അഹമ്മദാബാദ്: ഗുജറാത്ത് നിയമസഭ തിരഞ്ഞെടുപ്പിൽ ഭരണം നേടാൻ സാധിച്ചില്ലെങ്കിലും ബിജെപിയുടെ അഹങ്കാരത്തിന് കൊട്ടുകൊടുക്കാൻ സാധിച്ചെന്ന് ഹർദ്ദിക് പട്ടേൽ. സംസ്ഥാനത്ത് 150 സീറ്റ് നേടുമെന്ന് പ്രഖ്യാപിച്ച ബിജെപിക്ക് 100 തൊടാൻ പോലും സാധിക്കാതിരുന്നതിൽ സന്തോഷമുണ്ടെന്നും അദ്ദേഹം പറഞ്ഞു.

“രാഹുൽ ഗാന്ധി കൂടുതൽ കരുത്തുള്ള നേതാവായി വളർന്നു. അദ്ദേഹത്തിനൊപ്പം ഇനിയും ചേർന്ന് പ്രവർത്തിക്കും. രാജസ്ഥാനിലും മധ്യപ്രദേശിലും ബിജെപിയെ പരാജയപ്പെടുത്താൻ ഇടപെടും. 2019 ലെ പൊതുതിരഞ്ഞെടുപ്പ് വരെ വിശ്രമമില്ലാതെ ബിജെപിക്ക് എതിരെ പ്രചാരണം നടത്തും”, അദ്ദേഹം പറഞ്ഞു.

“കഴിഞ്ഞ 25 വർഷമായി ഗുജറാത്തിൽ തീർത്തും ദുർബലമായിരുന്ന കോൺഗ്രസിനെ എന്റെ ഇടപെടൽ കൊണ്ട് ശാക്തീകരിക്കാൻ സാധിച്ചതിൽ അഭിമാനമുണ്ട്. ഇലക്ട്രോണിക് വോട്ടിംഗ് മെഷീനിൽ തിരിമറി കാട്ടിയാണ് 12 സീറ്റ് വരെ ബിജെപി നേടിയത്.”

“സൂറത്ത്, രാജ്കോട്ട് മേഖലകളിൽ തിരിമറി നടക്കുന്നതായി വോട്ടെണ്ണലിന് മുൻപ് ഞാൻ ആരോപിച്ചിരുന്നു. ഇതേ തുടർന്ന് ബിജെപി വിജയത്തിനാവശ്യമായ സീറ്റുകളിൽ മാത്രമായി തിരിമറി ഒതുക്കി.അല്ലെങ്കിൽ 125 സീറ്റെങ്കിലും ബിജെപി സ്വന്തമാക്കിയേനെ”, ഹർദ്ദിക് ആരോപിച്ചു.

എന്നാൽ വോട്ടിംഗ് മെഷീൻ തിരിമറി കാര്യത്തിൽ തിരഞ്ഞെടുപ്പ് കമ്മിഷനെ വിശ്വസിക്കാൻ കൊള്ളില്ലലെന്നും ഹർദ്ദിക് പട്ടേൽ പറഞ്ഞു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ