തിരുവനന്തപുരം: തിരുവനന്തപുരത്ത് മകന്റെ കുത്തേറ്റ് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന പുളിയറക്കോണം സ്വദേശിനി ദീപ (35) അപകടനില തരണം ചെയ്തു. മകനെതിരെ തനിക്ക് പരാതികള്‍ ഒന്നുമില്ലെന്നാണ് ദീപ പൊലീസിനോട് പറഞ്ഞത്. ലഹരിക്ക് അടിമയായ മകനെ ചികിത്സയ്ക്ക് വിധേയനാക്കണമെന്നും ഇവര്‍ അപേക്ഷിച്ചു.

എന്നാല്‍ അമ്മയുടെ ചില രീതികള്‍ ഇഷ്ടപ്പെടാത്തത് കൊണ്ടാണ് അക്രമിച്ചതെന്നാണ് കൗമാരക്കാരന്‍ മൊഴി നല്‍കിയത്. ഒന്നര വര്‍ഷം മുമ്പ് അച്ഛന്‍ ഉപേക്ഷിച്ച് പോയതിന് ശേഷമുള്ള അമ്മയുടെ ജീവിതരീതിയില്‍ താന്‍ തൃപ്തനല്ലാത്തത് കൊണ്ടാണ് ആക്രമണം നടത്തിയതെന്നും മകന്‍ പറഞ്ഞു.

കഴുത്തിലും വയറിന്റെ ഭാഗത്തുമാണ് ദീപയ്ക്ക് കുത്തേറ്റത്. മുറിവുകള്‍ ആഴത്തിലുള്ളതല്ല. ജനറല്‍ ആശുപത്രിയില്‍ നിന്നും ഉച്ചയ്ക്ക് 1.30നാണ് ദീപയെ മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടു വന്നത്. അത്യാഹിത വിഭാഗത്തിലെ നിരീക്ഷണത്തിന് ശേഷം ദീപയെ വാര്‍ഡില്‍ പ്രവേശിപ്പിച്ചു.

സെക്രട്ടേറിയറ്റിനു മുന്നിൽവച്ച് ഇന്നലെ ഉച്ചയക്ക് ജനങ്ങൾ നോക്കിനിൽക്കേയാണ് മകൻ അമ്മയെ കുത്തിയത്. ഇരുവരും സംസാരിക്കുന്നതിനിടെ പെട്ടെന്നു മകൻ കോമ്പസുപയോഗിച്ച് അമ്മയെ കുത്തുകയായിരുന്നുവെന്നാണ് ദൃക്സാക്ഷികൾ പറയുന്നത്. ഇതിനുശേഷം ഓടി രക്ഷപ്പെടാൻ ശ്രമിച്ച മകനെ പിന്നീട് പൊലീസ് പിടികൂടുകയായിരുന്നു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ