ചെന്നൈ: പറയാതെ ബാക്കി വച്ച ഒന്നും പറയില്ലെന്ന് ഒ.പനീർശെൽവം. ശശികലയുമായി ഉണ്ടായ തർക്കത്തെ തുടർന്ന് താൻ ഉന്നയിച്ചത് വെറും പത്തു ശതമാനം കാര്യങ്ങൾ മാത്രമാണെന്ന് നേരത്തേ ഇദ്ദേഹം വ്യക്തമാക്കിയിരുന്നു. ശേഷിച്ച 90 ശതമാനം കാര്യങ്ങളും മനസ്സിനകത്ത് ചിതയൊരുക്കി അതിലിട്ടുവെന്നും ഇനി പുറത്തുവിടില്ലെന്നും പനീർശെൽവം പറഞ്ഞു. ദി ഹിന്ദു പത്രത്തിന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.

“പാർട്ടി പ്രവർത്തകർ ഒന്നൊന്നായി വീട്ടിലേക്ക് വരികയും എന്റെ നിലപാടുകളെ സ്വാഗതം ചെയ്യുകയും ചെയ്തിട്ടുണ്ട്. നിയമസഭയിലും ഇതിന്റെ തുടർച്ച കാണാൻ സാധിക്കും. ആരൊക്കെ ശശികലയ്ക്കൊപ്പം ഉണ്ടെന്ന് അവകാശപ്പെട്ടാലും നിയമസഭാ യോഗത്തിൽ എന്റെ സ്വാധീനം തെളിയിക്കും. ഞാൻ നിശബ്ദനായിരുന്നാൽ സത്യം എല്ലാ കാലത്തും മറച്ചുവയ്‌ക്കപ്പെടുമെന്ന് തോന്നിയതിനാലാണ് പരസ്യ പ്രതികരണവുമായി മുന്നോട്ട് വന്നത്. ശശികലയ്‌ക്ക് വേണ്ടി രാജിവച്ചപ്പോൾ പല ഭാഗത്തു നിന്നും വിമർശനങ്ങൾ ഉയർന്നു. അതിനാലാണ് താൻ രാജിവച്ചതല്ല, തന്നെ നിർബന്ധിച്ച് രാജിവയ്‌പ്പിച്ചതാണെന്ന് പറഞ്ഞത്.”

“ശശികല മുഖ്യമന്ത്രിയാവുമോ ഇല്ലയോ എന്നത് ജനങ്ങൾ തീരുമാനിക്കേണ്ട കാര്യമാണെന്ന് അദ്ദേഹം അഭിമുഖത്തിൽ പറയുന്നു. ജയലളിത ഒരിക്കലും എന്നെ മാറ്റിനിർത്തിയിരുന്നില്ല. അമ്മയുടെ വിശ്വസ്തനായ വേലക്കാരനായിരുന്നു ഞാൻ. അമ്മ പറയുന്നതെന്തും അനുസരിക്കുകയല്ലാതെ ഒരു കാര്യത്തിലും ഉപദേശിക്കാൻ ശ്രമിച്ചിട്ടില്ല. അമ്മ ആശുപത്രിയിൽ ദിവസങ്ങളോളം കിടന്നപ്പോൾ ഒരിക്കൾ പോലും കാണാൻ അവസരം കിട്ടാതിരുന്നത് ഒരിക്കലും മറക്കാത്ത വേദനയാണ്”.

“ശശികലയുടെ ബന്ധുക്കളാരും തന്നെ ഞാൻ മുഖ്യമന്ത്രിയായിരിക്കെ ഭരണത്തിൽ ഇടപെട്ടില്ല. അച്ചടക്കമുള്ള പാർട്ടി പ്രവർത്തകനെന്ന നിലയിൽ എല്ലാ കാലത്തും അമ്മയെ കുറിച്ച് നന്ദിയോടെ മാത്രമേ സംസാരിച്ചിട്ടുള്ളൂ. ശശികല പാർട്ടിയുടെ ജനറൽ സെക്രട്ടറിയായപ്പോൾ അതേ നിലയിൽ തന്നെയാണ് പെരുമാറിയത്. അമ്മ വിൽപ്പത്രം എഴുതിയിട്ടുണ്ടെങ്കിൽ അത് നിയമ വിദഗ്ദ്ധർക്ക് മാത്രമേ അറിയൂ. അങ്ങിനെയൊരാൾ അക്കാര്യം വ്യക്തമാക്കിയാൽ അത് എല്ലാവരും അംഗീകരിക്കണം.” അദ്ദേഹം പറയുന്നു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook