ന്യൂഡൽഹി: അമ്മയാണെന്ന അവകാശവാദവുമായി രംഗത്തെത്തിയ യുവതിയെ തള്ളി ദേശീയ പുരസ്കാര ജേതാവും പ്രശസ്ത ബോളിവുഡ് ഗായികയുമായ പത്മശ്രീ അനുരാധ പഡ്വാൾ. തനിക്ക് ഇങ്ങനെ ഒരു മകൾ ഇല്ലെന്നും വിഡ്ഢിത്തരത്തോട് പ്രതികരിക്കാനില്ലെന്നും അനുരാധ പറഞ്ഞു. തനിക്ക് ഒരു നിലവാരമുണ്ടെന്നും അതുകൊണ്ട് ഇത്തരം വിഷയങ്ങളില്‍ വലിച്ചിഴക്കപ്പെടാന്‍ ആഗ്രഹിക്കുന്നില്ലെന്നും അനുരാധ പഡ്വാൾ കൂട്ടിച്ചേർത്തു.

തിരുവനന്തപുരത്ത് താമസിക്കുന്ന കർമല മോഡെക്സെന്ന യുവതിയാണ് ആരോപണവുമായി എത്തിയത്. അനുരാധ തന്നെ മകളായി അംഗീകരിക്കണമെന്ന ആവശ്യവുമായി കുടുംബക്കോടതിയെയും യുവതി സമീപിച്ചിട്ടുണ്ട്.

കർമല ഒരു മനോരോഗിയണെന്നും അനുരാധയുടെ മകൾ കവിത 1974 ൽ ജനിച്ചതിനാൽ കർമലയുടെ അവകാശവാദങ്ങൾ നിലനിൽക്കുന്നതല്ലെന്നും അനുരാധ പഡ്വാളിന്റെ വക്താവ് പറഞ്ഞു. ആരോപണവുമായി എത്തിയ യുവതി അനുരാധയുടെ ഭർത്താവിനെക്കുറിച്ചാണ് പരാമർശിക്കുന്നത്. എന്നാൽ അദ്ദേഹം കുറച്ചുനാൾ മുമ്പ് മരിച്ചുപോയെന്ന കാര്യം പോലും കർമലയ്ക്ക് അറിയില്ലെന്നും വക്താവ് പറഞ്ഞു.

Read Also: എനിക്കെന്റെ അമ്മയെ തിരിച്ചുവേണം; ഗായിക അനുരാധ പഡ്വാൾ തന്റെ അമ്മയാണെന്ന അവകാശവാദവുമായി മലയാളി

ഗായിക അനുരാധയും സംഗീതഞ്ജനായ അരുൺ പഡ്വാളും 1969 ലാണ് വിവാഹിതയായത്. 1974 ലാണ് കർമല ജനിക്കുന്നത്. എന്നാൽ കരിയറിലെ ആദ്യനാളുകളിലെ തിരക്കുകളിൽ മകളെ നോക്കാൻ സാധിക്കാത്തതിനാൽ അനുരാധ മകളെ വർക്കല സ്വദേശിയും കുടുംബസുഹൃത്തുമായ പൊന്നച്ചനെയും ഭാര്യ ആഗ്നസിനെയും ഏൽപ്പിക്കുകയായിരുന്നുവെന്ന് കോടതിയിൽ സമർപ്പിച്ച ഹർജിയിൽ പറയുന്നു.

ഈ കേസിൽ ജനുവരി 27ന് അനുരാധ പഡ്വാളിനോടും രണ്ടു മക്കളോടും നേരിട്ട്ഹാജരാവാൻ നിർദേശിച്ചിരിക്കുകയാണ് കോടതി. മാതൃത്വം അനുരാധ നിഷേധിക്കുകയാണെങ്കിൽ ഡിഎൻഎ ടെസ്റ്റ് പോലുള്ള തുടർനടപടികളുമായി മുന്നോട്ടുപോവാനാണ് കർമലയുടെ തീരുമാനമെന്ന് അഭിഷാകൻ അനിൽ പ്രസാദ് അറിയിച്ചു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook