ബംഗളൂരു: കൊല്ലപ്പെട്ട മാധ്യമപ്രവര്‍ത്തക ഗൗരി ലങ്കേഷും തെന്നിന്ത്യന്‍ സിനിമകളിലെ പ്രമുഖ നടന്‍ പ്രകാശ് രാജും തമ്മിലുള്ളത് മൂന്നു പതിറ്റാണ്ടോളം നീളുന്ന ബന്ധമാണ്. അതിനാല്‍ തന്നെയാണ് കോരിച്ചൊരിയുന്ന മഴയേയും അവഗണിച്ചുകൊണ്ട് തന്‍റെ ആത്മസുഹൃത്തിനെ അവസാനമായി ഒരു നോക്ക് കാണുവാനായി പ്രകാശ് രാജ് എത്തിയതും.

” ഇങ്ങനെയൊരു സംഭവം കര്‍ണാടകത്തിനു പരിചിതമല്ല. കഴിഞ്ഞ മുപ്പത്തിയഞ്ചു വര്‍ഷമായി എനിക്ക് ഗൗരിയെ അറിയാം. ഗൗരിയുടെ പിതാവ് ലങ്കേഷ് അദ്ധ്യാപകനും വഴികാട്ടിയുമായിരുന്നു. ഗൗരിയെക്കാളും ഉച്ചത്തില്‍ വിമര്‍ശനങ്ങള്‍ ഉന്നയിച്ചുപോന്നയാളായിരുന്നു ലങ്കേഷ്. ലങ്കേഷ് മാത്രമല്ല, തേജസ്വി, നാഗരാജ്, യു അനന്തമൂര്‍ത്തി എന്നിവരൊക്കെ നിശിതമായി തന്നെ വിമര്‍ശനങ്ങള്‍ ഉയര്‍ത്തിയവരാണ്. പക്ഷെ അവരൊന്നും ഇത്തരത്തിലൊരു അസഹിഷ്ണുത അഭിമുഖീകരിക്കേണ്ടി വന്നിട്ടില്ല. ഇത്തരത്തിലൊരു സംഭവം ആദ്യമാണ്.” റിപബ്ലിക് ടിവിക്ക് നല്‍കിയ അഭിമുഖത്തില്‍ പ്രകാശ് രാജ് പറഞ്ഞു.

ഗൗരിയുടെ കൊലപാതകം മാത്രമല്ല തന്നെ അലട്ടുന്നത് എന്ന് പറയാനും കന്നടക്കാരനായ നടന്‍ മറന്നില്ല. കല്‍ബര്‍ഗിയുടെ കൊലപാതകത്തെയും ഓര്‍മിച്ച പ്രകാശ് രാജ് “എവിടെയാണ് നമ്മള്‍ പോയിക്കൊണ്ടിരിക്കുന്നത് എന്നാണ് ഞാന്‍ അത്ഭുതപ്പെടുന്നത്. ഇത് നിരന്തരം നടന്നുകൊണ്ടിരിക്കുകയാണ് എന്നത് ഭയപ്പെടുത്തുന്നുണ്ട്. ജനാധിപത്യവ്യവസ്ഥകളെയാകമാനം തകിടം മറിച്ചുകൊണ്ടുള്ള വെല്ലുവിളികള്‍ ആണിത്. ” തന്‍റെ സന്ദേഹം
തെല്ലു മറച്ചുവെക്കാതെ പ്രകാശ് രാജ് പറഞ്ഞു.

ഗൗരിയുടെ കൊലപാതകത്തിനു എന്തെങ്കിലും ലക്ഷ്യമുള്ളതായി തോന്നുന്നുണ്ടോ എന്ന ചോദ്യത്തിനും പ്രകാശ് രാജ് മറുപടി നല്‍കി “തീര്‍ച്ചയായും. ഒരു ശബ്ദം ഇല്ലാതാക്കുക എന്ന ഉദ്ദേശമുണ്ട്. എന്നാല്‍ ആ ശബ്ദം കുറച്ചുകൂടി ഉച്ചത്തില്‍ കേള്‍കയാണ് ഇപ്പോള്‍. ഇങ്ങനെയുള്ളൊരു ശബ്ദത്തെ ഇല്ലാതാക്കുക എന്നത് ആര്‍ക്കും എളുപ്പം സാധിക്കുന്നതല്ല. ” പ്രകാശ് രാജ് പറഞ്ഞു.

കുറച്ചധികം കാലമായി ഗൗരിക്ക് വധഭീഷണിയുള്ളതായി അറിയാം എന്ന് പറഞ്ഞ പ്രകാശ് രാജ്. പക്ഷെ ഇത്രയും വിദ്വേഷം വളരുന്നുണ്ട് എന്ന് ആരും വിശ്വസിച്ചിരുന്നില്ല എന്നും കൂട്ടിച്ചേര്‍ത്തു.

“ഞാന്‍ ഗൗരിയെ ഓര്‍ത്ത് അഭിമാനിക്കുന്നു. ലങ്കേഷിനെ പോലെ തന്നെ ഗൗരിയും ശരി എന്ന് അടിയുറച്ചു വിശ്വസിക്കുന്ന കാര്യങ്ങള്‍ക്കായി ഉറക്കെ തന്നെ വാദിച്ചു. “പല സുഹൃത്തുകളും ‘എന്തിനാണ് ഇത്രയ്ക് കരുത്തോടെ പ്രതികരിക്കുന്നത് ?’ എന്ന് അവരോട് ചോദിക്കുമായിരുന്നു. ‘ഈ കാലത്ത് നിശബ്ദതയാവുക എന്നത് ന്യായമല്ല’ എന്നായിരുന്നു അതിന് അവര്‍ നല്‍കിയിരുന്ന മറുപടി”. കൊലപ്പെടുത്തുന്നത്തിലൂടെ ആ ശബ്ദത്തെ ഇല്ലാതാക്കാന്‍ നോക്കിയവര്‍ക്ക് തെറ്റിയെന്നാണ് ഇന്നിവിടെ കാണുന്ന ഈ ആള്‍കൂട്ടം പറഞ്ഞു തരുന്നത്.” കോരിച്ചൊരിയുന്ന മഴയെ വകവെക്കാതെ ഗൗരിയെ അവസാനമായ് ഒരു നോക്ക് കാണാന്‍ എത്തിയ പ്രകാശ് രാജ് പറഞ്ഞു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ