ന്യൂഡല്‍ഹി: കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിക്കെതിരെ വിമര്‍ശനവുമായി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. പാക്കിസ്ഥാനും രാഹുല്‍ ഗാന്ധിയും ഒരേ ലൈനില്‍ സഞ്ചരിക്കുന്നത് എന്തുകൊണ്ടാണെന്ന് മനസ്സിലാക്കുന്നതില്‍ താന്‍ പരാജയപ്പെട്ടെന്ന് അമിത് ഷാ പരിഹസിച്ചു.
“മിന്നലാക്രമണം നടത്തിയതിനു രാഹുല്‍ ഗാന്ധി തെളിവ് ചോദിച്ചു. പാക്കിസ്ഥാനും അത് തന്നെ ചെയ്തു. കശ്മീരിന്റെ ആർട്ടിക്കിള്‍ 370 നീക്കം ചെയ്തപ്പോള്‍ രാഹുല്‍ ഗാന്ധിയും പാക്കിസ്ഥാനും അതിനെ എതിര്‍ത്തു,” അമിത് ഷാ പറഞ്ഞു. മഹാരാഷ്ട്രയിലെ തിരഞ്ഞെടുപ്പ് പ്രചാരണ പരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
“ഐക്യരാഷ്ട്ര സഭയിലെ പരിപാടിയില്‍ പങ്കെടുത്ത ശേഷം പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തേക്ക് തിരിച്ചെത്തി. ലോക രാജ്യങ്ങള്‍ മുഴുവനും ആര്‍ട്ടിക്കിള്‍ 370 നീക്കം ചെയ്ത നടപടിയില്‍ ഇന്ത്യയ്ക്കൊപ്പം നില്ക്കുന്നു. അതേസമയം, ഈ നടപടിയെ എതിര്‍ത്തുകൊണ്ട് പാക്കിസ്ഥാന് മാത്രം ഒരു മൂലയില്‍ മാറിനില്ക്കുന്നു” അമിത് ഷാ പറഞ്ഞു.
“1971 ലെ യുദ്ധത്തില്‍ ഇന്ത്യ പാക്കിസ്ഥാനെ പരാജയപ്പെടുത്തിയപ്പോള്‍ അന്ന് പ്രതിപക്ഷത്തായിരുന്ന ഞങ്ങള്‍ ഇന്ദിരാ ഗാന്ധിയെ അഭിനന്ദിച്ചു. പാര്‍ട്ടിയുടെ താല്പര്യത്തേക്കാള് ഞങ്ങള്‍ക്ക് വലുത് രാജ്യതാല്പര്യമായിരുന്നു. എന്നാല്‍, കോണ്‍ഗ്രസ് ഇപ്പോള്‍ എല്ലാറ്റിനെയും എതിര്‍ക്കുന്നു. ആര്‍ട്ടിക്കിള്‍ 370 നീക്കിയത്, മിന്നലാക്രമണം, വ്യോമാക്രമണം തുടങ്ങിയവയെ കോണ്‍ഗ്രസ് എതിര്‍ക്കുകയാണ്,” ഷാ പറഞ്ഞു.
‘കശ്മീര്‍ ഇന്ത്യയുടെ ഭാഗമാകുന്ന നടപടിയെ രാജ്യമൊട്ടാകെ സ്വാഗതം ചെയ്യുമ്പോള്‍ കോണ്‍ഗ്രസ് മാത്രം അതിനെ എതിര്‍ക്കുന്നത് എന്തുകൊണ്ടാണ്?’ വോട്ട് ബാങ്ക് രാഷ്ട്രീയമാണ് അതിനു കാരണമെന്ന് അമിത് ഷാ കുറ്റപ്പെടുത്തി.
ആര്‍ട്ടിക്കിള്‍ 370 നീക്കം ചെയ്തതിനെത്തുടര്‍ന്ന് കശ്മീരില്‍ ഒരു വെടിയൊച്ച പോലും കേട്ടിട്ടില്ലെ ന്ന് അമിത് ഷാ അവകാശപ്പെട്ടു. കശ്മീരില്‍ രക്തച്ചൊരിച്ചിലാണെന്ന തരത്തില്‍ പലരും വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിക്കുകയാണെന്നും ഷാ പറഞ്ഞു.