ആര്‍എസ്എസിനെയും ബിജെപിയെയും നേരിടാനായി താന്‍ ഉപനിഷത്തുക്കളും ഭഗവത് ഗീതയും വായിച്ചുകൊണ്ടിരിക്കയാണെന്ന് കോണ്‍ഗ്രസ് ഉപാദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധി.

ആര്‍എസ്എസുമായും ബിജെപിയുമായി എന്നുമുതല്‍ താന്‍ യുദ്ധം പ്രഖ്യാപിച്ചോ അന്നുമുതല്‍ താന്‍ ഉപനിഷത്തുകളും ഗീതയും പഠിച്ചുതുടങ്ങിയെന്നാണ് രാഹുല്‍ പറഞ്ഞത്. ചെന്നൈയില്‍ ഒരു പാര്‍ട്ടി യോഗത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ബിജെപിക്ക് ഇന്ത്യയെക്കുറിച്ച് ബോധ്യമില്ലെന്നും ആര്‍എസ്എസ് ആസ്ഥാനമായ നാഗ്പൂരിനെക്കുറിച്ച് മാത്രമേ അറിയാവൂ എന്നും രാഹുല്‍ പറഞ്ഞു.

‘ആര്‍എസ്എസുകാരോട് ഞാന്‍ ചോദിക്കട്ടെ, നിങ്ങള്‍ ജനങ്ങളെ അടിച്ചമര്‍ത്തുകയാണ്. എല്ലാവരും ഒരു പോലെയാണെന്നാണ് ഉപനിഷത്തില്‍ പറയുന്നത്. പിന്നെ എങ്ങിനെയാണ് മതം പറയുന്നതിന് വിപരീതമായി നിങ്ങള്‍ പ്രവര്‍ത്തിക്കുന്നത്’ രാഹുൽ ഗാന്ധി ചോദിച്ചു.

തമിഴ് ഭാഷയെയും സംസ്കാരത്തെയും ഭക്ഷണത്തെയും അദ്ദേഹം പ്രശംസിച്ചു. തമിഴ് സംസ്കാരത്തെ കുറിച്ച് മനസ്സിലാക്കാനായി താന്‍ തമിഴ് സിനിമകള്‍ കാണാന്‍ തുടങ്ങിയെന്നും, അത്തരം പുസ്തകങ്ങള്‍ തേടിപ്പിടിച്ച് വായന തുടങ്ങിയെന്നും ചടങ്ങിനിടെ രാഹുൽ പറഞ്ഞു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ