കോടതിയലക്ഷ്യ നടപടിയുടെ ഭാഗമായി വൈദ്യപരിശോധന നടത്താൻ സുപ്രീംകോടതി നിയോഗിച്ച സംഘത്തിന് നേരെ ജസ്റ്റിസ് കർണ്ണന്റെ ശകാരവർഷം. തനിക്ക് യാതൊരു പ്രശ്നവുമില്ലെന്നും തന്റെ മനോനിലയ്ക്ക് യാതൊരു കുഴപ്പവുമില്ലെന്നും ജസ്റ്റിസ് കർണ്ണൻ മെഡിക്കൽ സംഘത്തോട് പറഞ്ഞു. ഇന്ന് രാവിലെയാണ് സുപ്രീംകോടതി നിയോഗിച്ച പ്രത്യേക മെഡിക്കൽ സംഘം ജസ്റ്റിസ് കർണ്ണന്റെ വസതിയിൽ എത്തിയത്.
തന്റെ മനോനില പരിശോധിക്കാൻ സുപ്രീംകോടതി തീരുമാനിച്ചത് തന്നെ അപമാനിക്കാൻ വേണ്ടി മാത്രമാണ്. തന്റെ കുടുംബാഗങ്ങൾ വീട്ടിലില്ലാത്ത സാഹചര്യത്തിൽ മെഡിക്കൽ പരിശോധന നടത്താനാകില്ലെന്നാണ് കർണ്ണൻ മെഡിക്കൽ സംഘത്തോട് പറഞ്ഞത്. ജസ്റ്റിസ് കർണ്ണന്റെ കുടുംബാഗങ്ങളെല്ലാം ചെന്നൈയിലാണ് താമസിക്കുന്നത്.
കഴിഞ്ഞ തിങ്കളാഴ്ചയാണ് ജസ്റ്റിസ് കർണ്ണന്റെ മനോനില പരിശോധിക്കണം എന്ന് സുപ്രീംകോടതി ഉത്തരവിട്ടത്. മെയ് 18 ന് മുൻപ് ജസ്റ്റിസ് കർണ്ണനെ പരിശോധിച്ച് റിപ്പോർട്ട് സമർപ്പിക്കണം എന്നായിരുന്നു ഉത്തരവ്. സുപ്രീംകോടതി ചീഫ് ജസിറ്റിസിന്റെ ബെഞ്ചാണ് ഈ ഉത്തരവിട്ടത്.