ജയ്പൂർ: റേഷന്‍ വിഹിതം കൈപ്പറ്റുന്നവരുടെ വീടിന്‍റെ ചുവരില്‍ ‘ഞാന്‍ ദരിദ്രനാണ്’ എന്ന് എഴുതി രാജസ്ഥാന്‍ സര്‍ക്കാര്‍. സര്‍ക്കാര്‍ പദ്ധതി ദുരുപയോഗം ചെയ്യുന്നത് തടയാനാണ് ഇത്തരമൊരു ആശയമെന്നാണ് സര്‍ക്കാരിന്റെ വിചിത്രമായ ന്യായം. ‘ഞാന്‍ ദരിദ്രനാണ്’, ‘ഞാന്‍ പരമ ദരിദ്രനാണ്’ എന്നിങ്ങനെയാണ് സര്‍ക്കാര്‍ നിര്‍ദേശ പ്രകാരം വീടുകളുടെ ചുവരില്‍ എഴുതിവെച്ചിരിക്കുന്നത്. ഈ തീരുമാനം സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവരെ അപമാനിക്കുന്നതാണെന്ന പരാതി ഉയർന്നു കഴിഞ്ഞു.

ദൗസ ജില്ലയിലെ ഒന്നര ലക്ഷം വീടുകളുടെ ചുവരുകളില്‍ ഇതിനോടകം സര്‍ക്കാര്‍ തീരുമാനം നടപ്പാക്കിക്കഴിഞ്ഞു. വീട് ഉടമസ്ഥന്‍റെ പേരും ദേശീയ ഭക്ഷ്യ സുരക്ഷാ നിയമ പ്രകാരം കിട്ടുന്ന റേഷന്‍റെ വിഹിതവും അടക്കമാണ് വീടുകള്‍ക്ക് മുന്നില്‍ പ്രദര്‍ശിപ്പിച്ചിരിക്കുന്നത്. ഒരേ വീടിന് മുന്നില്‍ തന്നെ ഒന്നും രണ്ടും തവണ ഇത്തരത്തില്‍ എഴുതിവെച്ചിട്ടുണ്ട്.

’10 കി. ഗ്രാം ഗോതമ്പിന് വേണ്ടി തങ്ങൾ അപമാനിക്കപ്പെടുകയാണെന്നും തല ഉയര്‍ത്തിപ്പിടിക്കാന്‍ പറ്റാത്ത അവസ്ഥയാണെന്നും പ്രദേശവാസിയായ ഒരാള്‍ പറയുന്നു. സര്‍ക്കാരിന്റെ സൗജന്യം ലഭിച്ചില്ലെങ്കിലും ഇത്തരമൊരു അപമാനം തങ്ങള്‍ക്ക് താങ്ങാനാവുന്നതിലും അപ്പുറമാണെന്ന് വ്യക്തമാക്കിക്കൊണ്ട് പലരും സ്റ്റിക്കര്‍ എടുത്തുമാറ്റിക്കഴിഞ്ഞു.

സര്‍ക്കാരിന്‍റെ പരിഷ്കരണത്തിനെതിരെ പ്രതിപക്ഷ പാര്‍ട്ടികള്‍ പ്രതിഷേധവുമായി ഇതിനകം രംഗത്തെത്തിക്കഴിഞ്ഞു. ‘ഇതൊരു രോഗമാണെന്ന് തോന്നുന്നു. ഭക്ഷ്യസുരക്ഷാ നിയമപ്രകാരം സംസ്ഥാന ഗവണ്‍മെന്റ് അവര്‍ക്ക് റേഷന്‍ നല്‍കിയിട്ടുണ്ടെങ്കില്‍, അത് അവരുടെ നിയമാനുസൃതമായ അവകാശമാണ്, അല്ലാതെ ഗവണ്‍മെന്റില്‍ നിന്നുള്ള ഔദാര്യമല്ല.’ കോൺഗ്രസ് നേതാവ് മനീഷ് തിവാരി പറഞ്ഞു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook