ഡല്ലാസ്: 2018 സെപ്റ്റംബര്‍ 6 ന് രാത്രി 26 കാരനായ ബോതം ഷെം ജീനെ കൊലപ്പെടുത്തിയ കേസില്‍ ജൂറി അംബര്‍ ഗൈഗറിനെ പത്ത് വര്‍ഷം തടവ് ശിക്ഷ വിധിച്ച നിമിഷം കോടതി മുറിയില്‍ ഓരോരുത്തരും വിങ്ങിപ്പൊട്ടുകയായിരുന്നു.

“അഴികള്‍ക്കുള്ളിലെ ആ പത്തു വര്‍ഷം തിരിച്ചറിവിനും ജീവിതം മാറ്റുന്നതിനുമാണ്,” ബോതം ജീന്‌റെ അമ്മ ആലിസണ്‍ ജീന്‍ പറഞ്ഞു.

ചൊവ്വാഴ്ച രാവിലെയാണ് ഗൈഗര്‍ കുറ്റക്കാരിയാണെന്ന് കോടതി കണ്ടെത്തിയത്. ബുധനാഴ്ച ഉച്ചയോടെയാണ് ജൂറി വിധി പറയാന്‍ തുടങ്ങിയത്.

ജീന്‍ ജീവിച്ചിരിപ്പുണ്ടെങ്കില്‍ ഇപ്പോള്‍ 28 വയസാകുമായിരുന്നു എന്നും അതിനാ ഗൈഗറിനെ കുറഞ്ഞത് 28 വര്‍ഷം വരെ ശിക്ഷിക്കണമെന്നും സര്‍ക്കാര്‍ ജൂറിയോട് ആവശ്യപ്പെട്ടു.

വിധി പ്രഖ്യാപിച്ചതിനു ശേഷം കോടതി മുറിയില്‍ കണ്ട കാഴ്ചകള്‍ അതീവ വൈകാരികമായിരുന്നു. ബോതം ജീനിന്‌റെ സഹോദരന്‍ ബ്രാന്‍ഡ് ജീനാണ് പിന്നീട് സംസാരിച്ചത്.

“നിങ്ങള്‍ ഹൃദയത്തില്‍ തൊട്ടാണ് ക്ഷമ ചോദിക്കുന്നതെങ്കില്‍, എനിക്ക് നിങ്ങളോട് ക്ഷമിക്കാന്‍ കഴിയും. നിങ്ങള്‍ ദൈവത്തിനടുത്ത് പോയി അദ്ദേഹത്തോട് ചോദിച്ചാല്‍ അദ്ദേഹവും നിങ്ങളോട് ക്ഷമിക്കുമെന്ന് എനിക്കറിയാം.”

“എന്റെ സഹോദരൻ മരിച്ചു പോയതു പോലെ നിങ്ങളും മരിച്ചു പോകണമെന്ന് ഞാൻ ഒരിക്കലും ആഗ്രഹിക്കുന്നില്ല. നിങ്ങൾക്ക് നല്ലതു വരണം എന്നു തന്നെയാണ് എന്റെ ആഗ്രഹം. എന്റെ കുടുംബത്തിന്റെയോ മറ്റാരുടേയുയെങ്കിലുമോ മുന്നിൽ വച്ച് ഇത് പറയാൻ ഞാൻ ആഗ്രഹിക്കുന്നില്ല. എങ്കിലും, നിങ്ങൾ ജയിലിൽ പോകണമെന്നു പോലും ഞാൻ ആഗ്രഹിക്കുന്നില്ല,” അദ്ദേഹം പറഞ്ഞു.

പിന്നീട് ജഡ്ജിയോട് തനിക്ക് ഗെയ്ഗറിനെ ആലിംഗനം ചെയ്യണം എന്ന് ആവശ്യം ഉന്നയിച്ച ബ്രാന്‍ഡ് എഴുന്നേറ്റ് പോയി അവരെ കെട്ടിപ്പിടിച്ചു. ഹൃദയം തുറന്ന് ഗയ്ഗര്‍ നിലവിളിച്ചു. ബ്രാന്‍ഡ് എന്തോ അവരുടെ ചെവിയില്‍ പറഞ്ഞു. ഇരുവര്‍ക്കുമൊപ്പം കോടതി മുറിയില്‍ കൂടിയവരെല്ലാം കരഞ്ഞു, കൂടെ ജൂറിയും.

ഗൈഗര്‍ ശിക്ഷിക്കപ്പെടാനുണ്ടായ സംഭവം നടന്നത് 2018ലാണ്. രാത്രി ഡ്യൂട്ടി കഴിഞ്ഞ് ഡല്ലാസിലെ തന്റെ അപാർട്മെന്റ് കോംപ്ലെക്സിലെത്തിയ 30 കാരിയായ ഗുയ്ഗർ തന്റെ അപ്പാർട്മെന്റാണെന്ന് കരുതി ജീനിന്റെ വീട്ടിൽ കയറി. ആ സമയം ജീൻ തന്റെ അപ്പാർട്മെന്റിനുള്ളിൽ ഉണ്ടായിരുന്നു. അപ്പാർട്ടിനുള്ളിൽ വെച്ച് ഗുയ്ഗറും ജീനും തമ്മിൽ നടന്ന കാര്യം വ്യക്തമല്ലെങ്കിലും ഗുയ്ഗർ തന്റെ കയ്യിലുണ്ടായിരുന്ന തോക്ക് ജീനിനെതിരെ പ്രയോഗിക്കുകയായിരുന്നു.

നാലു വർഷമായി പൊലീസ് സർവീസിലുള്ള ഗുയ്ഗർ സഹായത്തിനായി 911 ൽ ബന്ധപ്പെട്ടിരുന്നു. ജീനിനെ പിന്നീട് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സംഭവത്തെ തുടർന്ന് ഗുയ്ഗറിനെ നിർബന്ധിത അവധിയിൽ പ്രവേശിപ്പിക്കുകയും പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിക്കുകയും ചെയ്തു.

ഒരു പ്രാദേശിക ചർച്ചിലെ അംഗവും പ്രശസ്തമായ ഒരു അക്കൗണ്ടിംഗ് കമ്പനിയിലെ ജീവനക്കാരനുമായിരുന്നു ജീൻ. കരീബിയന് ദ്വീപ് രാഷ്ട്രമായ സൈന്റ്റ് ലൂസിയയിൽ ജനിച്ചു വളർന്ന ജീൻ ‘അമ്മ അല്ലിസൺ ജീനിനൊപ്പം യു.എസിലായിരുന്നു താമസം.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook