ബെംഗളൂരു: രണ്ടു പതിറ്റാണ്ടോളം നീണ്ടുനിന്ന കാവേരി നദീജല തർക്കത്തിൽ‌ സംസ്ഥാനത്തിന് അധികജലം ലഭ്യമാക്കിയ സുപ്രീംകോടതി വിധി ആഘോഷമാക്കി കർണാടക നിയമസഭ. രാഷ്ട്രീയ കക്ഷിഭേദമന്യേ പരസ്പരം കൈകൊടുത്തും ആശ്ലേഷിച്ചുമാണ് എംഎൽഎമാർ സന്തോഷം പങ്കുവച്ചത്. അതേസമയം തമിഴ്നാടിന് നല്‍കുന്ന ജലത്തില്‍ കുറവ് വരുത്താന്‍ നിര്‍ദേശിച്ച സുപ്രീംകോടതി വിധിയില്‍ നടന്‍ കമല്‍ഹാസന്‍ പ്രതികരിച്ചു.

വെളളം ആരുടേയും സ്വത്ത് അല്ലെന്ന് പറഞ്ഞ കോടതി പരാമര്‍ശത്തില്‍ ആശ്വാസമുണ്ടെന്നും കമല്‍ കൂട്ടിച്ചേര്‍ത്തു. അതേസമയം സര്‍ക്കാരിന് പറ്റിയ വീഴ്ച കാരണമാണ് വെളളത്തിന്റെ അളവ് കുറയ്ക്കാന്‍ കാരണമെന്ന് ഡിഎംകെ നേതാവ് സ്റ്റാലിന്‍ പ്രതികരിച്ചു. കരുണാനിധി പോരാടി നേടിയ അവകാശം എഐഎഡിഎംകെ നിശിപ്പിച്ചെന്നും അദ്ദേഹം ആരോപിച്ചു.

കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ അടക്കമുളളവര്‍ നിയമസഭയില്‍ ബജറ്റ് അവതരിപ്പിക്കുന്നതിന് മുമ്പാണ് വിധിയില്‍ സന്തോഷം പ്രകടിപ്പിച്ചത്. ചീഫ് ജസ്റ്റീസ് ദീപക് മിശ്ര അധ്യക്ഷനായ മൂന്നംഗ ബെഞ്ചാണ് കർണാടകത്തിന് അധികജലം നൽകണമെന്ന് വിധിച്ചത്. 14.75 ടിഎംസി ജലം അധികം നൽകണമെന്നായിരുന്നു വിധി. ഇതോടെ കർണാടകത്തിന്‍റെ വിഹിതം 284.25 ടിഎംസിയായി.

തമിഴ്നാടിന് 177.25 ടിഎംസി ജലമായി കുറച്ചു. തമിഴ്നാടിന് 192 ടിഎംസി അനുവദിച്ചു കൊണ്ടുളളതായിരുന്നു ട്രൈബ്യൂണൽ ഉത്തരവ്. അതേസമയം, അധിക ജലം വേണമെന്ന കേരളത്തിന്റെ ആവശ്യം കോടതി അംഗകരിച്ചില്ല. കാവേരിയില്‍ നിന്ന് 99.8 ടിഎംസി ജലം വിട്ടുകിട്ടണമെന്നായിരുന്നു കേരളത്തിന്റെ ആവശ്യം. കേരളത്തിന് 30 ടിഎംസി ജലമാണ് ഇപ്പോൾ ലഭിക്കുന്നത്. പുതുച്ചേരിക്കും അധികജലം ഇല്ല.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook