മുംബൈ: വിയോജിപ്പാണ് രാജ്യസ്നേഹത്തിന്റെ ഏറ്റവും വലിയ രൂപമെന്ന് ബോളിവുഡ് താരം പൂജ ഭട്ട്. സിഎഎയ്ക്കും എൻആർസിക്കുമെതിരെ പ്രതിഷേധിക്കുന്ന വിദ്യാർഥികൾ ‘യഥാർഥത്തിൽ ഭരണകക്ഷി ഞങ്ങളെ ഒന്നിപ്പിച്ചു’ എന്ന സന്ദേശം നൽകുന്നുണ്ടെന്നും പൂജ ഭട്ട് അഭിപ്രായപ്പെട്ടു.
പൗരത്വ ഭേദഗതി നിയമത്തിനും ദേശീയ പൗരത്വ രജിസ്റ്ററിനുമെതിരെ നടന്നുകൊണ്ടിരിക്കുന്ന പ്രതിഷേധത്തിന്റെ പശ്ചാത്തലത്തിൽ സംഘടിപ്പിച്ച സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു പൂജ ഭട്ട്. പാർച്ചം ഫൗണ്ടേഷന്റെയും വി ദി പീപ്പിൾ ഓഫ് മഹാരാഷ്ട്രയും നേതൃത്വത്തിലാണ് സമ്മേളനം സംഘടിപ്പിച്ചത്.
സിഎഎ-എൻആർസി-എൻപിആർ എന്നിവയെക്കുറിച്ചുള്ള നിലപാട് 30 ദിവസത്തിനകം അറിയണമെന്ന് ആവശ്യപ്പെട്ട് സമ്മേളനത്തിൽ സംസാരിച്ചവർ സർക്കാർ പ്രതിനിധികൾക്ക് മെമ്മോറാണ്ടം സമർപ്പിച്ചു.
“നമ്മുടെ നിശബ്ദതയോ ഈ സർക്കാരോ നമ്മെ രക്ഷിക്കില്ല. ഭരണകക്ഷി യഥാർഥത്തിൽ നമ്മളെ ഒന്നിപ്പിച്ചു. ഇത് നമ്മൾ ശബ്ദമുയർത്തേണ്ട സമയമാണെന്നതാണ് പ്രതിഷേധിക്കുന്ന വിദ്യാർഥികൾ നൽകുന്ന സന്ദേശം. നമ്മുടെ ശബ്ദം ഉച്ചത്തിൽ വ്യക്തമായി കേേൾക്കുന്നതു വരെ ഇത് അവസാനിക്കില്ല. വിയോജിക്കുകയെന്നത് രാജ്യസ്നേഹത്തിന്റെ ഏറ്റവും വലിയ രൂപമാണ്,” പൂജ ഭട്ട് പറഞ്ഞു.
ഭരണഘടനയുടെ മൂല്യങ്ങൾ ഉയർത്തിപ്പിടിക്കുകയും സംരക്ഷിക്കുകയും ചെയ്യേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് ജനങ്ങളെ ബോധവത്കരിക്കുകയുമായിരുന്നു സമ്മേളനത്തിന്റെ ലക്ഷ്യമെന്ന് സംഘാടകർ പറഞ്ഞു.
“രാജ്യത്ത് ഉയർന്നുവന്ന ശബ്ദങ്ങൾ കേൾക്കാൻ ഞാൻ നമ്മുടെ നേതാക്കളോട് അഭ്യർത്ഥിക്കുന്നു. ഇന്ത്യയിലെ സ്ത്രീകൾ, ഷഹീൻ ബാഗിലും ലഖ്നൗവിലും… ഈ ശബ്ദങ്ങൾ ഉച്ചത്തിൽ വ്യക്തതയോടെ കേൾക്കുന്നതു വരെ പ്രതിഷേധങ്ങൾ അവസാനിക്കുകയില്ല. സിഎഎയും എൻആർസിയും എന്റെ വീടിനെ വിഭജിക്കുന്നുവെന്നതിനാൽ ഈ നിയമങ്ങളെ ഞാൻ ഒരിക്കലും പിന്തുണയ്ക്കില്ല. കൂടുതൽ ആളുകൾ ശബ്ദമുയർത്തി മുന്നോട്ടുവരണമെന്ന് ഞാൻ അഭ്യർഥിക്കുന്നു,” പൂജ ഭട്ട് പറഞ്ഞു.