ന്യൂഡല്‍ഹി:  തിങ്കളാഴ്ച പ്രധാനമന്ത്രി നരേന്ദ്ര മോദി മുഖ്യമന്ത്രിമാരുമായി കോവിഡ്-19 സാഹചര്യത്തെക്കുറിച്ച് ചര്‍ച്ച ചെയ്യുന്നതിനായി നടത്തിയ ടെലികോണ്‍ഫറന്‍സിങ്ങില്‍ സംസാരിക്കാന്‍ ഒമ്പത് മുഖ്യമന്ത്രിമാര്‍ക്ക് മാത്രം അവസരം നല്‍കിയത് പലര്‍ക്കും വിഷമമായി. നിലവില്‍ ലോക്ക്ഡൗണ്‍ അവസാനിക്കുന്ന മേയ് മൂന്നിന് മുമ്പ് തങ്ങളുടെ കാഴ്ചപ്പാടുകള്‍ അവതരിപ്പിക്കാന്‍ അവസരം ലഭിക്കുമെന്ന് കരുതിയിരിക്കുകയും എന്നാല്‍ അതിന് സാധിക്കാതെ പോയവര്‍ക്കുമാണ് വിഷമമായത്. എന്നാല്‍ ഇക്കാര്യത്തില്‍ മുഖ്യമന്ത്രിമാർക്ക് പരാതിപ്പെടാന്‍ വളരെക്കുറച്ചേയുള്ളൂ.

കാരണം, മഹാവ്യാധിക്കെതിരെ നടത്തുന്ന പ്രവര്‍ത്തനങ്ങളെക്കുറിച്ച് പ്രധാനമന്ത്രി നാല് തവണ നടത്തിയ ചര്‍ച്ചകളിലായി ഏകദേശം എല്ലാവര്‍ക്കും അവസരം ലഭിച്ചു കഴിഞ്ഞു. മുഖ്യമന്ത്രിമാരുടെ യഥാര്‍ത്ഥ പ്രശ്‌നം സംസ്ഥാനങ്ങള്‍ക്കുള്ള സാമ്പത്തിക പിന്തുണയാണ്. അതിനായി അവര്‍ കേന്ദ്രത്തെയാണ് ഉറ്റുനോക്കുന്നത്.

ലോക്ക്ഡൗണ്‍ നീട്ടിയേക്കും

കോവിഡ്-19 രോഗികളുടെ എണ്ണം വർധിക്കുന്ന സംസ്ഥാനങ്ങളില്‍ കൂടുതല്‍ കടുത്ത ലോക്ക്ഡൗണ്‍ നടപ്പിലാക്കണമെന്ന ആവശ്യം യോഗത്തില്‍ ആവശ്യമുയര്‍ന്നു. അതിനാല്‍ പല സ്ഥലങ്ങളിലും മേയ് മൂന്നിന് ശേഷവും ലോക്ക്ഡൗണ്‍ തുടരുമെന്നാണ് സൂചന.

ജൂണ്‍ മൂന്ന് വരെ ലോക്ക്ഡൗണ്‍ നീട്ടണമെന്ന് ഒഡീഷ മുഖ്യമന്ത്രി നവീന്‍ പട്‌നായിക് ആവശ്യപ്പെട്ടു. രണ്ട് സംസ്ഥാനങ്ങള്‍ അദ്ദേഹത്തെ പിന്തുണച്ചുവെന്ന് ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നു.

കൂടുതല്‍ കോവിഡ്-മുക്ത ജില്ലകളുള്ള സംസ്ഥാനങ്ങള്‍ ഇളവുകള്‍ നല്‍കി കൂടുതല്‍ സാമ്പത്തിക പ്രവര്‍ത്തനങ്ങള്‍ പുനരുജ്ജീവിക്കണമെന്ന ആവശ്യമാണ് ഉയര്‍ത്തിയത്. എന്നാല്‍, അന്തര്‍സംസ്ഥാന ഗതാഗതത്തിലും വിമാന, റെയില്‍വേ ഗതാഗതത്തിലുമുള്ള നിയന്ത്രണങ്ങള്‍ തുടരണമെന്നാണ് എല്ലാ സംസ്ഥാനങ്ങളുടേയും ആവശ്യം. അതിനാല്‍ മേയ് മൂന്നിനുശേഷവും യാത്രാ വിലക്ക് തുടരുമെന്നാണ് സൂചന.

Read Also: റാപ്പിഡ് ടെസ്റ്റ് കിറ്റുകൾ തിരികെ നൽകണമെന്ന് സംസ്ഥാനങ്ങളോട് ഐസിഎംആർ

രണ്ടാംഘട്ട ലോക്ക്ഡൗണ്‍ അവസാനിക്കുംമുമ്പ് ഗ്രീന്‍ സോണില്‍ ലോക്ക്ഡൗണില്‍ നിന്നും പുറത്തുകടക്കുന്നതിനുള്ള നടപടികളും നിർദേശങ്ങളും നിയന്ത്രണങ്ങളും പ്രഖ്യാപിക്കും.

രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥ മികച്ച സ്ഥിതിയിലാണെന്നും പരിഭ്രാന്തരാകേണ്ടതില്ലെന്നും പ്രധാനമന്ത്രി പറഞ്ഞു. മാര്‍ച്ച് 20-ന് പ്രധാനമന്ത്രി മുഖ്യമന്ത്രിമാരുമായി നടത്തുന്ന വീഡിയോ കോണ്‍ഫറന്‍സിങ്ങുകള്‍ ആരംഭിച്ചശേഷം ആദ്യമായി ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ യോഗത്തില്‍ പങ്കെടുത്തു. എന്നാല്‍, സാമ്പത്തിക പാക്കേജിനും ധനസഹായത്തിനും വേണ്ടി സംസ്ഥാനങ്ങള്‍ ഉന്നയിച്ച ആവശ്യങ്ങള്‍ക്ക് എന്തെങ്കിലും ഉറപ്പോ പ്രഖ്യാപനങ്ങളോ കേന്ദ്ര സര്‍ക്കാരില്‍ നിന്നും ലഭിച്ചിട്ടില്ല.

കഴിഞ്ഞ ഒന്നര മാസമായി തുടരുന്ന ലോക്ക്ഡൗണ്‍ അനുകൂല ഫലങ്ങള്‍ നല്‍കിയെന്നും രാജ്യം ആയിരക്കണക്കിന് പേരുടെ ജീവന്‍ രക്ഷിച്ചുവെന്നും പ്രധാനമന്ത്രി പറഞ്ഞു. ഹോട്ട്‌സ്‌പോട്ടുകളിലും റെഡ് സോണുകളിലും നിയന്ത്രണങ്ങള്‍ ശക്തമായി നടപ്പിലാക്കാന്‍ അദ്ദേഹം സംസ്ഥാനങ്ങളോട് ആവശ്യപ്പെട്ടു.

Read Also: റാപ്പിഡ് ടെസ്റ്റ് കിറ്റുകൾ തിരികെ നൽകണമെന്ന് സംസ്ഥാനങ്ങളോട് ഐസിഎംആർ

കേരളം പോലുള്ള സംസ്ഥാനങ്ങള്‍ പ്രവാസികളെ തിരികെ കൊണ്ടുവരണമെന്ന ആവശ്യം ഉയര്‍ത്തിയിരുന്നു. അവര്‍ക്ക് അസൗകര്യം ഉണ്ടാകരുതെന്നും അവരുടെ കുടുംബങ്ങള്‍ക്ക് അപകടമുണ്ടാകരുതെന്നുമുള്ള കാര്യം മനസ്സില്‍ വച്ചുവേണം പ്രവാസികളെ തിരിച്ചു കൊണ്ടുവരേണ്ടതെന്ന് പ്രധാനമന്ത്രി പറഞ്ഞു.

ഒന്നും മനസ്സിലായില്ല; സൊറംതങ്ക

പ്രധാനമന്ത്രിയുമായുള്ള വീഡിയോ കോണ്‍ഫറന്‍സിങിനുശേഷം മിസോറാം മുഖ്യമന്ത്രി സൊറംതങ്ക പുറത്ത് വന്നത് ചിന്താമഗ്നനായിട്ടാണ്. സംസ്ഥാനത്തെ കോവിഡ്-19 സാഹചര്യത്തെക്കുറിച്ച് സംസാരിക്കാന്‍ അദ്ദേഹത്തെ ക്ഷണിച്ചപ്പോള്‍ അദ്ദേഹം കാര്യം തുറന്നു പറഞ്ഞു. “കോണ്‍ഫറന്‍സില്‍ പറഞ്ഞ കാര്യങ്ങളൊന്നും മനസ്സിലായിട്ടില്ല. എല്ലാവരും ഹിന്ദിയാണ് സംസാരിക്കുന്നത്. എനിക്കാകട്ടെ ഹിന്ദിയിലെ ഒരു വാക്ക് പോലും മനസ്സിലായില്ല,” അദ്ദേഹം പറഞ്ഞു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook