ന്യൂഡൽഹി: പാർലമെന്റിൽ ഉള്ളി വിലക്കയറ്റത്തെക്കുറിച്ചുള്ള ചോദ്യത്തിന് വിചിത്ര മറുപടിയുമായി കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ. ഉള്ളിയുടെ വില തന്നെ വ്യക്തിപരമായി ബാധിക്കുന്നില്ലെന്നും വീട്ടില്‍ ഭക്ഷണത്തില്‍ ഉള്ളി അധികം ഉൾപ്പെടുത്താറുമില്ലെന്നായിരുന്നു മന്ത്രിയുടെ മറുപടി. രാജ്യത്ത് ദിനംപ്രതി വർധിച്ചുവരുന്ന ഉള്ളിവിലയെ ചെറുക്കാൻ കേന്ദ്ര സർക്കാർ സ്വീകരിച്ച വിവിധ നടപടികളെക്കുറിച്ച് വിദീകരിക്കുകയായിരുന്നു മന്ത്രി.
ഉള്ളിയുടെ ഉൽപ്പാദനം കുറയുകയും വില കുതിക്കുകയും ചെയ്യുന്ന സാഹചര്യത്തെക്കുറിച്ച് എൻസിപി എംപി സുപ്രിയ സുലെയുടെ ചോദ്യത്തോട് പ്രതികരിക്കവെ മറ്റൊരു പാർലമെന്റ് അംഗം ഇടപെട്ട് “താങ്കൾ ഉള്ളി കഴിക്കാറുണ്ടോ?” എന്ന് ചോദിക്കുകയായിരുന്നു.
“ഞാൻ ഉള്ളിയും വെളുത്തുള്ളിയും അധികം കഴിക്കാറില്ല. ഉള്ളി അധികം ഉപയോഗിക്കാത്ത ഒരു കുടുംബത്തിൽ നിന്നാണ് ഞാൻ വരുന്നത്,” എന്നായിരുന്നു മന്ത്രിയുടെ മറുപടി.
വർധിച്ചുവരുന്ന ഉള്ളിയുടെ വില പരിശോധിക്കുന്നതിനും അടുക്കള സാധനങ്ങളുടെ സംഭരണം വർധിപ്പിക്കുന്നതിനാവശ്യമായ സാങ്കേതികവിദ്യ മെച്ചപ്പെടുത്താനും സർക്കാർ നിരവധി നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്നും ധനമന്ത്രി പറഞ്ഞു. ഉൽപ്പാദനം കുറവായതിനാൽ പലയിടത്തും ഉള്ളി വില കിലോയ്ക്ക് 100 രൂപ കവിഞ്ഞു.
കയറ്റുമതിക്ക് നിരോധനം ഏര്‍പ്പെടുത്തൽ, സ്റ്റോക്ക് പരിധി നടപ്പിലാക്കൽ, വിദേശത്തുനിന്ന് ഇറക്കുമതി, ഉള്ളി മിച്ചമുള്ള ഇടങ്ങളില്‍നിന്ന് കുറവുള്ള പ്രദേശങ്ങളിലേക്ക് മാറ്റൽ തുടങ്ങിയ കാര്യങ്ങള്‍ കേന്ദ്ര സര്‍ക്കാര്‍ ചെയ്തുകൊണ്ടിരിക്കുകയാണെന്ന് ധനമന്ത്രി വിശദീകരിച്ചു. ഇടപാടുകളില്‍ നിന്ന് ദല്ലാള്‍മാരെയും ഇടനിലക്കാരെയും പൂര്‍ണമായി ഒഴിവാക്കിയെന്നും നേരിട്ടുള്ള ഇടപെടലുകളാണ് നടത്തിക്കൊണ്ടിരിക്കുന്നതെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.