ളവര്‍ തെറ്റിദ്ധരിക്കപ്പെട്ടതാകാം” എന്നും അഞ്ജു ബോബി ജോര്‍ജ് പറഞ്ഞു. ഏഷ്യാനെറ്റ് ന്യൂസിനോടായിരുന്നു അഞ്ജുവിന്റെ വിശദീകരണം.

അഞ്ജു ബോബി ജോര്‍ജ് തന്നെ കാണാനായാണ് ബെംഗളൂരുവിലെ ചടങ്ങിനെത്തിയതെന്നും അവര്‍ പാര്‍ട്ടിയില്‍ ചേര്‍ന്നിട്ടില്ലെന്നും കേന്ദ്ര സഹമന്ത്രി വി.മുരളീധരനും പറഞ്ഞു. പരിപാടിക്കെത്തിയപ്പോള്‍ ബി.ജെ.പിയുടെ പതാക പിടിച്ച് യെഡിയൂരപ്പയോടൊപ്പം ചിത്രമെടുക്കുക മാത്രമാണ് ചെയ്തതെന്നും വി. മുരളീധരന്‍ പറഞ്ഞു.

ലോങ്ജംപ് താരം അഞ്ജു ബോബി ജോര്‍ജ് ബി.ജെ.പി.യില്‍ ചേര്‍ന്നതായി എ.എന്‍.ഐ. ഉള്‍പ്പെടെയുള്ള വാര്‍ത്താ ഏജന്‍സികള്‍ നേരത്തെ റിപ്പോര്‍ട്ട് ചെയ്തിരുന്നു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook