ന്യൂഡൽഹി: കോൺഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് തിരഞ്ഞെടുക്കപ്പെട്ടാൽ, പാർട്ടിയുടെ പരമ്പരാഗത മണ്ഡലത്തിനപ്പുറമുള്ള വോട്ടർമാരെ ആകർഷിക്കാൻ തനിക്ക് കഴിയുമെന്ന് ലോക്സഭാ എംപി ശശി തരൂർ. 2014-ലും 2019-ലും ബിജെപിക്ക് വോട്ട് ചെയ്ത എല്ലാവരും കടുത്ത ഹിന്ദുത്വവാദികളാണെന്നോ എന്നെന്നേക്കുമായി നമുക്ക് നഷ്ടപ്പെട്ടവരോ ആണെന്ന് താൻ വിശ്വസിക്കുന്നില്ലെന്നും ദി ഇന്ത്യൻ എക്സ്പ്രസിനു നൽകിയ എക്സ്ക്ലൂസീവ് അഭിമുഖത്തിൽ അദ്ദേഹം പറഞ്ഞു.
പാർട്ടിയുടെ തലപ്പത്തേക്ക് 25 വർഷത്തിനുശേഷം ഗാന്ധി കുടുംബത്തിൽ നിന്നല്ലാത്ത ഒരാൾ എത്തുകയാണ്. തിരഞ്ഞെടുപ്പ് കഴിഞ്ഞാലും ഗാന്ധിമാർ പാർട്ടിയുടെ പ്രധാന നേതാക്കളായി തുടരുമെന്നും തരൂർ വ്യക്തമാക്കി. ജി 23 നേതാക്കളുടെ ഗ്രൂപ്പിനു വേണ്ടിയല്ല താൻ മത്സരിക്കുന്നതെന്നും അവരിൽ നിന്ന് ഒരു അംഗീകാരവും തേടുകയുമില്ലെന്നും കേരള എംപി പറഞ്ഞു. പാർട്ടിയിൽ സമൂലമായ പരിഷ്‌കാരങ്ങൾ ആവശ്യപ്പെട്ട് 2020 ഓഗസ്റ്റിൽ സോണിയ ഗാന്ധിക്ക് കത്തെഴുതിയ നേതാക്കളുടെ സംഘത്തിലെ അംഗമായിരുന്നു തരൂർ.
അധികാര വികേന്ദ്രീകരണം, ആഭ്യന്തര കൂടിയാലോചനകൾ, എല്ലാ തലങ്ങളിലുമുള്ള നേതൃത്വത്തിലേക്ക് പാർട്ടി പ്രവർത്തകർക്ക് കൂടുതൽ അവസരം നൽകുക എന്നിവയിൽ ശ്രദ്ധ കേന്ദ്രീകരിച്ച് പാർട്ടിയെ നവീകരിക്കാനും പുനരുജ്ജീവിപ്പിക്കാനും ആശയങ്ങൾ വാഗ്ദാനം ചെയ്യുന്ന പ്രകടനപത്രിക താൻ പുറത്തുവിടുമെന്നും തരൂർ പറഞ്ഞു.
“കോൺഗ്രസിന്റെ പരമ്പരാഗത മണ്ഡലത്തിനപ്പുറമുള്ള വോട്ടർമാരെ ആകർഷിക്കാൻ എനിക്ക് തീർച്ചയായും കഴിയുമെന്ന് ഞാൻ വിശ്വസിക്കുന്നു. കഴിഞ്ഞ രണ്ട് തിരഞ്ഞെടുപ്പുകളിലും നമുക്ക് വോട്ട് ചെയ്യാത്തവരും എന്നാൽ മുമ്പുള്ള തിരഞ്ഞെടുപ്പിൽ നമുക്ക് വോട്ട് ചെയ്തവരുമായ ആളുകളെ തിരികെ കൊണ്ടുവരാൻ ശ്രമിക്കണം,” അദ്ദേഹം പറഞ്ഞു.
”2014-ലും 2019-ലും ബിജെപിക്ക് വോട്ട് ചെയ്ത എല്ലാവരും കടുത്ത ഹിന്ദുത്വവാദികളാണെന്നോ എന്നെന്നേക്കുമായി നമുക്ക് നഷ്ടപ്പെട്ടവരോ ആണെന്ന് ഞാൻ വിശ്വസിക്കുന്നില്ല. മറ്റ് കാരണങ്ങളാൽ ധാരാളം ആളുകൾ അവർക്ക് വോട്ട് ചെയ്തുവെന്ന് ഞാൻ കരുതുന്നു. അവരെ തിരികെ കൊണ്ടുവരേണ്ടതുണ്ട്, അതെന്റെ സ്ഥാനാർത്ഥിത്വത്തിന്റെ ഒരു പ്രധാന ഭാഗമാണെന്ന് ഞാൻ വിശ്വസിക്കുന്നു,” തരൂർ വ്യക്തമാക്കി.
തന്റെ പ്രചാരണ വേളയിൽ സംഘടനാ പരിഷ്കരണത്തിലെ പ്രധാന വിഷയമായി താൻ ഉയർത്തി കാണിക്കാൻ ഉദ്ദേശിക്കുന്നത് അധികാര വികേന്ദ്രീകരണമാണെന്ന് തരൂർ പറഞ്ഞു. ”അധികാരം ചിലരിൽ മാത്രം ഒതുങ്ങിക്കൂടുന്നത് എടുത്തുകളയുക എന്നാണതിന്റെ അർത്ഥം. സംസ്ഥാനതല നേതാക്കളെ ശാക്തീകരിക്കുക. ഈ സാഹചര്യത്തിൽ എല്ലാ തീരുമാനങ്ങളും എടുക്കുന്നത് നിങ്ങളായിരിക്കണമെന്നില്ല. പാർട്ടി അധ്യക്ഷനെ എല്ലാം ചെയ്യാൻ അധികാരപ്പെടുത്തുന്ന ഒറ്റവരി പ്രമേയത്തിന്റെ കാലം തന്റെ വരവോടെ അവസാനിച്ചേക്കാം,” തരൂർ അഭിപ്രായപ്പെട്ടു.
ശശി തരൂര്‍ ഇന്നാണ് നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കുക. സെപ്റ്റംബര്‍ 24 മുതല്‍ 30 വരെയാണ് നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനുള്ള സമയം. ഒക്ടോബര്‍ 8-ന് ആണ് നോമിനേഷന്‍ പിന്‍വലിക്കാനുള്ള അവസാന സമയം. തിരഞ്ഞെടുപ്പ് വേണ്ടി വന്നാല്‍ ഒക്ടോബര്‍ 17 ന് നടക്കും. ഒക്ടോബര്‍ 19 ന് വോട്ടെണ്ണുകയും അന്ന് തന്നെ പുതിയ അധ്യക്ഷൻ ആരാണെന്ന് പ്രഖ്യാപിക്കുകയും ചെയ്യും.