മഥുര: മുഖ്യമന്ത്രിയാകണമെന്ന് വിചാരിച്ചാൽ അതിന് വെറും ഒരു മിനിറ്റ് മതി തനിക്കെന്ന് ബിജെപി എംപിയും നടിയുമായ ഹേമമാലിനി. രാജസ്ഥാനിലെ ബൻസ്വാരയിൽ എത്തിയപ്പോൾ മാധ്യമപ്രവർത്തകരോടായാണ് ഹേമമാലിനി ഇങ്ങനെ പറഞ്ഞത്. മുഖ്യമന്ത്രിയാകാൻ ഒരു മിനിറ്റ് മതിയെന്ന് പറഞ്ഞ ഹേമമാലിനി പക്ഷേ തനിക്ക് മുഖ്യമന്ത്രിയാകാൻ താൽപര്യമില്ലെന്നും വ്യക്തമാക്കി.
‘മുഖ്യമന്ത്രിയായാൽ പിന്നെ എന്റെ സ്വാതന്ത്ര്യം നഷ്ടപ്പെടും. ഞാനത് ഇഷ്ടപ്പെടുന്നില്ല’, 69 കാരിയായ ഹേമമാലിനി പറഞ്ഞു. രാഷ്ട്രീയത്തെക്കാൾ വെളളിത്തിരയിലെ മികച്ച പ്രകടനത്തിലൂടെയാണ് താൻ ഇപ്പോഴും അറിയപ്പെടുന്നതെന്നും ഹേമമാലിനി പറഞ്ഞു.
‘ഡ്രീം ഗേളെന്നോ ഹേമമാലിനിയെന്നോ എന്നെ വിളിക്കുന്ന ബോളിവുഡിലെ പേരിലൂടെ തന്നെയാണ് ജനങ്ങൾക്കിടയിൽ ഞാനിപ്പോഴും അറിയപ്പെടുന്നത്. എംപിയാകുന്നതിനു മുൻപേ പാർട്ടിക്കുവേണ്ടി നിരവധി പ്രവർത്തനങ്ങൾ ചെയ്തിട്ടുണ്ടെന്നും അവർ പറഞ്ഞു.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഭരണത്തിൽ രാജ്യം പുരോഗതി കൈവരിച്ചുവെന്നും ഹേമമാലിനി അവകാശപ്പെട്ടു. കർഷകർക്കും സ്ത്രീകൾക്കും പാവപ്പെട്ടവർക്കും വേണ്ടിയാണ് മോദി പ്രവർത്തിക്കുന്നത്. അദ്ദേഹത്തെപ്പോലൊരു പ്രധാനമന്ത്രിയെ കണ്ടെത്താൻ പ്രയാസമാണ്. മറ്റു രാഷ്ട്രീയ പാർട്ടി നേതാക്കൾ എന്തൊക്കെ പറഞ്ഞാലും രാജ്യത്തിനുവേണ്ടി കൂടുതൽ പ്രവർത്തിക്കുന്നവരെയാണ് നമുക്ക് ആവശ്യമെന്നും ഹേമമാലിനി പറഞ്ഞു.
2003 ൽ അടൽ ബിഹാരി വാജ്പേയ് സർക്കാരാണ് ഹേമമാലിനിയെ രാജ്യസഭയിലേക്ക് നോമിനേറ്റ് ചെയ്യുന്നത്. ഇതിനു മുൻപ് തിരഞ്ഞെടുപ്പിൽ ബിജെപി സ്ഥാനാർത്ഥികൾക്കായി പ്രചാരണം നടത്തിയിട്ടുണ്ടെങ്കിലും 2004 ലാണ് ഹേമമാലിനി പാർട്ടിയിൽ അംഗത്വം നേടുന്നത്. 2010 ൽ ബിജെപി ജനറൽ സെക്രട്ടറിയായി. 2011 ൽ കുറച്ചു കാലത്തേക്ക് വീണ്ടും രാജ്യസഭയിലെത്തി. 2014ല്‍ രാഷ്ട്രീയ ലോക്‌സമത (ആര്‍എല്‍എസ്‌പി) നേതാവ് ജയന്ത് ചൗധരിയെ മികച്ച ഭൂരിപക്ഷത്തിന് പരാജയപ്പെടുത്തിയാണ് മഥുരയില്‍ നിന്ന് ഹേമമാലിനി ലോക്‌സഭയിലെത്തിയത്.