ബെംഗളൂരു: നിയമസഭാ തിരഞ്ഞെടുപ്പിലെ ഉജ്വല വിജയത്തിന് ശേഷം ആര് മുഖ്യമന്ത്രിയാകുമെന്ന ആകാംഷയിലാണ് കര്‍ണാടക ജനത. പാര്‍ട്ടിയുടെ സംസ്ഥാന അധ്യക്ഷന്‍ ഡി കെ ശിവകുമാര്‍, മുതിര്‍ന്ന നേതാവ് സിദ്ധരാമയ്യ എന്നിവരുടെ പേരുകളാണ് ഉയര്‍ന്ന് കേള്‍ക്കുന്നത്. സിദ്ധരാമയ്യക്കാണ് സാധ്യതകള്‍ കൂടുതലെന്നും സൂചനകളുണ്ട്.
അഭ്യൂഹങ്ങള്‍ പലതും ഉയരുന്ന സാഹചര്യത്തില്‍ മുഖ്യമന്ത്രി സ്ഥാനത്തേക്കുള്ള തന്റെ പ്രധാന എതിരാളിയായ സിദ്ധരാമയ്യയുമായി ഭിന്നതകളില്ലെന്ന് വ്യക്തമാക്കിയിരിക്കുകയാണ് ശിവകുമാര്‍. എനിക്ക് സിദ്ധരാമയ്യയുമായി ഭിന്നതയുണ്ടെന്ന് പലരും പറയുന്നുണ്ട്, എന്നാല്‍ അത്തരം ആരോപണങ്ങള്‍ വസ്തുതാ വിരുദ്ധമാണ്, ശിവകുമാര്‍ പറഞ്ഞു.
സിദ്ധരാമയ്യയുടേയും ശിവകുമാറിന്റേയും വസതികള്‍ക്ക് മുന്നില്‍ അടുത്ത മുഖ്യമന്ത്രി എന്നെഴുതിയ പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടതിന് മണിക്കൂറുകള്‍ക്ക് ശേഷമാണ് പ്രതികരണം. ഒരുപാട് തവണ ഞാന്‍ പാര്‍ട്ടിക്കായി ത്യാഗം ചെയ്തിട്ടുണ്ട്. ത്യാഗം ചെയ്യുകയും സിദ്ധരാമയ്യയോടൊപ്പം നിന്ന് സഹായിക്കുകയും ചെയ്തു, ശിവകുമാര്‍ കൂട്ടിച്ചേര്‍ത്തു.
കര്‍ണാടകയില്‍ ആര് ഭരണപക്ഷത്തെ നയിക്കണമെന്നതില്‍ തീരുമാനമെടുക്കാന്‍ കോണ്‍ഗ്രസ് മൂന്നംഗ നിരീക്ഷണ സമിതിയെ ചുമതലപ്പെടുത്തി. സുശീല്‍ കുമാര്‍ ഷിന്‍ഡെ (മുന്‍ മഹാരാഷ്ട്ര മുഖ്യമന്ത്രി), ജിതേന്ദ്ര സിങ് (എഐസിസി ജെനറല്‍ സെക്രട്ടറി), ദീപക് ബാബരിയ (മുന്‍ എഐസിസി ജെനറല്‍ സെക്രട്ടറി) എന്നിവരാണ് സമിതിയിലുള്ളത്.
അതേസമയം, തിരഞ്ഞെടുപ്പ് തോല്‍വിക്ക് ശേഷം മുഖ്യമന്ത്രിസ്ഥാനം രാജിവച്ച ബിജെപി നേതാവ് ബാസവരാജ് ബൊമ്മൈ സിദ്ധരാമയ്യക്കും ശിവകുമാറിനും ആശംസകള്‍ അറിയിച്ചു. കോണ്‍ഗ്രസ് വാഗ്ദാനങ്ങള്‍ നിറവേറ്റുമൊ എന്ന ചോദ്യത്തിന് മന്ത്രിസഭ രൂപികരിച്ച് എന്തൊക്കെ നടപ്പിലാക്കുമെന്ന് നോക്കാമെന്നായിരുന്നു ബൊമ്മൈയുടെ മറുപടി.
ബിജെപി സര്‍ക്കാരിനെതിരായ ഭരണവിരുദ്ധ വികാരത്തിന്റെ ആനുകൂല്യത്തില്‍ കര്‍ണാടകയില്‍ ഉജ്വല വിജയമായിരുന്നു കോണ്‍ഗ്രസിന് ലഭിച്ചത്. 224 അംഗ നിയമസഭയില്‍ 135 സീറ്റിലും കോണ്‍ഗ്രസിന് വിജയിക്കാനായി. ബിജെപി 66 സീറ്റിലേക്ക് ചുരുങ്ങി. 19 മണ്ഡലങ്ങളില്‍ മാത്രമാണ് ജെഡിഎസിന് വിജയിക്കാനായത്.