ന്യൂഡല്‍ഹി: തന്റെ ജീവന് ഭീഷണിയുണ്ടെന്ന പരാതിയുമായി കത്തുവ കൂട്ടബലാത്സംഗക്കേസില്‍ കൊല്ലപ്പെട്ട എട്ടുവയസുകാരിക്കു വേണ്ടി ഹാജരാകുന്ന അഭിഭാഷക ദീപിക സിംഗ്. തന്നെ സമൂഹത്തില്‍ ഒറ്റപ്പെടുത്തുകയും ഹിന്ദു വിരുദ്ധ എന്നു വിശേഷിപ്പിക്കുകയുമാണ് ‘അവര്‍’ ചെയ്യുന്നത് എന്നും ദീപിക സിംഗ് സുപ്രീംകോടതിയെ അറിയിക്കും. എന്നാല്‍ എന്തു സംഭവിച്ചാലും കേസില്‍ നിന്ന് പിന്മാറില്ലെന്ന് അവര്‍ വ്യക്തമാക്കി.

‘എനിക്കറിയില്ല. എനിക്കൊന്നും മനസ്സിലാകുന്നില്ല. എന്നെ ചിലപ്പോള്‍ ബലാത്സംഗം ചെയ്‌തേക്കാം, കൊന്നേക്കാം, കോടതിയില്‍ ഇനി പ്രാക്ടീസ് ചെയ്യാന്‍ എന്നെ അനുവദിക്കില്ലായിരിക്കാം. അവരെന്നെ ഒറ്റപ്പെടുത്തി. എങ്ങനെ നിലനില്‍ക്കാനാകുമെന്ന് എനിക്ക് അറിയില്ല,’ ദീപിക പറഞ്ഞതായി എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്യുന്നു.

തന്നെ ഹിന്ദു വിരുദ്ധ എന്ന് വിളിച്ച് സമൂഹത്തില്‍ ഒറ്റപ്പെടുത്താനുള്ള ശ്രമം നടത്തുന്നതായും ദീപിക പറഞ്ഞു. ജനുവരിയില്‍ കത്തുവയില്‍ ബലാത്സംഗം ചെയ്തു കൊല്ലപ്പെട്ട പെണ്‍കുട്ടിക്കു വേണ്ടി കേസ് വാദിക്കുന്നതിന്റെ പേരില്‍ തന്റെയും കുടുംബത്തിന്റെയും സുരക്ഷയ്ക്ക് ഭീഷണിയുണ്ടെന്ന് ചൂണ്ടിക്കാണിച്ച് ദീപിക സുപ്രീംകോടതിയെ സമീപിക്കും.

‘ഞാനിത് സുപ്രീംകോടതിയില്‍ അറിയിക്കും. വളരെ ദുഖകരവും ദൗര്‍ഭാഗ്യകരവുമാണിത്. എന്റെ അവസ്ഥ എന്താണെന്ന് നിങ്ങള്‍ക്കു സങ്കല്‍പ്പിക്കാം. പക്ഷെ ഞാന്‍ നീതിക്കു വേണ്ടി നിലനില്‍ക്കും. ആ എട്ടുവയസുകാരിക്ക് നീതി ലഭിക്കാന്‍ പോരാടും,’ ദീപിക വ്യക്തമാക്കി.

കശ്മീര്‍ ഹൈക്കോടതിയില്‍ വച്ച് ബാര്‍ അസോസിയേഷന്‍ പ്രസിഡന്റ് ബി.എസ്.സലാത്തിയ തന്നെ പരസ്യമായി ഭീഷണിപ്പെടുത്തിയതായി ദീപിക കഴിഞ്ഞദിവസം പറഞ്ഞിരുന്നു. കുട്ടിയുടെ കുടുംബത്തിന് വേണ്ടി കോടതിയില്‍ ഹാജരാകരുതെന്നും സലാത്തിയ പറഞ്ഞതായി അഭിഭാഷക വ്യക്തമാക്കി.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ